ക്യാമ്പ് നൗവിലെ സ്വന്തം മൈതാനത്ത് വീണ്ടും ജയമില്ലാതെ ബാഴ്സലോണ. ലാ ലിഗയില്‍ കാഡിസാണ് ബാഴ്സയെ അവരുടെ മൈതാനത്ത് സമനിലയില്‍ തളച്ചത്. ഇരു ടീമുകളും ഓരോ ഗോള്‍ വീതം നേടി. പെനാല്‍റ്റിയില്‍ നിന്നായിരുന്നു രണ്ടു ഗോളുകളും.
ബാഴ്സയ്ക്കായി ഏറ്റവും കൂടുതല്‍ മത്സരങ്ങള്‍ കളിച്ച താരമെന്ന നേട്ടം സ്വന്തമാക്കിയ മത്സരത്തില്‍ 32-ാം മിനിറ്റില്‍ പെനാല്‍റ്റിയിലൂടെ ലയണല്‍ മെസ്സിയാണ് ലീഡ് നല്‍കിയത്. ബാഴ്സ താരം പെഡ്രിയെ കാഡിസ് ഡിഫന്‍ഡര്‍മാര്‍ ബോക്സില്‍ വീഴ്ത്തിയതിനായിരുന്നു പെനാല്‍റ്റി.
ബാഴ്സ ഒരു ഗോളിന്റെ ജയമുറപ്പിച്ച് നില്‍ക്കെ 89-ാം മിനിറ്റില്‍ കാഡിസിന് അനുകൂലമായ പെനാല്‍റ്റി തീരുമാനം വന്നു. കിക്ക് വലയിലെത്തിച്ച അലക്സ് ഫെര്‍ണാണ്ടസ് കാഡിസിന് സമനില സമ്മാനിച്ചു.
കഴിഞ്ഞയാഴ്ച ചാമ്പ്യന്‍സ് ലീഗ് മത്സരത്തില്‍ സ്വന്തം മൈതാനത്ത് ഫ്രഞ്ച് ക്ലബ്ബ് പി.എസ്.ജിയോട് തോറ്റതിനു പിന്നാലെ ബാഴ്സയ്ക്ക് മറ്റൊരു തിരിച്ചടി കൂടിയായി ഈ സമനില.
ഇതോടെ 23 മത്സരങ്ങളില്‍ നിന്ന് 47 പോയന്റുമായി മൂന്നാം സ്ഥാനത്താണ് ബാഴ്സ.
Content Highlight: Football La Liga Late Penalty As Cadiz hit Barcelona Draw At Camp Nou