ടീം ബസില്‍ ഹോട്ടലിലേക്ക് മടങ്ങുമ്പോഴുള്ളൊരു നിമിഷത്തിന്റെ വീഡിയോ പങ്കുവെച്ചായിരുന്നു തമിഴ്നാട് ക്യാപ്റ്റന്‍ ദിനേശ് കാര്‍ത്തിക് സമൂഹമാധ്യമങ്ങളിലെത്തിയത്. ഷാറൂഖ് ഖാനെ പഞ്ചാബ് കിങ്സ് സ്വന്തമാക്കിയ നിമിഷം നിര്‍ത്താതെ ആരവം വിളിച്ചായിരുന്നു ടീം ബസിനുള്ളിലെ തമിഴ്നാട് താരങ്ങളുടെ ആഘോഷം…
ഷാറൂഖിന്റെ ഐപിഎല്‍ പ്രവേശനത്തില്‍ എത്രമാത്രം തമിഴ്നാട് ടീം സന്തോഷിക്കുന്നു എന്ന് ഇതില്‍ കാണാമെന്നാണ് ദിനേശ് കാര്‍ത്തിക് വീഡിയോയ്ക്കൊപ്പം കുറിച്ചത്. ആ നിമിഷത്തെ കുറിച്ച് പറയുകയാണ് സയിദ് മുഷ്താഖ് അലി ട്രോഫിയില്‍ തമിഴ്നാടിനെ വിജയത്തിലേക്ക് എത്തിച്ച അവരുടെ സൂപ്പര്‍ താരം.
5.25 കോടിക്കാണ് ഷാറൂഖ് പഞ്ചാബിലെത്തിയത്. പരിശീലനത്തിന് ശേഷം ഹോട്ടലിലേക്ക് മടങ്ങുമ്പോഴാണ് ആ ഞെട്ടിക്കുന്ന വാര്‍ത്ത എത്തിയത്. ചെന്നൈയില്‍ തുകല്‍ വ്യാപാരിയായ മസൂദിന്റേയും ലുബ്നയുടേയും മകനായ ഷാറൂഖിന് രണ്ട് ഇഷ്ടങ്ങളാണ് ജീവതത്തിലുള്ളത്. ഒന്ന് ക്രിക്കറ്റും, രണ്ടാമത്തേത് രജനികാന്തും.
ടെന്നീസ് ബോള്‍ ക്രിക്കറ്റിലൂടെയാണ് ഷാറൂഖിന്റെ വരവ്. കെ ശ്രീകാന്ത്, അശ്വിന്, ദിനേശ് കാര്‍ത്തിക് എന്നിവര്‍ കളിച്ച് പഠിച്ച് വന്ന ഡോണ്‍ ബോസ്കോ, സെന്റ് ബീഡ് എന്നീ സ്കൂളുകളിലൂടെയാണ് ഷാറൂഖും വളര്‍ന്നത്.
പിന്നാലെ ലീഗ് ക്രിക്കറ്റിലൂടെ ടി20യില്‍ കരുത്ത് കാണിച്ചു. ഐപിഎല്ലിലേക്ക് വാതില്‍ തുറന്നെങ്കിലും ഇപ്പോള്‍ അതിനെ കുറിച്ച് ചിന്തിക്കുന്നില്ലെന്നാണ് ഷാറൂഖ് പറയുന്നത്. വിജയ് ഹസാരെയില്‍ തമിഴ്നാടിന് വേണ്ടി മികവ് കാണിക്കുകയാണ് ഇപ്പോള്‍ താരത്തിന് മുന്‍പിലുള്ള ലക്ഷ്യം
Content Highlight: Dinesh Karthik says in the video that the Tamil Nadu team is happy with Shah Rukh’s entry into the IPL.