പ്രമുഖ ക്ലാസിക്കൽ ഡാൻസർ രമ വിവേകിന്റെ നേതൃത്വത്തിൽ പവായ് കേന്ദ്രമായി പ്രവർത്തിക്കുന്ന വിദ്യനൃത്യ സദന്റെ അഞ്ചാം വാർഷികാഘോഷ വേദി നൃത്ത സംഗീത കലാകാരന്മാരുടെ സംഗമവേദിയായി.
പ്രാർത്ഥന ഗാനത്തിന് ശേഷം നൃത്ത അദ്ധ്യാപകരായ രമ വിവേക് , മൃദുല പ്രതോഷ് , സൗമ്യ മിഷാൽ, ദിവ്യ നായർ എന്നിവർ ചേർന്നവതരിപ്പിച്ച “പഞ്ചഭൂതം ” നൃത്താവിഷ്ക്കാരം ശ്രദ്ധേയമായി. മുംബൈയിലെ അറിയപ്പെടുന്ന നൃത്താദ്ധ്യാപകർ വേദിയിൽ നൃത്ത വിസ്മയം തീർത്തപ്പോൾ കലാസ്വാദകർക്ക് നവ്യാനുഭവമായി . തുടർന്ന് കുരുന്ന് പ്രതിഭകൾ ഉൾപ്പെടെ അമ്പതിലധികം കലാകാരികളാണ് വിവിധ നൃത്തരൂപങ്ങളുമായി അരങ്ങിലെത്തിയത്. മഹാരാഷ്ട്ര കേരള സംസ്ക്കാരം വിളിച്ചോതുന്ന വൈവിധ്യമാർന്ന മഹാദേവ സ്തുതി , അടവ് നൃത്തം, കേരള തമിഴ്നാട് പാരമ്പര്യങ്ങളെ തൊട്ടുണർത്തുന്ന മോഹിനിയാട്ട ഭാരതനാട്ട്യ ഫ്യൂഷൻ തുടങ്ങിയ നൃത്തരൂപങ്ങളുമായി മുംബൈയിലെ കലാകാരികൾ അരങ്ങിനെ വിസ്മയിപ്പിച്ചു. വയലിൻ മാന്ത്രികൻ ബാലഭാസ്ക്കരെ അനുസ്മരിച്ചുകൊണ്ട് വാദ്യോപകരണങ്ങൾ ഉപയോഗിച്ചുള്ള ഫ്യൂഷൻ മ്യൂസിക് സംഗീതാസ്വാദകർ നിറകയ്യടികളോടെയാണ് സ്വീകരിച്ചത്. കേരളത്തിന്റെ വശ്യ ഭംഗിയെ വർണിച്ച് കൊണ്ടുള്ള ഗാനാലാപങ്ങൾ ഹൃദ്യമായി.
സഞ്ജീവ് തണ്ടൻ, രാജീവ് മാത്തൂർ, യൂ.കെ നമ്പ്യാർ , അഡ്വ. പദ്മ ദിവാകരൻ, സുനിൽ നായർ , ഗോപാൽ ശർമ്മ മെമ്മോറിയൽ സ്കൂൾ പ്രിൻസിപ്പാൾ സുധ ശരൺ , ഭാസ്ക്കരൻ നമ്പ്യാർ, തുടങ്ങിയവർ വിശിഷ്ടാതിഥികളായിരുന്നു. ഗുരു രാജേന്ദ്ര നായിഡു (നൃത്തം), കൃഷ്ണമോഹൻ നെടുമ്പള്ളി (വയലിൻ), ആശിഷ് എബ്രഹാം (ബഹുമുഖ പ്രതിഭ), ദിവ്യാ നായർ (സംഗീതം ) തുടങ്ങി വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച വ്യക്തികളെ ചടങ്ങിൽ ആദരിച്ചു.