രണ്ടാം വരവിലും ദൃശ്യം വന്‍ വിജയമായി മാറിയിരിക്കുകയാണ്. സോഷ്യല്‍ മീഡിയയിലെങ്ങും ചിത്രത്തെ കുറിച്ചുള്ള ചര്‍ച്ചകളാണ്. പ്രശംസകള്‍ക്കൊപ്പം വിമര്‍ശനങ്ങളും സജീവമാണ്. ഇപ്പോഴിതാ ദൃശ്യം 2വിനെ കുറിച്ചുള്ള കുറിപ്പ് വൈറലായി മാറുകയാണ്. ദൃശ്യം വിലെ ചില പിഴവുകളെ കുറിച്ചാണ് സ്ക്രിപ്റ്റ് റൈറ്ററും അഭിഭാഷകന് കൂടി ആയ ദീപക് സനല്‍ തുറന്നെഴുതിയിരിക്കുന്നത്. ജീത്തു ജോസഫിന് എഴുതിയ തുറന്ന കത്താണ് കുറിപ്പ്. ചിത്രത്തിലെ നിയമപരമായ പിഴവുകളെ കുറിച്ചാണ് കുറിപ്പില്‍ പറയുന്നത്. കുറിപ്പ് വായിക്കാം.
“ബഹുമാനപ്പെട്ട ജിത്തുജോസഫ് സാറിന് അഭിഭാഷകന് കൂടിയായ ദീപക് ട്വിങ്കിള്‍ സനല്‍ എഴുതുന്ന തുറന്ന കത്ത് എന്നു പറഞ്ഞാണ് പോസ്റ്റ് ആരംഭിക്കുന്നത്. ”സാറ് സംവിധാനം ചെയ്ത ദൃശ്യം 1, ദൃശ്യം 2 എന്നീ രണ്ടു സിനിമകളും എനിക്ക് ഒരുപാട് ഇഷ്ടപ്പെടുകയും ആ ഇഷ്ടങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പല സന്ദര്‍ഭങ്ങളിലും ഞാന്‍ പ്രസിദ്ധപ്പെടുത്തുകയും ചെയ്തിട്ടുള്ളതാണ്.
എന്നാല്‍ ഞാന്‍ ഇപ്പോള്‍ ഒരു കത്ത് എഴുതാന്‍ കാരണം ദൃശ്യം 2 ഇറങ്ങിയതിനു ശേഷം അതിലെ ക്ലൈമാക്സ് ലെ കുറച്ചു തെറ്റുകള്‍ (പോലീസ് സ്റ്റേഷന്റെ ഉള്ളില്‍ കുഴിച്ചിട്ട വരുണിന്റെ അസ്ഥികൂടം പോലീസ് കണ്ടെടുത്ത് തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളേജ് ഫോറന്‍സിക് ലാബിലേക്ക് പോലീസ് കൊണ്ടുപോകുന്നത് ഒരു കാര്‍ഡ് ബോര്‍ഡ്
പെട്ടിക്കകത്ത് ആണെന്ന് തെറ്റ് )
പ്രേക്ഷകര്‍ ചൂണ്ടി കാണിച്ചപ്പോള്‍ താങ്കള്‍ നടത്തിയ പ്രസ്താവന സമൂഹത്തെ തെറ്റായ ദിശയിലേക്ക് കൊണ്ടുപോകുമെന്ന് ഉള്ളതുകൊണ്ടാണ് ഞാനീ കത്തെഴുതുന്നത‘.
താങ്കളത് കോട്ടയം മെഡിക്കല്‍ കോളേജില്‍ നേരിട്ട് അന്വേഷിച്ചത് ആണെന്നും മിക്കവാറും സീല്‍ വയ്ക്കാതെയാണ് പല കാര്യങ്ങളും ലാബിലേക്ക് കൊണ്ടുവരുന്നത് എന്നും അവിടെ സിസിടിവി ക്യാമറ ഇല്ല എന്നും മറ്റുമാണ് മറുപടി പറഞ്ഞത്. ക്രിമിനല്‍ നിയമത്തില്‍ വര്‍ഷങ്ങളായി പരിചയമുള്ള എനിക്ക് ഈ മറുപടി ഒട്ടും വി ശ്വാസയോഗ്യമായി തോന്നിയില്ല. കാരണം താഴെ പറയുന്നവയാണ്.
