വാലന്റൈൻസ് ഡേ പ്രമാണിച്ച് ഇഷാരി കെ ഗണേഷിന്റെ വേൽ ഇന്റർനാഷണൽ പ്രദർശനെത്തിച്ചിരിക്കുന്ന നാല് പ്രണയകഥകൾ തുന്നിച്ചേർത്ത ആന്തോളജി മൂവി ആണ് കുട്ടിസ്റ്റോറി. നാല് സെഗ്മെന്റുകൾ ഒരുക്കിയിരിക്കുന്നതും ചില്ലറക്കാരല്ല. ഗൗതം വാസുദേവ് മേനോൻ, എ എൽ വിജയ്, വെങ്കട്ട് പ്രഭു, നളൻ കുമരസ്വാമി എന്നീ വൻ തോക്കുകൾ ആണ് . എന്നാൽ വൻ തോക്കുകൾ വൻ തോൽവികൾ ആവുന്ന ശോകം സീനാണ് സിനിമ കഴിഞ്ഞ് തിയേറ്റർ വിട്ട് ഇറങ്ങുമ്പോൾ..
എതിർ പാരാ മുത്തം –ഗൗതം മേനോൻ, അവനും നാനും – എ എൽ വിജയ്, ലോഗം –വെങ്കട്ട് പ്രഭു, ആടൽ പാടൽ – നളൻ കുമരസ്വാമി എന്നിവയാണ് സിനിമകൾ യഥാക്രമം. നല്ല അഭിനേതാക്കളും ഉണ്ട്. എന്നാൽ സംവിധായകർ ഇതൊരു കുട്ടിക്കളി ആയിട്ടാണ് എടുത്തിരിക്കുന്നത്. അതിനാൽ തന്നെ വാല്യബിള് ആയിട്ടുള്ള ഒരു തിയേറ്റർ അനുഭവം സമ്മാനിക്കാൻ ഒന്നിനു പോലും സാധിക്കുന്നില്ല.
എതിർ പാരാ മുത്തം എന്ന ആദ്യ സെഗ്മെന്റും അവനും നാനും എന്ന രണ്ടാം സെഗ്മെന്റും കണ്ട് ഇന്റർവെൽ ആകുമ്പോൾ തന്നെ മനസ് മടുക്കും. ഏറ്റവും മോശം ആവാൻ വേണ്ടി മേനോനും വിജയും തമ്മിൽ കടുത്ത മത്സരത്തിൽ ആണ്. ഇടവേളയ്ക്ക് ശേഷം വരുന്ന ലോഗവും ആടലും പാടലും ഇച്ചിരെ ഭേദമാണ്. ഇച്ചിരെ എന്നുപറയുമ്പോൾ ഒരു മിനുങ്ങ്.. ഗൗതം മേനോന്റെ ഇതുവരെയുള്ള സിനിമകളിൽ പലതിലും കണ്ട ഐറ്റം തന്നെ മേനോൻ ആട്ടിയതിന്മേൽ ഇട്ട് ആട്ടിക്കൊണ്ടിരിക്കുകയാണ്, എതിർ പാരാ മുത്തം അഥവാ തിരികെ പ്രതീക്ഷിക്കാത്ത ചുംബനം.. 95 ൽ തിരുച്ചിയിലെ ഒരു കോളേജിൽ മൃണാളിനി എന്ന കൂട്ടുകാരിയുമായി ഉണ്ടായിരുന്ന പരിശുദ്ധ ബന്ധത്തെ സമകാലീന ചെന്നൈയിൽ മധ്യവയസ്കനായി തുടങ്ങിയ ആദി “മദ്യ“വയസ്കരായിരിക്കുന്ന കുറച്ച് കൂട്ടുകാരോട് അയവെട്ടുന്നതാണ് സാഹചര്യം. മേനോൻ തന്നെയാണ് ആദി എന്നത് മാത്രം ആണ് ഒരേ ഒരു പുതുമ. മൃണാളിനി രണ്ട് കാലഘട്ടത്തിലും അമല പോൾ തന്നെ. ഇങ്ങേര് ഈ സ്ഥിരം രാമായണൻവായന എന്നു നിർത്തും എന്നൊരു ചോദ്യം മാത്രമേ സിനിമ ബാക്കി വെക്കുന്നുള്ളൂ.. ഒരാൾ എത്രയെന്ന് വച്ചാ സ്വയം അനുകരിക്കുക..
Content Highlight: Review of tamil anthology, “kutty story”