കുട്ടി താരം വൃദ്ധി വിശാലിന്റെതായി പുറത്തിറങ്ങിയ ഒരു ഡാന്‍സ് വീഡിയോ കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. സീരിയല്‍ താരം അഖിലിന്റെ വിവാഹ ചടങ്ങിനിടെയുളള വൃദ്ധിയുടെ നൃത്തമാണ് സമൂഹ മാധ്യമങ്ങളില്‍ ട്രെന്‍ഡിംഗായത്. അല്ലു അര്‍ജുന്റെ രാമുലോ രാമുലാ പാട്ടും, വിജയുടെ വാത്തി കമ്മിംഗ് സോംഗിനൊപ്പവുമായിരുന്നു കുട്ടിതാരം ചുവടുവെച്ചത്. മഞ്ഞില്‍ വിരിഞ്ഞ പൂവ് സീരിയലിലെ പിച്ചാത്തി ഷാജി എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്ന അഖില്‍ ആനന്ദിന്റെ വിവാഹമായിരുന്നു കഴിഞ്ഞ ദിവസം നടന്നത്.
ഇതേപരമ്പരയില് അനുമോള്‍ എന്ന കഥാപാത്രമായി അഭിനയിക്കുന്നുണ്ട് വൃദ്ധി. അതേസമയം അഖിലിന്റെ വിവാഹ ചടങ്ങിനിടെ കളിച്ച കുട്ടിതാരത്തിന്റെ ഡാന്‍സാണ് ശ്രദ്ധേയമായത്. ഇതിന് പിന്നാലെ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന പൃഥ്വിരാജ് ചിത്രം കടുവയില്‍ വൃദ്ധി അഭിനയിക്കുന്നതായി പുതിയ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.
ഏട്ട് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ഷാജി കൈലാസ് ഒരുക്കുന്ന മലയാള ചിത്രം കൂടിയാണ് കടുവ. നിലവില്‍ സിനിമയുടെ പ്രീ പ്രൊഡക്ഷന്‍ ജോലികള്‍ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. വലിയ താരനിര അണിനിരക്കുന്ന ചിത്രത്തിന്റെ പോസ്റ്ററുകള്‍ മുന്‍പ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. അതേസമയം ഡാന്‍സര്‍മാരായ വിശാല്‍ കണ്ണന്റെയും ഗായത്രിയുടെയും മകളാണ് വൃദ്ധി. എളമക്കര ശ്രീശങ്കര സ്കൂളില്‍ യുകെജി വിദ്യാര്‍ത്ഥിനിയാണ്.
സിംഹാസനം എന്ന ചിത്രത്തിന് ശേഷം പൃഥ്വിരാജും ഷാജി കൈലാസും ഒന്നിക്കുന്ന സിനിമ കൂടിയാണ് കടുവ. ജിനു വി എബ്രഹാമിന്റെ തിരക്കഥയിലാണ് സിനിമ ഒരുങ്ങുന്നത്. കടുവാക്കുന്നേല്‍ കുറുവച്ചന് എന്ന കഥാപാത്രമായാണ് ചിത്രത്തില്‍ പൃഥ്വിരാജ് എത്തുന്നത്. ചിത്രത്തിലെ നടന്റെ ഗെറ്റപ്പ് പോസ്റ്റര്‍ തരംഗമായി മാറിയിരുന്നു.
Content Highlight: Viral dance little girl to act on Prithviraj’s new movie Tiger