ആകാശ നിരീക്ഷണം ശക്തമാക്കാൻ യുഎസിൽ നിന്നും ഡ്രോണുകൾ വാങ്ങാനൊരുങ്ങി ഇന്ത്യ. പാകിസ്താനുമായും ചൈനയുമായും സംഘർഷങ്ങൾ നിലനിൽക്കുന്ന സാഹചര്യത്തിലാണ് അമേരിക്കയിൽ നിന്നും ഡ്രോണുകൾ വാങ്ങാൻ ഇന്ത്യ തീരുമാനിച്ചത്.
30 സായുധ എം ക്യു – 9 ബി സ്കൈ ഗാർഡിയൻ ഡ്രോണുകളാണ് യുഎസിൽ നിന്നും ഇന്ത്യ വാങ്ങാനൊരുങ്ങുന്നത്. സാൻഡീഗോ ആസ്ഥാനമായ ജനറൽ അറ്റോമിക്സാണ് ഡ്രോണുകൾ നിർമ്മിക്കുന്നത്. വ്യോമ നിരീക്ഷണം നടത്താനും രഹസ്യാന്വേഷണത്തിനും മാത്രമായിരിക്കും ഡ്രോണുകൾ ഉപയോഗിക്കുക. ഡ്രോണുകൾ വാങ്ങുന്നതിനായി 3 ബില്യൺ ഡോളറിന്റെ കരാറിൽ ഇന്ത്യ അടുത്ത മാസം ഒപ്പുവെയ്ക്കുമെന്നാണ് വിവരം.
40 മണിക്കൂർ നേരെ 40000 അടി ഉയരത്തിൽ പറക്കാൻ ശേഷിയുള്ള ഡ്രോണുകളാണ് ഇന്ത്യ വാങ്ങുന്നത്. എയർ-ടു-സർഫസ് മിസൈലുകളും ലേസർ-ഗൈഡഡ് ബോംബുകളും ഉൾപ്പെടെ 2.5 ടണ്ണിലധികം ആയുധങ്ങൾ വഹിക്കാനുള്ള ശേഷി ഈ ഡ്രോണിനുണ്ട്. ഇന്ത്യയുടെ സൈനിക ശക്തിയ്ക്ക് ഡ്രോണുകൾ ഇരട്ടി കരുത്ത് പകരുമെന്നാണ് പ്രതിരോധ വൃത്തങ്ങളുടെ വിലയിരുത്തൽ.
Content Highlight: India bought armored drones from US to strengthen aerial surveillance