പ്രമുഖ ഓണ്‍ലൈന്‍ ടിക്കറ്റ് ബുക്കിംഗ് സേവനദാതാക്കളായ ബുക്ക് മൈ ഷോ സ്ട്രീമിങ്ങ് സേവനം ആരംഭിച്ചു. ബുക്ക് മൈ ഷോ സ്ട്രീം എന്ന പേരിലാണ് സംവിധാനം ഒരുക്കിയത്. കാണുന്ന വീഡിയോയ്ക്ക് മാത്രം പണം ഈടാക്കുന്ന വേറിട്ട സേവനവും കമ്പനി അവതരിപ്പിച്ചു. ഉപയോഗിക്കുന്ന ഉള്ളടക്കത്തിന് അനുസരിച്ച് പണം ഈടാക്കുന്ന സംവിധാനമാണ് കമ്പനി ഒരുക്കിയത്.
നിലവില്‍ പല വീഡിയോ സ്ട്രീമുകളും മാസംതോറും അല്ലെങ്കില്‍ വാര്‍ഷിക വരിസംഖ്യയായാണ് ഉപയോക്താക്കളില്‍ നിന്നും പണം ഈടാക്കുന്നത്. കാണുന്ന വീഡിയോയ്ക്ക് മാത്രം പണം ഈടാക്കുന്ന സംവിധാനത്തെ കുറിച്ച് ചിന്തിക്കാത്തവര്‍ ചുരുക്കമാണ്. ഇതാണ് ബുക്ക് മൈ ഷോ യാഥാര്‍ത്ഥ്യമാക്കിയത്. ബുക്ക് മൈ ഷോ ആപ്പ്, ആപ്പിള്‍ ടിവി, ആന്‍ഡ്രോയിഡ് ടിവി തുടങ്ങി വിവിധ പ്ലാറ്റ്ഫോമുകളില്‍ ബുക്ക് മൈ ഷോ സ്ട്രീമിങ്ങ് ലഭ്യമാണെന്ന് കമ്പനി അറിയിച്ചു.
ഇന്ത്യയില്‍ ഈ നൂതന സേവനം കാര്യമായി പ്രയോജനപ്പെടുത്തിയിട്ടില്ല. ഇതിന്റെ സാധ്യത കണക്കിലെടുത്താണ് പുതിയ സംവിധാനവുമായി രംഗത്തുവന്നതെന്ന് സിഒഒ ആശിഷ് സക്സേന അറിയിച്ചു.
വാടകയ്ക്ക് സിഡി എടുത്ത് കാണുന്നത് പോലെ സിനിമ കാണാനുള്ള സൗകര്യമാണ് ഒരുക്കിയത്. പരിധികളില്ലാത്ത ഉള്ളടക്കം ആസ്വദിക്കാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. എല്ലാ വെള്ളിയാഴ്ചയുമാണ് ഈ സേവനം ലഭിക്കുക. 600 ചിത്രങ്ങളുമായാണ് ബുക്ക് മൈ ഷോ സ്്ട്രീമിങ്ങ് ആരംഭിച്ചത്.
Content Highlight: Book My Show will now feature movies and streaming service; Only to pay Money for the movie you watch