സാങ്കേതിക തകരാറിനെ തുടർന്ന് വാഹനങ്ങൾ തിരിച്ചു വിളിച്ച് പരിശോധിക്കാനൊരുങ്ങി മഹീന്ദ്രയുടെ ഥാർ. 1,577 വാഹനങ്ങളാണ് മഹീന്ദ്ര തിരിച്ചു വിളിക്കാനൊരുങ്ങുന്നതെന്നാണ് റിപ്പോർട്ട്. കാംഷാഫ്റ്റ് നിർമ്മാണത്തിലെ പിഴവ് സംശയിച്ചാണ് തീരുമാനം. ഡീസൽ എഞ്ചിനുള്ള 1,577 വാഹനങ്ങളിലാണ് തകരാർ സംശയിക്കുന്നത്. 2020 സെപ്തംബർ ഏഴിനും ഡിസംബർ 25 നും ഇടയിൽ നിർമ്മിച്ചതും ഡീസൽ എഞ്ചിൻ ഘടിപ്പിച്ചതുമായ ഥാറിനാണ് പരിശോധന ആവശ്യം. പരിശോധനയ്ക്ക് ശേഷം തകരാർ കണ്ടെത്തുകയാണെങ്കിൽ കാംഷാഫ്റ്റ് സൗജന്യമായി മാറ്റി നൽകാനാണ് കമ്പനി ലക്ഷ്യമിടുന്നത്. യന്ത്ര ഘടകം നിർമ്മിച്ചു നൽകിയ വിതരണക്കാരുടെ ശാലയിൽ സംഭവിച്ച പിഴവാണ് സാങ്കേതിക തകരാറിന് കാരണമെന്നാണ് മഹീന്ദ്ര കണ്ടെത്തിയിരിക്കുന്നത്. പരിശോധന ആവശ്യമുള്ള ഥാർ ഉടമകളെ നേരിട്ട് വിവരം അറിയിക്കാനാണ് കമ്പനിയുടെ തീരുമാനം.
സംഭവവുമായി ബന്ധപ്പെട്ട് ഇതുവരെ പരാതികളൊന്നും ഉയർന്നിട്ടില്ലെങ്കിലും വാഹന ഉടമസ്ഥർക്കുള്ള ബുദ്ധിമുട്ട് ഒഴിവാക്കുക എന്ന ലക്ഷ്യത്തോടെയാണ് കമ്പനിയുടെ നടപടി. വാഹന പ്രേമികളുടെ പ്രിയപ്പെട്ട വാഹനമായ മഹീന്ദ്ര ഥാർ ഓഗസ്റ്റ് മാസത്തിലാണ് പുറത്തിറക്കിയത്. ഒക്ടോബർ 2 നായിരുന്നു ഥാറിന്റെ ബുക്കിംഗ് ആരംഭിച്ചത്. പെട്രോൾ, ഡീസൽ ഓപ്ഷനുകളിൽ വിപണിയിലെത്തിയ ഥാറിന് 12.10 ലക്ഷം മുതൽ 14.15 ലക്ഷം രൂപ വരെയാണ് എക്സ്ഷോറൂം വില.
കൊറോണ വൈറസ് വ്യാപനത്തിനിടയിലും ജനശ്രദ്ധ നേടാൻ ഥാറിന് കഴിഞ്ഞിരുന്നു. കൊറോണ പ്രതിരോധ പ്രവർത്തനങ്ങൾക്കായി പണം കണ്ടെത്താനായി ലേലത്തിന് വെച്ച ആദ്യ ഥാർ 1.1 കോടി രൂപയ്ക്കാണ് വിറ്റു പോയത്.
Content Hight: Mahindra Thar recalls 1,577 vehicles due to Technical failure