(1) കുറ്റവാളി എന്ന് സംശയിക്കുന്ന ഒരാള്‍ക്കെതിരെ ഉള്ള തെളിവുകള്‍ ലഭിക്കുമ്പോള്‍ അത് നേരെ ഫോറന്‍സിക് ലാബിലേക്ക് അല്ല കൊണ്ടുപോകുന്നത് മറിച്ച് പ്രസ്തുത പോലീസ് സ്റ്റേഷനില്‍ അധികാരപരിധിയിലുള്ള ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലേക്കും അവിടെ നിന്ന് ഉത്തരവ് വാങ്ങി അവിടുന്ന് കോടതിയുടെ ലെറ്റര്‍ ഹെഡ് ഉള്‍പ്പെടെ പ്ലാസ്റ്റിക് കവറിലാക്കി സീല്‍ വച്ചാണ് ഫോറന്‍സിക് ലാബിലേക്കോ ഡിഎന്‍എ ലാബിലേക്കോ കൊണ്ടുപോകുന്നത്
2 )താങ്കളുടെ സിനിമയിലെ മുരളി ഗോപി അവതരിപ്പിക്കുന്ന ഐപിഎസ് ഉദ്യോഗസ്ഥന് പലപ്പോഴും ‘സിസ്റ്റമാറ്റിക്ക് സപ്പോര്‍ട്ട്‘ കിട്ടുന്നില്ല എന്ന് പറയുന്നത് ഒരു വാദത്തിനായി ഉന്നയിച്ചാല്‍ പോലും ആറുവര്‍ഷമായി കേരള സമൂഹത്തിനു മുന്നില്‍ പോലീസിനെ വട്ടം ചുറ്റിച്ചു പോലിസുകാരെ അപഹാസ്യരാക്കിയ ജോര്‍ജുകുട്ടി എന്ന കൂറ്റാരോപിതന് എതിരായി ആകപ്പാടെ കിട്ടിയ അസ്ഥികൂടം എന്ന് തെളിവ് ഇത്രയും ലാഘവത്തോടെ പോലീസ് കൈകാര്യം ചെയ്യുമോ?
കോടതിയുടെ അനുമതിയില്ലാതെ ലാബിലേക്ക് അയച്ച ഫോറന്‍സിക് റിപ്പോര്‍ട്ടിനും
ഡിഎന്‍എ റിപ്പോര്‍ട്ടിനും എന്തെങ്കിലും എവിടെന്‍ഷറി വാല്യൂ ഉണ്ടോ?
പോലീസ് അധികൃതര്‍ തെളിവുകളില്‍ കൃത്രിമം കാണിക്കാതിരിക്കാന്‍ വേണ്ടിയിട്ടാണ് ഇത്തരത്തില്‍ നിയമങ്ങള്‍ അതായത് ക്രിമിനല്‍ നടപടി നിയമം, ക്രിമിനല്‍ റൂള്‍സ് ഓഫ് പ്രാക്ടീസ് എന്നീ നിയമങ്ങള്‍ ബ്രിട്ടീഷുകാരുടെ ഭരണ കാലഘട്ടം മുതല്ക്കേ എഴുതിവച്ചിരിക്കുന്നത്. ‘സിസ്റ്റമാറ്റിക് സപ്പോര്‍ട്ട് ‘കിട്ടിയില്ല എന്ന കഥാപാത്രത്തെ കൊണ്ട് എത്രത്തോളം പറഞ്ഞാലും കോടതി നടപടികളെ മാറ്റിനിര്‍ത്തിക്കൊണ്ട് പോലീസ് എന്തെങ്കിലും ചെയ്യാനാകുമോ?
സിനിമയില്‍ പല സന്ദര്‍ഭങ്ങളിലും ജോര്‍ജ് കുട്ടിക്ക് ഭാഗ്യം തുണച്ചതുകൊണ്ടാണ് തെളിവുകള്‍ കൃത്രിമമായി ഉണ്ടാക്കാന്‍ സാധിച്ചതെന്ന് താങ്കള്‍ സായികുമാര്‍ അവതരിപ്പിച്ച കഥാപാത്രത്തെ കൊണ്ട് പറയിപ്പിക്കുന്നു എന്നാല്‍ കോടതി നടപടികള്‍ ജോര്‍ജുകുട്ടിയുടെ ഭാഗ്യത്തിന് ഒപ്പം വളഞ്ഞു കൊടുക്കില്ല എന്ന് താങ്കളിലെ എഴുത്തുകാരന് മനസ്സിലാക്കണമായിരുന്നു?
