നവാഗതനായ ഡോ. പ്രഗഭൽ സംവിധാനം ചെയ്യുന്ന മഡ്ഡി സിനിമയുടെ ടീസർ റിലീസ് ചെയ്തു. ഇന്ത്യയിലെ ആദ്യത്തെ 4X4 മഡ് റേസ് സിനിമയായ മഡ്ഡി, നിർമാണത്തിന്റെ അവസാന ഘട്ടത്തിലാണ്. ഓഫ് റോഡ് മോട്ടോർ സ്പോർട്ടിന്റെ ഒരു രൂപമാണ് മഡ്റേസിങ്ങ്. മഡ്റേസിങ്ങ് വിഷയമാക്കിയുളള സിനിമകൾ അപൂർവമാണ്. മഡ് റേസിങ് വിഭാഗത്തിലെ സമഗ്രമായ ആക്ഷൻ ത്രില്ലറായാണ് ചിത്രം വിഭാവനം ചെയ്തിരിക്കുന്നത്. പി.കെ. സെവൻ ക്രിയേഷൻസിന്റെ ബാനറിൽ പ്രേമ കൃഷ്ണദാസാണ് സിനിമ നിർമിക്കുന്നത്. പുതുമുഖങ്ങളായ യുവാൻ, റിദ്ദാൻ കൃഷ്ണ, അനുഷ സുരേഷ്, അമിത് ശിവദാസ് നായർ എന്നിവരാണ് പ്രധാന വേഷങ്ങളിൽ അണിനിരക്കുന്നത്. ഹരീഷ് പേരഡി,ഐ.എം.വിജയൻ, രൺജി പണിക്കർ, സുനിൽസുഗത, ശോഭ മോഹൻ, ഗിന്നസ് മനോജ് എന്നിവരാണ് മറ്റ് താരങ്ങൾ.
സാഹസികതയോടും, ഓഫ് റോഡ് റേസിങ്ങിനോടുമുളള സ്നേഹത്തിൽ നിന്നാണ് മഡ്ഡിയുടെ പിറവിയെന്ന് സംവിധായകൻ പ്രഗഭൽ പറയുന്നു. കായികരംഗവുമായി വളരെക്കാലമായി അടുത്ത ബന്ധം പുലർത്തുന്ന വ്യക്തിയാണ് പ്രഗഭൽ. അദ്ദേഹത്തിന്റെ അഞ്ച് വർഷത്തെ ഗവേഷണത്തിന്റെ ഫലംകൂടിയാണ് ഈ സിനിമ.
പ്രധാനമായും വ്യത്യസ്തടീമുകൾ തമ്മിലുളള വൈരാഗ്യത്തെ കുറിച്ച് പറയുന്ന ചിത്രത്തിൽ പ്രതികാരം, കുടുംബം, നർമ്മം, സാഹസികത എന്നിവയെല്ലാം ഉൾപ്പെടുത്തിയിട്ടുണ്ടെന്ന് പ്രഗഭൽ പറയുന്നു. ഓഫ് റോഡ് റേസിംഗിൽ പ്രധാന അഭിനേതാക്കളെ രണ്ട് വർഷത്തോളം പരിശീലിപ്പിച്ചുവെന്ന് സംവിധായകൻ കൂട്ടിച്ചേർത്തു. സിനിമയിൽ ഡ്യൂപ്പുകളെ ഉപയോഗിച്ചിട്ടില്ല.
മഡ് റേസിങ്ങ് പോലുളള കായിക വിനോദം ആവേശം നഷ്ടപ്പെടുത്താതെ കാഴ്ചക്കാർക്ക് പരിചയപ്പെടുത്തുക എന്നതായിരുന്നു സംവിധായകന്റെ മുമ്പിലുളള ഏറ്റവും വലിയ വെല്ലുവുളി. ഒരു വർഷത്തോളം സമയമെടുത്താണ് സിനിമയുടെ ലോക്കേഷനുകൾ കണ്ടെത്തിയത്.അതുകൊണ്ട് തന്നെ ഒരു സിനിമയിലും കാണാത്ത അപകടകരവും മനോഹരവുമായ നിരവധി സ്ഥലങ്ങൾ സിനിമയിൽ കാണാം. കെ.ജി.എഫിലൂടെ ശ്രദ്ധേയനായ രവി ബസ്റൂർസംഗീതവും, രാക്ഷസൻ സിനിമിലൂടെ ശ്രദ്ധേയനായ സാൻ ലേകേഷ്എഡിറ്റിങ്ങും, ഹോളിവുഡിൽ പ്രശസ്തനായ കെ.ജി .രതീഷ്ഛായാഗ്രഹണവും നിർവഹിച്ചിരിക്കുന്നു.
Content Highlight: The teaser of the movie Maddy directed by Dr. Pragabhal has been released. Maddy, India’s first 4X4 mud race film.