പുതിയ കാർ വാങ്ങാൻ ആഗ്രഹമുണ്ടോ? ഇതാണ് പറ്റിയ അവസരം. ഉപഭോക്താക്കൾക്ക് ഒന്നര ലക്ഷം രൂപ വരെ വില കിഴിവിൽ പുതുപുത്തൻ കാറുകളാണ് വാഹന നിർമാതാക്കളായ ഹ്യുണ്ടായ് ഇന്ത്യ വാഗ്ദാനം ചെയ്തിരിക്കുന്നത്. തിരഞ്ഞെടുത്ത മോഡൽ കാറുകൾക്കാണ് പുതിയ ഓഫറുകളും കിഴിവുകളും ബാധകമാകുക. ഇൻകോണിക് കോംപാക്റ്റ് ഹാച്ച്ബാക്ക് സാൻട്രോ മുതൽ ഇലക്ട്രിക് എസ്യുവി കോന വരെ ഇതിൽ ഉൾപ്പെടും. ഫെബ്രുവരി 28 വരെ മാത്രമേ ഓഫർ ബാധകമാകൂ. സർക്കാർ ജീവനക്കാർക്ക് പ്രത്യേക കിഴിവ്
അതേസമയം അവസാന തീയതിയ്ക്ക് ശേഷമോ സ്റ്റോക്കുകൾ അവസാനിക്കുന്നതുവരെയോ ഓഫറുകൾ നിർത്തുകയോ പരിഷ്ക്കരിക്കുകയോ ചെയ്യുമെന്നും കമ്പനി അറിയിച്ചു. സർക്കാർ ജീവനക്കാർക്കായി 8,000 രൂപയുടെ എൽടിസി ഓഫറാണ് കമ്പനി അവതരിപ്പിച്ചിരിക്കുന്നത്. മെഡിക്കൽ പ്രൊഫഷണലുകൾ, തിരഞ്ഞെടുത്ത കോർപ്പറേറ്റുകൾ, എസ്എംഇകൾ, അധ്യാപകർ, ചാറ്റേർട്ട് അക്കൗണ്ടന്റുമാർ എന്നിവർക്കായി പ്രത്യേക വിലകളും വാഗ്ദാനം ചെയ്യുന്നുണ്ട്.
വൻ കിഴിവിൽ ഗ്രാൻഡ് ഐ 10
ഹ്യുണ്ടായി ഗ്രാൻഡ് ഐ 10 നിയോസിന് 60,000 രൂപ വരെയുള്ള ആനുകൂല്യങ്ങളാണ് കമ്പനി നൽകുന്നത്. ഓറയ്ക്ക് 70,000 രൂപ വരെയാണ് കിഴിവായി ലഭിക്കുക. ഹ്യുണ്ടായ് എലാൻട്രയ്ക്കും ഓഫറുണ്ട്. ഒരു ലക്ഷം രൂപ വരെയുള്ള ആനുകൂല്യങ്ങളാണ് ഓഫറിന്റെ ഭാഗമായി എലാൻട്രയ്ക്ക് ലഭിക്കുക. ഇലക്ട്രിക് എസ്യുവി കോനയ്ക്ക് 1.5 ലക്ഷം രൂപ വരെ കിഴിവ് ആണ് കമ്പനി വാഗ്ദാനം ചെയ്യുന്നത്. 24 ലക്ഷം രൂപയാണ് കാറിന്റെ എക്സ്ഷോറൂം വില. കാറുകളുടെ പെട്രോൾ, ഡീസൽ എഞ്ചിൻ വേരിയന്റുകൾക്ക് ഈ ഓഫറുകൾ ബാധകമാണ്.
ഐ 20യ്ക്ക് ഓഫറില്ല
കമ്പനിയുടെ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന കാറുകളായ ഐ 20, ക്രെറ്റ, വെന്യൂ, വെർണ, ട്യൂസൺ എന്നിവ ഓഫറുകളുടെ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടില്ല. ഇതുകൂടാതെ, കാറുകളുടെ നിർദ്ദിഷ്ട ഓഫറുകൾ ഡീലർമാർക്കനുസരിച്ച് വ്യത്യാസപ്പെടാം. താൽപ്പര്യമുള്ള ഉപഭോക്താക്കൾ ഓഫറിനെക്കുറിച്ചും വിലയെക്കുറിച്ചും അറിയുന്നതിന് അടുത്തുള്ള ഷോറൂം സന്ദർശിക്കുകയോ ഡീലർമാരെ വിളിക്കുന്നതോ ആയിരിക്കും ഉചിതം.
ഇന്ത്യയില്‍ 3,200 കോടിയുടെ നിക്ഷേപം
അതേസമയം അടുത്ത നാല് വര്‍ഷത്തിനുള്ളില്‍ ഇന്ത്യയില്‍ 3,200 കോടി നിക്ഷേപം നടത്തുമെന്ന് ദക്ഷിണകൊറിയന്‍ കാര്‍ നിര്‍മാതാക്കളായ ഹ്യുണ്ടായ് മോട്ടോര്‍ പറഞ്ഞു. ഇലക്ട്രിക് വാഹന നിരയില്‍ പുതിയ മോഡലുകളെത്തിക്കാനും ഹരിത മൊബിലിറ്റിയിലൂടെ പ്രാദേശിക പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുന്നതിനുമാണ് ഹ്യുണ്ടായ് ഇന്ത്യയില്‍ നിക്ഷേപം നടത്തുന്നത്. ഇന്ത്യയില്‍ 25 വര്‍ഷത്തോളമായി തുടരുന്ന ഹ്യുണ്ടായ് മോട്ടോഴ്സ് രാജ്യത്തെ പാസഞ്ചര്‍ വാഹന വിപണിയുടെ 17 ശതമാനത്തിലധികം പങ്കുവഹിക്കുന്നുണ്ട്.
Content Highlight: Hyundai cars at a discount of up to Rs 1.5 lakh