ചെറിയ ചെറിയ മറവികൾ പലരും നിസാരമായി കാണാറുണ്ടെങ്കിലും പിന്നീട് വലിയ പ്രശ്നങ്ങളായി മാറുന്ന ഒന്നാണ് മറവി രോഗം. ഉറക്കത്തിൽ ശ്വസനം ആവർത്തിച്ച് തടസ്സപ്പെടുമ്പോൾ ഉണ്ടാകുന്ന ഒബ്സ്ട്രക്റ്റീവ് സ്ലീപ് അപ്നിയ എന്ന രോഗം ഓർമ്മക്കുറവുള്ളവരിൽ സാധാരണമാണെന്ന് പുതിയ പഠന റിപ്പോർട്ട്.
ആളുകളുടെ പ്രായം കൂടുന്നതിനനുസരിച്ച് ബുദ്ധിപരമായ വൈകല്യത്തിനുള്ള സാധ്യത കൂടുമെന്നും, മികച്ച ഉറക്കം തലച്ചോറിന് ഗുണം ചെയ്യുമെന്നും പഠന റിപ്പോർട്ടിൽ പറയുന്നു. ബുദ്ധിപരമായ കഴിവുകൾ മെച്ചപ്പെടുത്താൻ ഇത് സഹായിക്കുമെന്നും ഗവേഷകർ പറയുന്നു.
ബുദ്ധിമാന്ദ്യമുള്ളവരിൽ പകുതിയിലധികം പേർക്കും സ്ലീപ് അപ്നിയ ഉള്ളതായും ഗവേഷണത്തിൽ കണ്ടെത്തി. കാനഡയിലെ ടൊറന്റോ സർവകലാശാലയിൽ മാർക്ക് ബൌലോസ് എന്നയാൾ നടത്തിയ പഠനത്തിലാണ് ഇക്കാര്യങ്ങൾ വ്യക്തമായിരിക്കുന്നത്.
സ്ലീപ് ഡിസോർഡർ ഉള്ളവർക്ക് ചിന്താശേഷിയും ഓർമ്മയും കുറവായിരിക്കുമെന്നാണ് ഗവേഷകരുടെ കണ്ടെത്തൽ. സ്ലീപ് അപ്നിയ ആളുകളെ എങ്ങനെ ബാധിക്കുമെന്ന് പൂർണ്ണമായി മനസിലാക്കേണ്ടത് വളരെ പ്രധാനമാണെന്നും ചിന്തകളും ഓർമ്മിക്കാനുള്ള കഴിവുകളും മൊത്തത്തിലുള്ള ജീവിത നിലവാരം മെച്ചപ്പെടുത്താൻ സഹായിക്കുമെന്നും ഗവേഷകൻ പറയുന്നു.
പഠനത്തിനായി ശരാശരി 73 വയസ്സ് പ്രായമുള്ള ബുദ്ധിമാന്ദ്യമുള്ള 67 പേരെയാണ് തിരഞ്ഞെടുത്തത്. ഇവരുടെ ഉറക്കം, അറിവ്, മാനസികാവസ്ഥ എന്നിവ തിരച്ചറിയുന്നതിനുള്ള ചോദ്യാവലികളാണ് തയ്യാറാക്കിയിരുന്നത്. ഇവരുടെ ബുദ്ധിപരമായ വൈകല്യത്തിന്റെ തോത് നിർണ്ണയിക്കാൻ 30-പോയിന്റിന്റെ ചോദ്യങ്ങളും ഉൾപ്പെടുത്തിയിരുന്നു. തുടർന്ന പഠനത്തിൽ പങ്കെടുത്തവരിൽ 52 ശതമാനം പേർക്കും സ്ലീപ് അപ്നിയ ഉണ്ടെന്ന് ഗവേഷകർ കണ്ടെത്തി.
സ്ലീപ് അപ്നിയ ഇല്ലാത്തവരെ അപേക്ഷിച്ച് സ്ലീപ് ഡിസോർഡർ ഉള്ള ആളുകൾക്ക് ടെസ്റ്റിൽ 60 ശതമാനം മാർക്ക് കുറവാണ് ലഭിക്കുന്നതെന്ന് അമേരിക്കൻ അക്കാദമി ഓഫ് ന്യൂറോളജിയുടെ വാർഷിക യോഗത്തിൽ അവതരിപ്പിക്കാനിരിക്കുന്ന പഠനത്തിൽ പറയുന്നു. ഏപ്രിൽ 17 മുതൽ 22 വരെയാണ് വാർഷിക യോഗം നടക്കുക.
കൂടാതെ, സ്ലീപ് അപ്നിയ എത്രത്തോളം ഓരോരുത്തരെയും ബാധിച്ചിട്ടുണ്ടെന്നും പഠനത്തിൽ പങ്കെടുത്തവരുടെ ഉറക്കത്തിന്റെ ഗുണനിലവാരവുമായി താരതമ്യപ്പെടുത്തി ഗവേഷകർ കണ്ടെത്തി. ഉറക്കക്കുറവ്, ഉറക്കസമയം, എത്ര വേഗത്തിൽ ഉറങ്ങുന്നു, ഉറക്കത്തിനിടയിൽ എത്ര തവണ ഉണരുന്നു തുടങ്ങിയ കാര്യങ്ങളും ഗവേഷകർ പരിശോധിച്ചിരുന്നു.
ബുദ്ധിമാന്ദ്യമുള്ളവരിലാണ് സ്ലീപ് അപ്നിയ കൂടുതലും കാണപ്പെടുന്നത്. തുടർച്ചയായ പോസിറ്റീവ് എയർവേ പ്രഷർ (സിപിഎപി) യന്ത്രം ഉപയോഗിച്ച് രോഗം ചികിത്സിക്കാൻ കഴിയുമെന്നും ബൌലോസ് പറഞ്ഞു. ബുദ്ധിവൈകല്യമുള്ള ആളുകളിൽ കാര്യക്ഷമമായും എളുപ്പത്തിലും രോഗം നിർണ്ണയിക്കാനും കൈകാര്യം ചെയ്യാനുമുള്ള മാർഗ്ഗങ്ങൾ കണ്ടെത്തുന്നതിനായി ഭാവിയിൽ കൂടുതൽ ഗവേഷണങ്ങൾ ഈ വിഷയത്തിൽ നടത്താനാകുമെന്നും ബൌലോസ് പറഞ്ഞു.
Content Highlight: According to a new study Obstructive sleep apnea, causes memory loss in people