ഇന്ത്യൻ ക്രിക്കറ്റ് താരം ജയ്ദേവ് ഉനദ്കട് വിവാഹിതനായി. അഭിഭാഷകയായ റിന്നി കന്റാരിയയാണ് വധു. ഗുജറാത്തിലെ ആനന്ദിൽ മധുബൻ റിസോർട്ടിൽ ലളിതമായ ചടങ്ങിലാണ് വിവാഹം നടന്നത്. കുടുംബത്തിലെ അടുത്ത ബന്ധുക്കൾ മാത്രമാണു വിവാഹത്തിൽ പങ്കെടുത്തത്.
വിവാഹം കഴിഞ്ഞ വിവരം താരം തന്നെ ട്വിറ്ററിൽ അറിയിച്ചിട്ടുണ്ട്. ഭാര്യയോടൊപ്പമുള്ള ചിത്രവും ഉനദ്കട് പങ്കുവച്ചു. വിവാഹച്ചടങ്ങുകളുടെ വിഡിയോ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. 2021 ഫെബ്രുവരി രണ്ടിന് ഞങ്ങൾ വിവാഹിതരായ കാര്യം അറിയിക്കുന്നതിൽ സന്തോഷിക്കുന്നു. കുടുംബവും സുഹൃത്തുക്കളും പങ്കെടുത്ത ചെറിയ ചടങ്ങായിരുന്നു. നിങ്ങളുടെ സ്നേഹത്തിന് നന്ദിയുണ്ട്. ഒരുമിച്ചുള്ള യാത്രയിൽ എല്ലാവരുടെയും അനുഗ്രഹമുണ്ടാകണം– ട്വിറ്ററിലെ കുറിപ്പിൽ ഉനദ്കട് ആവശ്യപ്പെട്ടു.
ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസ് താരമാണു ഉനദ്കട്. അടുത്ത സീസണിലേക്കും ഇന്ത്യൻ ബൗളറെ രാജസ്ഥാൻ ടീമിൽ നിലനിർത്തിയിട്ടുണ്ട്. ദേശീയ ടീമിൽ വലിയ അവസരങ്ങൾ ലഭിച്ചിട്ടില്ലെങ്കിലും ആഭ്യന്തര ക്രിക്കറ്റിൽ സജീവ സാന്നിധ്യമാണ് ഉനദ്കട്.
Content Highlight: Indian cricketer Jaidev Unadkat gets married; Bride Rinnie Kantaria