ദക്ഷിണ സുഡാനിലെ ഒരു ഗോത്രവർഗമാണ് മുണ്ടാരി. പശുക്കളെ മേച്ചുനടക്കുന്ന ഒരു ഗോത്ര സമൂഹമാണ് അത്. പശുക്കളുമായി അവർക്ക് വല്ലാത്ത ഒരു ആത്മബന്ധമാണ്. സ്വന്തം ജീവനേക്കാൾ വലുതാണ് അവർക്ക് തങ്ങളുടെ കന്നുകാലികൾ. അവിടെ എവിടെ നോക്കിയാലും നമുക്ക് പശുക്കളെ കാണാം. അവരുടെ ജീവിതം തന്നെ പശുക്കളുമായി ചേർന്നുള്ളതാണ്. അവരുടെ ജീവിതമാർഗവും പശുവളർത്തൽ തന്നെയാണ്. അവിടുത്തെ വിശേഷങ്ങളറിയാം. ചിത്രങ്ങൾ കാണാം.
പശുക്കളെ കന്നുകാലികളുടെ രാജാവായിട്ടാണ് അവർ കണക്കാക്കുന്നത്. അവർക്ക് പശുക്കളില്ലാതെ വിവാഹം കഴിക്കാനോ, കച്ചവടം ചെയ്യാനോ, അതിജീവിക്കാനോ കഴിയില്ല. ഒരു പശുവിനെ വിൽക്കുക എന്നത് അവിടെ ജനങ്ങളെ സംബന്ധിച്ചിടത്തോളം വളരെ ദുഃഖകരമായ ഒരു കാര്യമാണ്. അവരുടെ പശുക്കൾ ഏഴ് മുതൽ എട്ട് അടി വരെ ഉയരം വയ്ക്കും. ഒരെണ്ണത്തിന് നാൽപതിനായിരം രൂപയാണ് വില. അതുകൊണ്ട് തന്നെ അവയാണ് അവിടത്തുകാരുടെ ഏറ്റവും വിലപിടിപ്പുള്ള സമ്പാദ്യം.
അവിടെ കുട്ടികളാണ് ദൈനംദിന ജോലികളിൽ ഭൂരിഭാഗവും ചെയ്യുന്നത്. കാലത്ത് എഴുന്നേറ്റ ഉടൻ കുട്ടികൾ ചാണകം ശേഖരിച്ച് തീയിടുന്നു. ഇത് പ്രദേശത്തുള്ള ഈച്ചകളെയും കൊതുകുകളെയും ഓടിക്കാനാണ്. ഈ ചാണകം കത്തിച്ചുണ്ടാക്കുന്ന ഭസ്മം മുണ്ടാരികൾ സ്വന്തം ശരീരത്തിലും കന്നുകാലികളുടെ ശരീരത്തിലും തേക്കുന്നു. കൊതുകുകൾക്കെതിരെയുളള ഒരു സംരക്ഷണോപാധിയാണ് അത്. കന്നുകാലികളെ ദിവസം മുഴുവൻ മേയാൻ വിടുകയും വൈകിട്ടാകുമ്പോൾ അവയെ വൃത്തിയാക്കുകയും തൂണുകളിൽ ബന്ധിക്കുകയും ചെയ്യുന്നു. കൊച്ചുകുട്ടികളും, രക്ഷാകർത്താക്കളും പശുക്കളോടൊപ്പമാണ് ഉറങ്ങുന്നത്. മുണ്ടാരിയുടെ ശ്രദ്ധേയമായ മറ്റൊരു വസ്തുത, പശുവിന്റെ മൂത്രം ഉപയോഗിച്ചാണ് അവർ മുഖം കഴുകുന്നതും ചിലപ്പോൾ തല കുളിക്കുന്നതു പോലും എന്നതാണ്. എല്ലാ അണുക്കളെയും കൊല്ലാൻ ഗോമൂത്രത്തിനാകുമെന്ന് അവർ വിശ്വസിക്കുന്നു. എന്തിനേറെ അസുഖങ്ങൾ വരാതിരിക്കാൻ പാൽ മാത്രമല്ല, ഗോമൂത്രവും അവർ കുടിക്കുന്നു.
Content Highlight: About the Sudan’s Mundari tribe cow tradition