കേരളത്തിലെ ഏറ്റവും വലിയ പിടികിട്ടാപ്പുള്ളിയായ സുകുമാരക്കുറുപ്പിന്റെ ജീവിതം പറയുന്ന ‘കുറുപ്പ്‘ എന്ന സിനിമയാണ് ദുൽഖറിന്റേതായി ഉടൻ പുറത്തിറങ്ങാനിരിക്കുന്നത്. ഇപ്പോഴിതാ അതിനുശേഷം മലയാളത്തിൽ ദുൽഖര്‍ സൽമാൻ അഭിനയിക്കുന്ന പുതിയ ചിത്രത്തിന്റെ ലുക്ക് പുറത്തുവന്നിരിക്കുകയാണ്. മീശ നീട്ടിവെച്ച് വേറിട്ട ലുക്കിലാണ് താരം.
ബോബി സഞ്ജയ് ടീം തിരക്കഥ ഒരുക്കുന്ന സിനിമ ത്രില്ലര്‍ ജോണറിലാണെന്നാണ് സൂചന. ഡിക്യു ആദ്യമായി മുഴുനീള പോലീസ് വേഷത്തിലെത്തുന്ന സിനിമ കൂടിയാകും ഇത്. മുൻപ് പട്ടാളവേഷത്തിലും നേവി ഓഫീസറായും താരം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. സോളോ, മണിയറയിലെ അശോകൻ സിനിമകളിലായിരുന്നു അത്.
മനോജ് കെ. ജയൻ ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രമായി എത്തുന്നുമുണ്ട്. ബോളിവുഡ് നടി ഡയാന പെന്റി നായികയാകുന്ന ചിത്രത്തിൽ സാനിയ ഇയ്യപ്പൻ, അലൻസിയർ, ബിനു പപ്പു, വിജയകുമാർ, ലക്ഷ്മി ഗോപാല സ്വാമി തുടങ്ങിയ താരങ്ങളും അഭിനയിക്കുന്നുണ്ട്. തിരുവനന്തപുരം, കൊല്ലം, കാസർഗോഡ് എന്നിവിടങ്ങളാണ് സിനിമയുടെ പ്രധാന ലൊക്കേഷനുകൾ. വേഫെയര്‍ ഫിലിംസിന്റെ ബാനറില്‍ ദുല്‍ഖര്‍ സൽമാൻ തന്നെയാണ് സിനിമയുടെ നിര്‍മ്മാണം.
Content Highlight: Dulquer in a new getup for the Roshan Andrews movie