സൂഫിയും സുജാതയും റിലീസ് ചെയ്ത് അധികം വൈകാതെയാണ് ചിത്രത്തിന്റെ സംവിധായകൻ നരണിപ്പുഴ ഷാനവാസ് വിടപറയുന്നത്. ഇപ്പോൾ അദ്ദേഹത്തിന്റെ ആദ്യ തിരക്കഥ സിനിമയാക്കാൻ ഒരുങ്ങുകയാണ് നിർമാതാവ് വിജയ് ബാബു. ഷാനവാസിന്റെ അടുപ്പമുള്ളവർ ഒന്നിച്ച ഒരു പരിപാടിയിൽ വച്ച് അദ്ദേഹത്തിന്റെ ഭാര്യ അസു ഷാനവാസും മകനും ചേർന്നാണ് തിരക്കഥ വിജയ് ബാബുവിന് കൈമാറിയത്. ഫേയ്സ്ബുക്കിലൂടെ വിജയ് ബാബു തന്നെയാണ് വിവരം ആരാധകരെ അറിയിച്ചത്.
“ഷാനവാസുമായി അടുപ്പമുണ്ടായിരുന്ന ഞങ്ങൾ കുറിച്ചുപേർ ഞാനും അദ്ദേഹത്തിന്റെ സുഹൃത്തുക്കളും ചേർന്ന് സംഘടിപ്പിച്ച പരിപാടിക്കായി കൊച്ചിയിൽ ഒത്തുകൂടി. എന്റെ അഭ്യര്‍ഥന പ്രകാരം ഷാനവാസിന്റെ ആദ്യ തിരക്കഥ ‘സല്‍മ’ അദ്ദേഹത്തിന്റെ ഭാര്യ അസു ഷാനവാസ് എനിക്കു കൈമാറി. സല്‍മ സിനിമയാക്കാനുള്ള എല്ലാ ശ്രമങ്ങളും എന്റെ ഭാഗത്തുനിന്നുണ്ടാവും. ലാഭത്തിന്റെ ഒരു വിഹിതം ഷാനവാസിന്റെ കുടുംബത്തിനു നല്‍കും. അദ്ദേഹത്തിന്റെ ആത്മാവിന് ശാന്തി നേരുന്നു”, വിജയ് ബാബു കുറിച്ചു.
Content Highlight: Vijay Babu to make his deceased friend Shanavas’s first screenplay into a film