മലയാളക്കരയില്‍ കുഞ്ചാക്കോ ബോബനും ശാലിനിയും ചേര്‍ന്നുണ്ടാക്കിയ ഓളം ഇന്നും സിനിമാപ്രേമികള്‍ക്ക് മറക്കാന്‍ സാധിക്കില്ല. അനിയത്തിപ്രാവും നിറവും തുടങ്ങി നിരവധി ഹിറ്റ് ചിത്രങ്ങളില്‍ അഭിനയിച്ച ഭാഗ്യ ജോഡിയായിരുന്നു ഇരുവരും. സിനിമയിലെ കെമിസ്ട്രി ജീവിതത്തിലും ഉണ്ടാവുമെന്ന് എല്ലാവരും കരുതിയെങ്കിലും ശാലിനി തമിഴ് നടന് അജിത്തുമായിട്ടാണ് പ്രണയത്തിലായത്.
അജിത്തുമായിട്ടുള്ള വിവാഹശേഷം കുടുംബിനിയായി കഴിയുകയായിരുന്നു ശാലിനി. എന്നാല്‍ മണിരത്നത്തിന്റെ ചിത്രത്തിലൂടെ നടി വീണ്ടും അഭിനയിക്കാന്‍ എത്തുന്നു എന്ന വാര്‍ത്ത ഈ ദിവസങ്ങളില്‍ വ്യാപകമായി പ്രചരിച്ചു. ഇത്രയും കാലം അഭിനയിക്കാതിരുന്നതിന്റെയും അജിത്തുമായിട്ടുള്ള ദാമ്പത്യം വിജയകരമായി പോവുന്നതിന്റെയും കാരണം തുറന്ന് പറയുകയാണ് ശാലിനിയിപ്പോള്‍ അജിത്തുമായിട്ടുള്ള വിവാഹം തീരുമാനിച്ചതോടെ സിനിമയെക്കാള്‍ കൂടുതല്‍ പരിഗണന ജീവിതത്തിന് നല്‍കണമെന്ന് ഞാന്‍ തീരുമാനിച്ചിരുന്നു. അതുകൊണ്ടാണ് അഭിനയം നിറുത്താമെന്ന് തീരുമാനിച്ചത്. സിനിമ ഉപേക്ഷിച്ചതില്‍ എനിക്ക് നഷ്ടബോധമില്ല. കാരണം ഉത്തരവാദിത്വബോധമുള്ള ഒരു ഭാര്യയായി, രണ്ട് കുഞ്ഞുങ്ങളുടെ അമ്മയായി, ഒരു കുടുംബിനിയായിട്ടുള്ള ജീവിതം എനിക്ക് സിനിമയില്‍ നിന്ന് കിട്ടിയതിനെക്കാള്‍ സന്തോഷവും സംതൃപ്തിയും നല്‍കിയിട്ടുണ്ട്.
വീണ്ടും സിനിമയില്‍ സജീവമാവാന്‍ താല്പര്യമുണ്ടോ എന്ന ചോദ്യം ഞങ്ങളുടെ വിവാഹശേഷം ഉയരുന്ന ചോദ്യങ്ങളില്‍ ഒന്നാണ്. എന്നാല്‍ അത് സാധ്യമാണെന്ന് എനിക്ക് തോന്നുന്നില്ല. കാരണം അത് വളരെ ബുദ്ധിമുട്ടുള്ള കാര്യമാണ്. സ്ഥിരമായ ഒരു സ്ഥലത്തല്ലാതെ പല സ്ഥലങ്ങളിലായി ജോലി ചെയ്യുന്ന ഭര്‍ത്താവ്, സ്കൂളില്‍ പോകുന്ന രണ്ട് കുട്ടികള്‍, ഇവരെയെല്ലാം ശ്രദ്ധിക്കുന്ന കാര്യത്തില്‍ നിന്ന് അകന്ന് നിന്ന് കൊണ്ട് ക്യാമറയ്ക്ക് മുന്പില് അഭിനയിക്കാന്‍ എനിക്ക് സാധിക്കുമെന്ന് തോന്നുന്നില്ല. പല നടിമാരും വിവാഹശേഷവും മക്കള്‍ ജനിച്ചതിന് ശേഷവും സിനിമയിലേക്ക് തിരിച്ച് വന്നിട്ടുണ്ട്. അതെല്ലാം വിജയകരമായിട്ടുമുണ്ട്. അവരോട് എനിക്ക് ബഹുമാനമാണ്. പക്ഷേ എന്നെ കൊണ്ട് അത് സാധ്യമാകുമെന്ന പ്രതീക്ഷയില്ല. വീണ്ടും സിനിമയിലേക്ക് വന്നാല്‍ അത് സന്തോഷകരമായിട്ടും സംതൃപ്തിയോടും പോകുന്ന കുടുംബജീവിതത്തെ ബാധിക്കാന്‍ ഇടയുണ്ട്. നിങ്ങളുടെ വിജയകരമായ ദാമ്പത്യജീവിതത്തിന്റെ രഹസ്യം എന്താണെന്ന് കുറേ പേര് എന്നോട് ചോദിക്കാറുണ്ട്. മിക്ക കുടുംബങ്ങളിലും നീ എന്റെ ഭാര്യയാണ്, അതിനാല്‍ ഞാന്‍ പറയുന്നതെന്തും നീ അനുസരിക്കണം എന്ന് പറയുന്ന ഭര്ത്താക്കന്മാരാണുള്ളത്. എന്നാല്‍ ഞങ്ങള്‍ അങ്ങനെയല്ല. എന്ത് കാര്യമുണ്ടായാലും പരസ്പരം തുറന്ന് സംസാരിക്കുന്നവരാണ്. ഞങ്ങള്‍ക്കിടയില്‍ രഹസ്യങ്ങളില്ല. ചെറുതോ വലുതോ എന്ത് പ്രശ്നമാണെങ്കിലും അത് പരസ്പരം തുറന്ന് പറയുന്നതിലൂടെ തീര്‍ക്കാന്‍ സാധിക്കും എന്നാണ് ഞങ്ങള്‍ വിശ്വസിക്കുന്നത്.
Content Highlight: The success of married life between Shalini and Ajith