ഏഷ്യയിലെ രണ്ടാമത്തെ വലിയ ജൈവ മേഖലയായ ഒഡീഷയിലെ സിമിലിപ്പാൽ ദേശീയോദ്യാനത്തിൽ കഴിഞ്ഞ രണ്ടാഴ്ചയായി കാട്ടുതീ പടർന്നു പിടിക്കുകയാണ്. ജൈവസമ്പത്തിനെ വിഴുങ്ങി കാട്ടുതീ പടർന്നു പിടിക്കുന്നത് എല്ലാവരിലും ആശങ്ക ഉയർത്തിയിരുന്നു. എന്നാൽ ഈ ആശങ്കയ്ക്ക് ആശ്വാസം പകർന്നിരിക്കുകയാണ് മേഖലയിൽ അപ്രതീക്ഷിതമായെത്തിയ മഴയും ആലിപ്പഴ വീഴ്ച്ചയും. ഈ ആശ്വാസം എത്രത്തോളം വലുതാണെന്ന് ബോധ്യപ്പെടുത്തുന്ന ഒരു വീഡിയോയാണ് ഇപ്പോൾ സാമൂഹ്യ മാദ്ധ്യമങ്ങളിൽ വൈറലാകുന്നത്.
അപ്രതീക്ഷിതമായെത്തിയ മഴ സിമിലിപ്പാലിലെ കാട്ടുതീ കുറയ്ക്കാൻ സഹായിച്ചതിന്റെ ആഹ്ലാദം പങ്കിടുന്ന വനംവകുപ്പ് ഉദ്യോഗസ്ഥയാണ് വീഡിയോയിലെ താരം. തീ പടരുന്നത് കുറയ്ക്കാനുള്ള തന്റെ പ്രാർത്ഥന കേട്ട് മഴ പെയ്യിച്ച ഈശ്വരന് നന്ദി അറിയിക്കുകയാണ് ഇവർ. ഇനിയും കൂടുതൽ മഴ പെയ്യിക്കണമെന്നും ഇവർ പ്രാർത്ഥിക്കുന്നു. സിമിലിപ്പാലിലെ തീ കെടുത്താനുള്ള പോരാട്ടത്തിൽ മുൻനിരയിൽ നിന്നും പ്രവർത്തിച്ച ഉദ്യോഗസ്ഥയാണിവർ. സ്നേഹ ദാൽ എന്ന യുവതിയുടെ ആഹ്ലാദമാണ് ട്വിറ്ററിൽ ഉൾപ്പെടെ പ്രകൃതി സ്നേഹികളുടെ മനം കവരുന്നത്.
The real empowered Nature Lover Forester Mrs. Sneha Dhal who has been involved in dousing the fire in Similipal 24×7 and finally happy with grace of God ” The Rain”@PMOIndia @CMO_Odisha @TheGreatAshB @dpradhanbjp @DM_Mayurbhanj @BasudevNews pic.twitter.com/s4WCO62XgW
— Dr. Yugal Kishore Mohanta (@ykmohanta) March 10, 2021
ഇന്ത്യൻ ഫോറസ്റ്റ് സർവ്വീസ് ഉദ്യോഗസ്ഥനായ രമേശ് പാണ്ഡെ ട്വിറ്ററിലൂടെയാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. സഹായവുമായെത്തുന്ന ദൈവത്തിന്റെ കരങ്ങൾ പോലെയാണ് ഇത്തരം സന്ദർഭങ്ങളിലെ മഴ. സിമിലിപ്പാലിലെ തീ കെടുത്താനുള്ള പോരാട്ടത്തിൽ പങ്കാളിയായ ഒരു വനിതാ ഉദ്യോഗസ്ഥയുടെ ആനന്ദം ദൃശ്യത്തിൽ കാണാമെന്ന കുറിപ്പോടെയാണ് അദ്ദേഹം വീഡിയോ പങ്കുവെച്ചിരിക്കുന്നത്.
നിരവധി പേരാണ് ഇതിനോടകം തന്നെ വീഡിയോ സമൂഹ മാദ്ധ്യമങ്ങളിൽ പങ്കുവെച്ചിരിക്കുന്നത്. മഴ പെയ്തപ്പോൾ ഉദ്യോഗസ്ഥയ്ക്ക് ഉണ്ടായ ആനന്ദം തങ്ങൾക്ക് അനുഭവിച്ചറിയാൻ കഴിയുന്നുണ്ടെന്നാണ് പലരും വീഡിയോയ്ക്ക് താഴെ കമന്റ് ചെയ്തിരിക്കുന്നത്. 2,750 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയിലുള്ള സിമിലിപ്പാൽ ദേശീയോദ്യാനത്തിൽ കാട്ടുതീ വ്യാപക നാശനഷ്ടം ഉണ്ടാക്കിയതായാണ് വിവരം. കാട്ടുതീയിൽ നിരവധി ജീവജാലങ്ങളാണ് കൊല്ലപ്പെട്ടത്.
Content Highlight: Video of Woman Forest Officer Dances In Joy As Rain Showers Over Similipal After Forest Fire