അടുത്ത മറ്റൊരു പ്രധാന തെറ്റിലേക്ക് താങ്കളുടെ ശ്രദ്ധ ക്ഷണിക്കുന്നു. മുരളി ഗോപി അവതരിപ്പിക്കുന്ന ഐപിഎസ് കഥാപാത്രം ഇങ്ങനെ പറയുന്നു ‘രണ്ടുതവണ കോടതിയുടെ അനുവാദത്തോടുകൂടി അയാളെയും കുടുംബത്തെയും വിളിച്ചുവരുത്തി ചോദ്യം ചെയ്തു ഒന്നും കിട്ടിയില്ലെന്ന് മാത്രമല്ല ഇനിയൊരു സോളിഡ് എവിഡന്‍സ് ഇല്ലാതെ കോടതിയിലേക്ക് വരരുതെന്ന് കോടതി താക്കീതു നല്കി‘.
കാര്യങ്ങള്‍ ഇത്രയും ഗൗരവം ആണെന്നിരിക്കെ ജയില്‍ശിക്ഷ കഴിഞ്ഞ് വന്ന ഒരാള്‍ സംഭവ ദിവസം അതിരാവിലെ നാലുമണിക്ക് ജോര്‍ജുകുട്ടി പണിതീരാത്ത പോലീസ് സ്റ്റേഷനില്‍ നിന്നും കൈക്കോട്ടുമായി ഇറങ്ങി വരുന്നത് കണ്ടു എന്ന മൊഴിയുടെ അടിസ്ഥാനത്തിലും പോലീസ് സ്റ്റേഷനുള്ളിലെ ഭൂമി കുഴിച്ചപ്പോള്‍ ഒരു അസ്ഥികൂടം കണ്ടെത്തി എന്ന് പോലീസിന്റെ മൊഴിയുടെ അടിസ്ഥാനത്തിലും മാത്രം പല തവണ കബളിപ്പിക്കപ്പെട്ട പോലീസിന് ജോര്‍ജുകുട്ടിയെ ചോദ്യം ചെയ്യാന്‍ കോടതി അനുമതി നല്കി എന്നു പറയുന്നത് ഒരു വിധത്തിലും വിശ്വാസയോഗ്യമല്ല.
അത്തരത്തില്‍ ജോര്‍ജുകുട്ടിയെ ചോദ്യം ചോദ്യം ചെയ്യാനും അറസ്റ്റ് ചെയ്യാനും കോടതി അനുമതി നല്കണമെങ്കില് പോലീസ് സ്റ്റേഷനുള്ളിലെ ഭൂമിക്കടിയില്‍ നിന്നും കിട്ടിയ അസ്ഥികൂടം വരുണിന്റേതാണെന്നു ഡിഎന്‍എ റിപ്പോര്‍ട്ട് സ്ഥിരീകരിക്കണം. റിപ്പോര്‍ട്ട് വരുന്നത് പോലും വരുണ്‍ കൊലപാതക കേസിലെ കസ്റ്റഡി ആപ്ലിക്കേഷനില്‍ വാദം കേള്‍ക്കുമ്പോഴാണ്. ഇത്തരം കോടതിനടപടികളൊക്കെ അസ്വാഭാവികം ആണെന്ന് മാത്രമേ പറയുവാന്‍ സാധിക്കുകയുള്ളൂ.
സിനിമയുടെ സ്വാതന്ത്ര്യത്തെ ഉപയോഗിച്ച് അങ്ങനെ ഒരു രംഗം സംവിധായകന് എന്ന നിലയിലും തിരക്കഥാകൃത്തെന്ന നിലയിലും താങ്കള്‍ക്ക് തിരുകി കയറ്റണമെങ്കില്‍ പോലും മുരളി ഗോപി അവതരിപ്പിച്ച കഥാപാത്രം ‘സോളിഡ് എവിഡന്‍സ് ഇല്ലാതെ കോടതിയിലേക്ക് വരരുത് എന്ന് കോടതി താക്കീത് നല്കി ‘എന്നുള്ള ഡയലോഗ് ഒഴിവാക്കണമായിരുന്നു.
