ഡയരക്ട് മെസേജ് വഴി ശബ്ദ സന്ദേശങ്ങൾ അയക്കുന്നതിനുള്ള ഫീച്ചർ ട്വിറ്റർ ഇന്ത്യയിലെ ഉപഭോക്താക്കൾക്ക് ലഭ്യമാക്കാൻ ആരംഭിച്ചു. ഉപയോക്താക്കൾക്ക് ഇപ്പോൾ പരമാവധി 140 സെക്കൻഡ് ദൈർഘ്യമുള്ള വോയ്സ് മെസേജുകൾ അയയ്ക്കാൻ കഴിയും. ആൻഡ്രോയ്ഡ്, ഐഒഎസ് ഉപയോക്താക്കൾക്കാണ് പരീക്ഷണാടിസ്ഥാനത്തിൽ ഈ ഫീച്ചർ ട്വിറ്റർ ലഭ്യമാക്കിയത്. നിലവിൽ ഇന്ത്യ, ബ്രസീൽ, ജപ്പാൻ എന്നിവയുൾപ്പെടെ തിരഞ്ഞെടുത്ത കുറച്ച് രാജ്യങ്ങളിലാണ് പുതിയ ഫീച്ചർ ട്വിറ്റർ അവതരിപ്പിച്ചത്.
“ഇന്ത്യ ട്വിറ്റർ മുൻഗണന നൽകുന്ന വിപണിയാണ്, അതിനാലാണ് ഞങ്ങൾ പുതിയ സവിശേഷതകൾ നിരന്തരം പരീക്ഷിക്കുന്നതും സേവനത്തെക്കുറിച്ചുള്ള ഇവിടത്തെ ആളുകളുടെ അനുഭവത്തിൽ നിന്ന് പഠിക്കുന്നതും. ഡയരക്ട് മെസേജ് വഴി ശബ്ദ സന്ദേശങ്ങൾ അയക്കുന്നതിനുള്ള പരീക്ഷണം രാജ്യത്തേക്ക് കൊണ്ടുവരുന്നതിലൂടെ ആളുകൾക്ക് സ്വന്തം ശബ്ദത്തിൽ സ്വയം പ്രകടിപ്പിക്കുന്നതിനു കഴിയു, ”ട്വിറ്റർ ഇന്ത്യ മാനേജിംഗ് ഡയറക്ടർ മനീഷ് മഹേശ്വരി പറഞ്ഞു.
ശബ്ദ സന്ദേശം അയക്കുന്നതെങ്ങനെ?
ട്വിറ്ററിലെ വോയ്സ് റെക്കോർഡിംഗ് ഐക്കണിൽ ടാപ്പുചെയ്ത് ആൻഡ്രോയ്ഡ് ഉപയോക്താക്കൾക്ക് നിലവിലുള്ളതോ അല്ലെങ്കിൽ പുതിയതോ ആയ ചാറ്റിലേക്ക് വോയ്സ് സന്ദേശങ്ങൾ അയയ്ക്കാൻ കഴിയും. ശബ്ദ സന്ദേശം പൂർത്തിയായിക്കഴിഞ്ഞാൽ, ഐക്കണിൽ ടാപ്പുചെയ്ത് അയയ്ക്കാൻ കഴിയും. ഐഒഎസ് ഉപയോക്താക്കൾക്ക് അവരുടെ സന്ദേശം റെക്കോർഡുചെയ്യാനും ഹോൾഡ് ചെയ്യാനും ഓപ്ഷനുണ്ട്, തുടർന്ന് സ്വൈപ്പുചെയ്ത് റിലീസ് ചെയ്ത് അത് അയക്കാനാവും.
പുതിയ ഫീച്ചർ ആൻഡ്രോയ്ഡ്, ഐഒഎസ് ഉപകരണങ്ങളിലാണ് ലഭ്യമാകുന്നതെങ്കിലും, ഉപയോക്താക്കൾക്ക് ട്വിറ്ററിന്റെ വെബ് പതിപ്പിലും ഈ ശബ്ദ സന്ദേശങ്ങൾ കേൾക്കാൻ കഴിയും.
കുറച്ച് കാലമായി മറ്റ് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ ലഭ്യമായ ഒരു സവിശേഷതയാണ് ശബ്ദ സന്ദേശം. ഡയരക്ട് മെസേജ് ഓപ്ഷൻ കൂടുതൽ ഉപയോഗിക്കാൻ ഉപയോക്താക്കളെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള ട്വിറ്ററിന്റെ ശ്രമമാണ് പുതിയ വോയ്സ് മെസേജ് ഓപ്ഷൻ.
Content Highlight: Twitter has launched a feature in India for sending voice messages via direct messaging.