പാലക്കാടു നിന്നുള്ള തമിഴ് കുടുംബത്തിലെ അംഗമായി മുംബൈയിൽ ജനിച്ചു വളർന്ന ഗായകൻ ശങ്കർ മഹാദേവന് ഇന്ന് പിറന്നാൾ. മലയാളം, തമിഴ്, ഹിന്ദി, തെലുങ്ക്, കന്നഡ തുടങ്ങിയ ഭാഷകളിലായി 7000ത്തിൽ പരം ഗാനങ്ങൾ ശങ്കർ മഹാദേവൻ പാടിയിട്ടുണ്ട്. സിനിമ കൂടാതെ ആൽബം, സീരിയൽ, ഭക്തി ഗാനങ്ങൾ, ക്ലാസിക്കൽ സംഗീതം എന്നിവയിലും ശങ്കർ മഹാദേവന്റെ ഗാനങ്ങൾ അനവധി.
അങ്ങകലെ: സത്യം ശിവം സുന്ദരം
2000 ത്തിൽ കുഞ്ചാക്കോ ബോബൻ നായകനായി പുറത്തിറങ്ങിയ സിനിമയാണ് സത്യം ശിവം സുന്ദരം. സംഗീതത്തിന് ഒട്ടേറെ പ്രാധാന്യം നൽകി അവതരിപ്പിച്ച ചിത്രം എന്ന പ്രത്യേകതയുമുണ്ട്. ഈ ചിത്രത്തിൽ വളരെയധികം ശ്രദ്ധിക്കപ്പെട്ട അങ്ങകലെ… എന്ന് തുടങ്ങുന്ന ഗാനം ആലപിച്ചത് ശങ്കർ മഹാദേവനാണ്. കൈതപ്രം ദാമോദരൻ നമ്പൂതിരിയുടെ വരികൾക്ക് ഈണമിട്ടത് വിദ്യ സാഗർ. ലക്ഷ്മികാന്ത്-പ്യാരേലാൽ എന്നിവരുടെ ‘സത്യം ശിവം സുന്ദരം’ എന്ന് തുടങ്ങുന്ന ഗാനവും ഈ സിനിമയുടെ ഭാഗമായിരുന്നു. റാഫി മെക്കാർട്ടിൻ സംവിധാനം ചെയ്ത ചിത്രമാണിത്.
ചിങ്ങമാസം വന്ന് ചേർന്നാൽ: മീശ മാധവൻ
ഈ ഗാനം കൊണ്ട് ശങ്കർ മഹാദേവനെക്കാൾ ഹിറ്റ് ആയത് റിമി ടോമി എന്ന് വേണം പറയാൻ. റിമി എന്ന പിന്നണിഗായികയെ മലയാള സിനിമ അറിഞ്ഞത് ഈ ഒരൊറ്റ ഗാനം കൊണ്ടാണ്. ശങ്കർ മഹാദേവന്റെ പവർ പാക്ക് ശബ്ദവും റിമിയുടെ ചടുലതയും ചേർന്നൊരു മികച്ച ഡാൻസ് നമ്പർ ഇതോടുകൂടി മലയാള സിനിമയ്ക്ക് കിട്ടി. 2002ൽ ലാൽ ജോസ് സംവിധാനം ചെയ്ത ചിത്രത്തിൽ ദിലീപും കാവ്യാ മാധവനുമാണ് നായികാനായകന്മാർ.
പച്ചമാങ്ങാ, പച്ചമാങ്ങാ: വെള്ളിത്തിര
2003ൽ ഭദ്രന്റെ സംവിധാനത്തിൽ റിലീസ് ചെയ്ത പൃഥ്വിരാജ്-നവ്യ നായർ ചിത്രം ഗാനങ്ങൾക്ക് വളരെയേറെ പ്രാധാന്യം നൽകിയിരുന്നു. അൽഫോൻസ് ജോസഫ് ഈണമിട്ട 13 പാട്ടുകളാണ് ഈ ചിത്രത്തിൽ ഉൾപ്പെട്ടത്. ഇതിൽ ശങ്കർ മഹാദേവൻ, കെ.എസ്. ചിത്ര എന്നിവർ ചേർന്ന് പാടിയ യുഗ്മ ഗാനം പച്ചമാങ്ങാ, പച്ചമാങ്ങാ… ആ കാലയളവിലെ യുവാക്കളുടെ ഹരമായി മാറിയ ഗാനമായിരുന്നു. കൈതപ്രം ദാമോദരൻ നമ്പൂതിരി, ഷിബു ചക്രവർത്തി എന്നിവരാണ് ഈ സിനിമയ്ക്ക് വരികൾ രചിച്ചത്.
ഓ പ്രിയ – 2020
മലയാള സിനിമയുടെ തിലകക്കുറിയായി മാറിയ ‘ട്വന്റി ട്വന്റി’ എന്ന സിനിമയിലും ശങ്കർ മഹാദേവന്റെ സ്വര സാന്നിധ്യമുണ്ട്. പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങൾ എല്ലാം അണിനിരന്ന ചിത്രമാണ് ജോഷിയുടെ സംവിധാനത്തിൽ ദിലീപ് നിർമ്മിച്ച ട്വന്റി ട്വന്റി. ഗിരീഷ് പുത്തഞ്ചേരി രചിച്ച്, സുരേഷ് പീറ്റേഴ്സ് ഈണമിട്ട ഓ പ്രിയ… എന്ന് തുടങ്ങുന്ന ഗാനം ശങ്കർ മഹാദേവനും ജ്യോത്സ്നയും ചേർന്നാണ് പാടിയത്. ദിലീപും ഭാവനയുമാണ് ഗാനരംഗത്തിൽ പ്രത്യക്ഷപ്പെട്ടത്. 2008 ലാണ് സിനിമ പുറത്തിറങ്ങിയത്.
മക്കാ മദീന: ആദാമിന്റെ മകൻ അബു
ഓസ്കാർ പരിഗണനയ്ക്കായി വരെ എത്തപ്പെട്ട് മലയാള സിനിമയുടെ അഭിമാനമായി മാറിയ ചിത്രം ആദാമിന്റെ മകൻ അബുവിൽ നായകൻ സലിം കുമാറിന്റെ ജീവിത പ്രാരാബ്ധം വരച്ചുകാട്ടുന്ന മക്കാ മദീന… എന്ന് തുടങ്ങുന്ന ഗാനം ശങ്കർ മഹാദേവനും രമേശ് നാരായണനും ചേർന്ന് ആലപിച്ചു. 2011ലാണ് ഈ ചിത്രം പുറത്തിറങ്ങിയത്. സംവിധായകൻ: സലിം അഹമ്മദ്
Content Highlight: singer Shankar Mahadevan’s birthday today.