മൂന്നാർ പട്ടണത്തിൽ കഴിഞ്ഞ രാത്രി നടന്ന മോഷണമാണ് വാർത്തകളിൽ നിറയുന്നത്. ഒരു പഴക്കട അപ്പാടെയാണ് ഒറ്റയടിക്ക് കാലിയായത്. ആള് ആരെന്ന് അറിഞ്ഞിട്ടും മോഷണ മുതൽ തിരിച്ചെടുക്കാൻ പറ്റാത്ത അവസ്ഥയാണ്. പടയപ്പ എന്ന കാട്ടാനയാണ് പട്ടണത്തിലിറങ്ങിയത്.
ഇന്നലെ പുലർച്ചെ ഒരു മണിക്കാണ് മൂന്നാർ ടൗണിൽ പോസ്റ്റ് ഓഫിസ് കവലയിൽ പടയപ്പ എത്തിയത്. ഇവിടെ ഗ്രഹാംസ്ലാൻഡ് സ്വദേശി പാൽരാജിന്റെ പഴക്കടയുടെ പടുത വലിച്ച് നീക്കി അകത്ത് നിന്ന് 2 ഏത്തക്കുലകൾ ഉൾപ്പെടെ 180 കിലോയോളം പഴങ്ങളാണ് അകത്താക്കിയത്.
പാൽരാജ് ചൊവ്വാഴ്ചയാണ് വിൽപനയ്ക്കായി പുതിയ സ്റ്റോക്ക് എടുത്തു വച്ചത്. 90 കിലോ ഓറഞ്ച്, 40 കിലോ ആപ്പിൾ, 30 കിലോ മാമ്പഴം, 20 കിലോ മാതളം എന്നിവയാണ് ആന തിന്നു തീർത്തത്. ടൗണിൽ ഉണ്ടായിരുന്ന ഗൈഡുമാരും പച്ചക്കറി ചന്തയിലെ ചുമട്ടുകാരും എത്തി പടക്കം പൊട്ടിച്ചും ഒച്ചയുണ്ടാക്കിയുമാണ് പടയപ്പയെ പിന്തിരിപ്പിച്ചത്. 30,000 രൂപയുടെ നഷ്ടം ഉണ്ടായതായി പാൽരാജ് പറയുന്നു.
Content Highlight: Wild Elephant ate about 180 kg of fruits from a Munnar retail fruit shop