കുംഭ മാസ പൊരിവെയിലില്‍ പാലക്കാടിന് അഭ്രപാളി കാഴ്ചയുടെ കുളിരേകാന്‍ അന്താരാഷ്ട്ര ചലച്ചിത്ര മേളയെത്തി. സുവര്‍ണ ജൂബിലി ആഘോഷിക്കുന്ന ചലച്ചിത്ര മേളയുടെ അവസാന പതിപ്പിനാണ് പാലക്കാടന്‍ മണ്ണില്‍ ഇന്ന് തുടക്കമാകുന്നത്. ഒരുക്കങ്ങള്‍ എല്ലാം പൂര്‍ത്തിയായി. ഡെലിഗേറ്റ് പാസ് വിതരണം കഴിഞ്ഞ ദിവസം ആരംഭിച്ചിരുന്നു. ഫെബ്രുവരി അഞ്ചിനാണ് മേള സമാപിക്കുന്നത്.
കരിമ്പനയുടെയും നെല്ലറയുടെയും നാട്ടിലേക്ക് ആദ്യമായാണ് രാജ്യാന്തര ചലച്ചിത്ര മേള വിരുന്നെത്തുന്നത്. നഗരത്തിലെ 5 തിയേറ്ററുകളിലായി 80 സിനിമകള്‍ ആസ്വാദകരെ കാത്തിരിക്കുന്നുണ്ട്. ബോസ്നിയന്‍ ഹത്യയുടെ നേര്‍ക്കാഴ്ച പറയുന്ന ജാസ്മില സബാനിക് സംവിധാനം ചെയ്ത ക്വോ വാഡിസ് ഐഡ ആണ് ഉദ്ഘാടന ദിനത്തില്‍ ആദ്യം കാഴ്ചക്കെത്തുക. ഉദ്ഘാടന ചടങ്ങിന് ശേഷമാണ് പ്രിയ തിയേറ്ററില്‍ പ്രദര്‍ശനം. മത്സര വിഭാഗത്തില്‍ മാറ്റുരയ്ക്കുന്ന 14 ചിത്രങ്ങളില്‍ രണ്ട് മലയാള പ്രാതിനിധ്യമുണ്ട്. ലിജോ ജോസ് പെല്ലിശ്ശേരിയുടെ ചുരുളി തന്നെയാണ് ഏവരും കാത്തിരിക്കുന്ന ചിത്രം. കൊവിഡ് പ്രോട്ടോക്കോള്‍ പൂ!ര്‍ണമായി പാലിച്ച് 1500 ഡെലിഗേറ്റുകള്‍ക്കാവും പ്രവേശനം.
താരേക്കാടുളള എന്‍ ജി ഒ യൂണിയന് ഹാളില്‍ പ്രതിനിധികള്‍ക്കുളള കൊവിഡ് പരിശോധന നടത്തിയ ശേഷമായിരിക്കും തിയറ്ററിനകത്തേക്കുള്ള പ്രവേശനം. മാര്‍ച്ച് അഞ്ചിന് വൈകീട്ട് നടക്കുന്ന സമാപന ചടങ്ങില്‍ സുവര്‍ണ ചകോരം ഉള്‍പ്പെടെയുളള പുരസ്കാരങ്ങള്‍ വിതരണം ചെയ്യും. തെരഞ്ഞെടുപ്പ് വിജ്ഞാപനം വന്നതിനാല്‍ സിനിമാ മേഖലയില്‍ നിന്നുളളവരെ മാത്രം ഉള്‍ക്കൊളളിച്ചാവും സമാപന ചടങ്ങുകള്‍ നടത്തുക.
Content Highlight: The Palakkad edition of IFFK starts today