അനുചിതമായ വസ്ത്രം ധരിച്ചെന്ന് ചൂണ്ടിക്കാട്ടി സ്കൂളിലെത്തിയ 17കാരിയെ വീട്ടിലേക്ക് തിരിച്ചയച്ച് അധികൃതർ. കുട്ടിയുടെ വസ്ത്രം അടിവസ്ത്രത്തെ ഓർമ്മപ്പെടുത്തുന്നുവെന്ന് പറഞ്ഞാണ് മകളെ അധ്യാപിക തിരിച്ചയച്ചതെന്ന് കുട്ടിയുടെ അച്ഛൻ ആരോപിച്ചു. കാനഡയിലെ നോർകാം സീനിയർ സെക്കൻഡറി സ്കൂളിലാണ് സംഭവമുണ്ടായത്.
കാൽമട്ടുവരെ നീളമുള്ള ഉടുപ്പും ജംപറും ധരിച്ചാണ് കുട്ടി സ്കൂളിലെത്തിയത്. എന്നാൽ കുട്ടിയുടെ വേഷം ആൺകുട്ടികളിൽ അസ്വസ്ഥതയുണ്ടാക്കുമെന്നാണ് ടീച്ചർ പ്രതികരിച്ചത്. കുട്ടിയെ ക്ലാസിൽ നിന്ന് പുറത്തിറക്കി പ്രധാന അധ്യാപികയുടെ അടുത്തെത്തിക്കുകയായിരുന്നു ടീച്ചർ. പ്രധാന അധ്യാപികയും കുട്ടിയുടെ വേഷത്തിൽ അപാകതയുണ്ടെന്ന് നിലപാടെടുത്തു. പഠനത്തിൽ നിന്ന് ശ്രദ്ധതിരിക്കുന്ന തരത്തിലുള്ള വേഷങ്ങൾ ധരിക്കുന്നതിൽ നിന്ന് സ്കൂളിലെ ഡ്രസ് കോഡ് അനുവദിക്കില്ലെന്ന് അവർ പ്രതികരിച്ചു.
സുഹൃത്തിനോടുണ്ടായ സമീപനത്തിൽ പ്രതിഷേധിച്ച് ചില സുഹൃത്തുക്കൾ ക്ലാസുകൾ ബഹിഷ്കരിച്ചു. സ്കൂൾ നടപടിയോട് ശക്തമായി പ്രതിഷേധിച്ച പെൺകുട്ടിയുടെ പിതാവ് ക്രിസ്റ്റഫർ വിൽസൺ പരാതി നൽകാനായി സ്കൂളിൽ എത്തി. ഈ സമയം കുട്ടിയെ വീട്ടിൽ പറഞ്ഞയച്ച ടീച്ചർ യഥാസ്ഥിതിക ചിന്താഗതിക്കാരി ആണെന്നായിരുന്നു പ്രധാന അധ്യാപിക പറഞ്ഞത്. ക്രിസ്റ്റഫർ തന്നെയാണ് സംഭവം സോഷ്യൽ മീഡിയ വഴി പുറത്തുവിട്ടതും. ഇത്തരം സംഭവങ്ങൾ ഇനിയുണ്ടാകരുതെന്നും 2021ലാണ് ഇത് സംഭവിക്കുന്നതെന്നോർത്ത് താൻ ദുഃഖിതനാണെന്നും ക്രിസ്റ്റഫർ കുറിച്ചു.
Content Highlight: The teacher sent the 17-year-old back home for wearing inappropriate cloths