സിനിമയില്‍ മറ്റൊരു സന്ദര്‍ഭത്തില്‍ വരുണിന്റെ മൃതദേഹം കുഴിച്ചിട്ട സ്ഥലം പരിശോധിച്ചപ്പോള്‍ ‘ഫോറന്‍സിക് ലാബിലേക്ക് അയക്കുന്നതിന് വേണ്ടി തലമുടിയും മറ്റു ശരീര അവശിഷ്ടങ്ങളും ലഭിക്കുമോ എന്നറിയാന്‍ ആ ഭാഗം കുഴിച്ചു പരിശോധിച്ചു നോക്കിയെങ്കിലും ഒരു തുമ്പും കിട്ടിയില്ല‘ എന്ന പോലീസ് കഥാപാത്രം പറയുന്നുണ്ട്. കൂടാതെ ഒരു മണിക്കൂര്‍ കൊണ്ടാണ് മൃതദേഹം അവിടുന്ന് മാറ്റിയതെന്നും പോലീസ് കഥാപാത്രം പറയുന്നു അങ്ങനെ ഒരു തുമ്പും അവശേഷിപ്പിക്കാതെ ഒരു മണിക്കൂറുകൊണ്ട് മൃതദേഹം മാറ്റണമെങ്കില്‍ സൂപ്പര്‍മാനില്‍ മാന്‍ഡ്രേക്കിന് ജനിച്ച കുട്ടി ആയിരിക്കണം ജോര്‍ജ്ജുകുട്ടി.
സിനിമ അവസാനിക്കുമ്പോള്‍ മുരളി ഗോപിയുടെ ഐപിഎസ് കഥാപാത്രം പറയുന്ന ഒരു ഡയലോഗ് ഉണ്ട് ‘സത്യത്തില്‍ നമ്മള് അയാളെ അല്ല നിരീക്ഷിച്ചു കൊണ്ടിരുന്നത് അയാള്‍ നമ്മളെ ആണ് ‘.അത്രയ്ക്കും നിരീക്ഷണ പാടവവും ഉള്ള ജോര്‍ജുകുട്ടി തന്റെ വീടിന്റെ തൊട്ടടുത്തുള്ള സ്ഥലം വാങ്ങി വീട് വെച്ച് താമസിക്കുന്ന ഷാഡോ പോലീസുകാരനെയും പോലീസുകാരിയെയും നീരീക്ഷിച്ചില്ല എന്നു പറയുമ്പോള്‍ കഥാപാതത്തിന്റെ ബില്‍ഡ് അപ്പില്‍ ഒരു അപാകത തോന്നുന്നു.
ജോര്‍ജ് കുട്ടി യുടെ വീട്ടിലെ കാര്യങ്ങളും സംഭാഷണങ്ങളും ശ്രദ്ധിക്കുന്നതിനുവേണ്ടി മൂത്തമകളുടെ ബെഡ്റൂമിലും ജോര്‍ജ് കൂടിയുടെയും ഭാര്യയുടെയും ബെഡ്റൂമിലും ഡൈനിങ് ഹാളിലും ട്രാക്കിംഗ് സിസ്റ്റം പോലുള്ള മൈക്രോഫോണ്‍ ഘടിപ്പിച്ചിരിക്കുന്നത് നിരീക്ഷണ പാടവമുള്ള ജോര്‍ജ് കുട്ടി ശ്രദ്ധിച്ചില്ല എന്ന് പറയുന്നത് വിരോധഭാസമായി തോന്നി. മാത്രമല്ല വനിതാ പോലീസുകാരിയെ വീട്ടിലെത്തി ഇഷ്ടം പോലെ വിഹരിക്കാനും സ്വാതന്ത്ര്യം കൊടുക്കുന്നുണ്ട് വിശാല മനസുള്ള ജോര്‍ജ്ജുകുട്ടി.
