ദുല്‍ഖര്‍ സല്മാന് നായകനായ തമിഴ് ചിത്രം ‘കണ്ണും കണ്ണും കൊള്ളൈയടിത്താനി‘ലൂടെ അരങ്ങേറ്റം കുറിച്ച സംവിധായകന് ദേസിംഗ് പെരിയസാമി വിവാഹിതനായി. ചിത്രത്തിലെ ഉപനായികാ കഥാപാത്രം ‘തേന്മൊഴി‘യെ അവതരിപ്പിച്ച നിരഞ്ജനി അഹതിയന്‍ ആണ് വധു. നടി ആവുന്നതിനു മുന്‍പേ വസ്ത്രാലങ്കാര വിദഗ്ധ ആയിരുന്നു നിരഞ്ജനി സംവിധായകന് അഹതിയന്റെ മകളുമാണ്.
പോണ്ടിച്ചേരിയില്‍ വച്ചു നടന്ന വിവാഹത്തില്‍ കൊവിഡ് സാഹചര്യം പരിഗണിച്ച് അടുത്ത ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും മാത്രമായിരുന്നു ക്ഷണം. സിനിമാ സുഹൃത്തുക്കള്‍ക്കായി ചെന്നൈയില്‍ വരുംദിവസം ഒരു റിസപ്ഷന് ഒരുക്കിയിട്ടുണ്ട്.
കഴിഞ്ഞ വര്‍ഷം പുറത്തെത്തിയ റൊമാന്റിക് ഹെയ്സ്റ്റ് കോമഡി ചിത്രമായ കണ്ണും കണ്ണും കൊള്ളൈയടിത്താല്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ചിത്രത്തെ അഭിനന്ദിച്ചുകൊണ്ടുള്ള രജനീകാന്തിന്റെ ഫോണ്‍ സംഭാഷണം സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയിരുന്നു. ഇതിനു പിന്നാലെ ദേസിംഗിന്റെ അടുത്ത ചിത്രത്തില്‍ രജനിയാണ് നായകനെന്നും റിപ്പോര്‍ട്ടുകള്‍ എത്തി. എന്നാല്‍ ഇതിന് ഇനിയും ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല. അതേസമയം ഇന്ന് വിവാഹവേദിയില്‍ രജനിയുടെ ‘ബാബ‘ മുദ്ര കാട്ടുന്ന ദേസിംഗിന്റെ ചിത്രം ട്വിറ്ററില്‍ രജനി ആരാധകര്‍ പ്രചരിപ്പിക്കുന്നുണ്ട്.
Content highlight: Director Desingh Periyasamy gets married to actress Niranjani Ahathian