കേരളത്തിലെ കണ്ടം ക്രിക്കറ്റിന് കൈയടിച്ച് ഐസിസിയും. ലോകത്തിലെ ഏത് പ്രദേശത്തേയും ക്രിക്കറ്റ് കളിക്കുന്ന മനോഹര ദൃശ്യങ്ങൾ പങ്കുവയ്ക്കാറുള്ള ഐസിസി ഇത്തവണ പങ്കിട്ടത് കേരളത്തിൽ നിന്നുള്ള കണ്ടത്തിലെ ക്രിക്കറ്റ് കളിയുടെ ചിത്രമാണ്. ഐസിസിയുടെ ഫെയ്സ്ബുക്ക് പേജിലാണ് ചിത്രമുള്ളത്.
തൃശൂർ ജില്ലയിലെ പൈങ്കുളത്ത് നിന്നുള്ള കാഴ്ചയാണ് ഐസിസി പങ്കുവച്ചിരിക്കുന്നത്. പച്ച വിരിച്ച പാടത്ത് ക്രിക്കറ്റ് കളിക്കുന്ന കുട്ടികളുടെ ചിത്രമാണ് ഫോട്ടോയിൽ. സുബ്രഹ്മണ്യൻ എന്നയാളാണ് ഫോട്ടോ എടുത്തതെന്ന് ഐസിസിയുടെ പോസ്റ്റിൽ പറയുന്നു. ഔട്ട് ഫീൽഡിലെ പച്ചപ്പിന്റെ മനോഹാരിത എടുത്തു പറഞ്ഞാണ് ഐസിസിയുടെ പോസ്റ്റ്.
ചിത്രത്തിന് മലയാളികൾ അടക്കം നിരവധിപ്പേരാണ് ലൈക്കും കമൻറും നടത്തിയിരിക്കുന്നത്. രസകരമായ ഒട്ടേറെ കമൻറുകളാണ് പോസ്റ്റിൽ വന്നിരിക്കുന്നത്.
കേരളത്തിൻറെ കണ്ടം ക്രിക്കറ്റിനെ ആദരിച്ചതിന് നന്ദിയെന്നാണ് ചിലരുടെ കമൻറ്. അന്താരാഷ്ട്ര മാച്ചുകളിൽ ബിസിസിഐ ഈ പിച്ചുകൾ കണ്ടാണോ പിച്ചൊരുക്കുന്നത് എന്നാണ് ഒരു ക്രിക്കറ്റ് ആരാധകൻ ചോദിക്കുന്നത്. ഐസിസിക്ക് ഒരു പിടിയുമില്ലാത്ത ധാരാളം നിയമങ്ങളാണ് ഇവിടെയുള്ളതെന്ന് ചിലർ പറഞ്ഞു.
Content Highlight: ICC applauds “Kandam( meadow) cricket” in Kerala