ആമസോൺ പ്രൈമിലെ ഏറെ ശ്രദ്ധിക്കപ്പെട്ട വെബ് സീരീസായ ‘ദി ഫാമിലി മാൻ’ന് ശേഷം രാജും ഡികെയും ഒരുക്കുന്ന അടുത്ത വെബ് സീരീസ് വരുന്നു. ഇതുവരെ പേരിട്ടിട്ടില്ലാത്ത രസകരമായ ഡ്രാമ ത്രില്ലര്‍ സീരീസിൽ ഷാഹിദ് കപൂറാണ് പ്രധാന വേഷത്തിലെത്തുന്നത്. ഷാഹിദിന്റെ ഡിജിറ്റല്‍ അരങ്ങേറ്റം കൂടിയാണിത്.
രാജ് നിഡിമോരുവും കൃഷ്ണ ഡി കെ യും ഷാഹിദ് കപൂറിനെ നായകനാക്കി ഒരുക്കുന്ന ആമസോണ്‍ ഒറിജിനല്‍ സീരീസിന്റെ നിര്‍മ്മാണം ആരംഭിച്ചതായി ആമസോണ്‍ പ്രൈം വീഡിയോ അനൗൺസ് ചെയ്തിട്ടുമുണ്ട്. ഫാമിലിമാന്റെ മികച്ച വിജയത്തെ തുടര്‍ന്ന് ആമസോണ്‍ പ്രൈം വീഡിയോയുമായി വീണ്ടും ഇരുവരും ഒന്നിക്കുന്ന സീരീസാണിത്. സീത ആര് മേനോന്, സുമന് കുമാര്‍, ഹുസൈന് ദലാല്‍ എന്നിവര്‍ ചേര്‍ന്നാണ് സീരീസ് രചിച്ചിരിക്കുന്നത്.
ഷാഹിദ് കപൂര്‍ ഏറെ പ്രതിഭാധനനായ നടനാണെന്നും രാജ്, ഡികെ എന്നിവരുമായി വീണ്ടും സഹകരിക്കാനാകുന്നതിൽ ഏറെ സന്തുഷ്ടരാണെന്നും ആമസോണ്‍ പ്രൈം വീഡിയോ കണ്ടന്റ് ഡയറക്ടര്‍ ആന്‍ഡ് ഹെഡ് വിജയ് സുബ്രഹ്മണ്യം പറഞ്ഞു. കുറച്ചുകാലമായി രാജ്, ഡി.കെ എന്നിവരുമായി സഹകരിക്കാന്‍ താൻ ആഗ്രഹിക്കുന്നുവെന്ന് തന്റെ ഡിജിറ്റല്‍ അരങ്ങേറ്റത്തെക്കുറിച്ച് ഷാഹിദ് കപൂര്‍ പറഞ്ഞു.
ഞങ്ങളെത്തന്നെ വെല്ലുവിളിക്കുന്ന പ്രൊജക്ടുകളുടെ ഭാഗമാകുകയാണ് ഏറെ ഇഷ്ടമെന്ന് രാജും ഡി.കെയും പറഞ്ഞു. ഷാഹിദില്‍ ഞങ്ങള്‍ ഒരു മികച്ച താരത്തെ കണ്ടെത്തിയെന്നും ഈ സീരീസിനായുള്ള ഞങ്ങളുടെ ആദ്യ തിരഞ്ഞെടുപ്പായിരുന്നു അദ്ദേഹമെന്നും അവര്‍ പറഞ്ഞു. സീരീസില്‍ അവതരിപ്പിച്ച സര്‍പ്രൈസ് കാസ്റ്റിനെക്കുറിച്ചുള്ള മറ്റ് അറിയിപ്പുകള് ഉടൻ പുറത്തുവിടുമെന്നും അവർ സൂചിപ്പിച്ചിട്ടുണ്ട്.
Content Highlight: ‘Familyman’ director Raj, DK’s next web series