സാധാരണ ഒരു തട്ടുപൊളിപ്പന്‍ സിനിമ ആയിരുന്നു ദൃശ്യം 2 എങ്കില്‍ ഇത്തരത്തില്‍ ഞാന്‍ ഒരു കത്തെഴുതി ഇല്ലായിരുന്നു. വരുണിന്റെ മൃതദേഹ അവശിഷ്ടങ്ങള്‍ പോലീസ് വണ്ടിയില്‍ കൊണ്ടുപോകുമ്പോള്‍ ഹെലികോപ്റ്ററിലൂടെ പറന്നുവന്ന് ജോര്‍ജ് കുട്ടി, പോലീസ് ജീപ്പില്‍ ചാടിക്കയറി പോലീസുകാരെ വെടിവെച്ചു കൊന്ന് അസ്ഥികൂടം മാറ്റുന്ന രീതിയിലാണ് ചിത്രീകരിച്ചിരുന്നതെങ്കില്‍ കേരളത്തിലെ ജനത ഒരിക്കലും ഈ കഥ അനുകരിക്കുകയോ അംഗീകരിക്കുകയോ ഇല്ലായിരുന്നു.
മറിച്ച് വളരെ സ്വാഭാവികമായി ജീവിതത്തിലും സമൂഹത്തിലും സംഭവിക്കാവുന്ന രീതിയില്‍ ചിത്രീകരിക്കുകയും കൂടാതെ ഞാനിതെല്ലാം അന്വേഷിച്ചു പഠിച്ചു ചെയ്തതാണെന്നും പോലീസിന്റെ തെളിവുകളില്‍ നമുക്ക് നിഷ്പ്രയാസം കൃത്രിമത്വം കാണിക്കാം എന്നുമുള്ള പരസ്യമായ താങ്കളുടെ പ്രസ്താവനയും കണക്കിലെടുക്കുമ്പോള്‍ കേരളത്തില്‍ ഒരു ചെറിയ വിഭാഗമെങ്കിലും കുറ്റം ചെയ്യുകയും തെളിവുകള്‍ നശിപ്പിക്കാന്‍ ശ്രമിക്കുകയും കൃത്രിമമായി തെളിവുകള്‍ ഉണ്ടാക്കാന്‍ ഉള്ള സാധ്യത വളരെയേറെ ആയത് കൊണ്ടും അത് ഇപ്പോഴുള്ള പോലീസ് സിസ്റ്റത്തിലും ജുഡീഷ്യല്‍ സിസ്റ്റത്തിലും ഉള്ള വെല്ലുവിളിയായി മാറാന്‍ സാധ്യത ഉള്ളത് കൊണ്ടും മാത്രമാണ് ഇത്രയും തുറന്നു എഴുതേണ്ടി വന്നത്.
ദൃശ്യം1ല്‍ സംഭവിച്ച തെറ്റുകള്‍ പ്രേക്ഷകര്‍ ചൂണ്ടിക്കാണിച്ചപ്പോള്‍ താങ്കള്‍ അതിന്റെ തുടര്‍ന്നുവന്ന റീമേക്കുകളില്‍ അത്തരം തെറ്റുകള്‍ ഒഴിവാക്കിയത് പോലെ ഇത്തരം തെറ്റുകള്‍ ചൂണ്ടിക്കാണിക്കുന്നത് നല്ല അര്‍ത്ഥത്തില്‍ എടുത്ത് തുടര്‍ന്നുള്ള റീമേക്കിലും മൂന്നാം ഭാഗത്തിലും തെറ്റുകള്‍ ഒഴിവാക്കി മികച്ച സിനിമകള്‍ക്ക് തിരക്കഥ എഴുതുവാനും സംവിധാനം ചെയ്യുവാനും താങ്കള്‍ക്ക് കഴിയട്ടെ എന്ന് ആത്മാര്‍ത്ഥമായി
ആശംസിക്കുന്നു. പ്രാര്‍ത്ഥിക്കുന്നു.
ഇപ്പഴും എന്റെ പ്രിയപ്പെട്ട സിനിമ താങ്കളുടെ ദൃശ്യം 1 തന്നെയാണ്. എന്നു പറഞ്ഞാണ് അദ്ദേഹം കുറിപ്പ് അവസാനിപ്പിക്കുന്നത്.
Content Highlight: Kerala Court Lawyer to Jeethu Joseph about the unnatural Court proceedings in the malayalam movie drishyam 2