ഇന്ന് അന്താരാഷ്ട്ര വനിതാ ദിനം. സ്ത്രീകളെ രണ്ടാം തരക്കാരായി കണ്ടിരുന്ന നാളുകളെ തുടച്ചെറിഞ്ഞ് സമത്വത്തിന്റെ പുത്തൻ ഭാവിയിലേക്കുള്ള ലോകത്തിന്റെ പ്രയാണത്തിൽ ഈ ദിവസത്തിന്റെ പങ്ക് വളരെയേറെ പ്രാധാന്യം നിറഞ്ഞതാണ്. സമൂഹം കല്പിച്ചു നൽകുന്ന ചട്ടക്കൂടുകളിൽ ഭേദിച്ച് അവൾ എന്നെ സ്വന്തം ലോകം സൃഷ്ട്ടിച്ചു. നേതൃപാടവത്തിന്റെയും, കഴിവിനെയും കാര്യത്തിൽ പുഷന്മാർക്ക് പിന്നിലല്ല, പലപ്പോഴും പുഷന്മാരെക്കാൾ ഒരു പിടി മുന്നിലാണ് സ്ത്രീകൾ എന്ന് കാലം തെളിയിച്ചു കഴിഞ്ഞു. താരതമ്യേന സ്ത്രീകൾക്ക് വലിയ പിടി ഇല്ലാത്തത് എന്ന് എഴുതിതള്ളിയ മേഖലകളിൽ പോലും ഇന്ന് സ്ത്രീ പ്രാധിനിത്യം ഏറിവരുന്നു. ഇത്തരത്തിൽ ഒന്നാണ് ടെക് ലോകം. പുഷന്മാരുടെ കുത്തക മണ്ഡലം എന്നതിൽ നിന്നും മാറി ഇന്ന് പല വമ്പൻ ടെക് കമ്പനികളുടെയും വലയം പിടിക്കുന്നത് സ്ത്രീകളാണ്. ഇത്തരത്തിൽ ടെക് ലോകത്ത് തങ്ങളുടേതായ ഇടം കണ്ടെത്തിയ 6 വനിതകളെ പരിചയപ്പെടാം.
Sheryl Sandberg / ഷെറിൽ സാൻഡ്ബെർഗ്
അമേരിക്കൻ സമൂഹമാധ്യമ ഭീമനായ ഫേസ്ബുക്കിന്റെ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസറാണ് ഷെറിൽ സാൻഡ്ബെർഗ്. ഹാർവാർഡ് ബിസിനസ് ബിരുദധാരിയായ ഷെറിൽ സാൻഡ്ബെർഗ് 2008ൽ ആണ് ഫേസ്ബുക്കിൽ ചേർന്നത്. 2012ൽ ഫേസ്ബുക്കിന്റെ ഡയറക്ടർ ബോർഡിലെ ആദ്യ വനിതാ അംഗമായി. ആക്ടിവിസ്റ്റ് കൂടെയായ സാൻഡ്ബെർഗ് സ്ത്രീകൾക്ക് തങ്ങളുടെ സ്വപ്നം സാക്ഷാത്കരിക്കാൻ സഹായിക്കുന്ന leanin.org എന്നൊരു പ്ലാറ്റ്ഫോം സ്ഥാപിച്ചു . ഫേസ്ബുക്കിൽ ചേരുന്നതിനുമുമ്പ് ഗൂഗിളിൽ പ്രവർത്തിച്ച സാൻഡ്ബെർഗ് ഗൂഗിളിന്റെ ജീവകാരുണ്യ വിഭാഗമായ google.org സൃഷ്ടിക്കുന്നതിലും പങ്കാളിയായിരുന്നു. ലോകത്തിലെ സ്വാധീനിച്ച 2012-ലെ 100 പേരുടെ ലിസ്റ്റിൽ സാൻഡ്ബെർഗും ഇടം പിടിച്ചിരുന്നു.
വിറ്റ്നി വോൾഫ് ഹെർഡ് Whitney Wolfe Herd
ഡേറ്റിങ് ആപ്ലിക്കേഷനായ ബംബിളിൻ്റെ സ്ഥാപകയും സിഇഒയുമായ വിറ്റ്നി വോൾഫ് ഹെർഡ് ടെക് ലോകത്തെ യുവ നേതാക്കളിൽ പ്രബല. 31 വയസ്സ് മാത്രം പ്രായമുള്ള വിറ്റ്നി വോൾഫ് ഹെർഡ് ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ വനിതാ കോടീശ്വരിയാണ്. 1.5 ബില്യൺ ഡോളർ (10,000 കോടി രൂപ) ആണ് ആകെ ആസ്തി. 2014ൽ ആണ് വിറ്റ്നി വോൾഫ് ഹെർഡ് ബംബിൾ സ്ഥാപിച്ചത്. തലപ്പത്ത് സ്ത്രീ മേധാവി ആയിട്ടുള്ള ലോകത്തിലെ ചുരുക്കം ചില ഡേറ്റിംഗ് ആപ്ലിക്കേഷനുകളിൽ ഒന്നാണിത്. ബംബിൾ സ്ഥാപിക്കുന്നതിന് മുൻപ് ഡെയ്റ്റിംഗ് ആപ്പ് ആയ ടിൻഡറിൽ ആയിരുന്നു വിറ്റ്നി വോൾഫ് ഹെർഡ് പ്രവർത്തിച്ചിരുന്നത്.
റോഷ്നി നാടാർ മൽഹോത്ര Roshni Nadar Malhotra
ഇന്ത്യയിലെ മൂന്നാമത്തെ വലിയ സോഫ്റ്റ്വെയർ എക്സ്പോർട്ടർ കമ്പനിയായ എച്ച്സിഎൽ ടെക്നോളജീസ് ചെയർപേഴ്സൺ ആണ് റോഷ്നി നാടാർ മൽഹോത്ര. 2020ൽ പിതാവും എച്ച്സിഎൽ സ്ഥാപകനുമായ ശിവ് നാടാർ ചെയർമാൻ സ്ഥാനം രാജി വച്ചതോടെയാണ് റോഷ്നിയുടെ സ്ഥാനക്കയറ്റം. 2013ൽ റോഷ്നി നാടാർ എച്ച്സിഎൽ ടെക്കിന്റെ ബോർഡിൽ അഡീഷ്ണൽ ഡയറക്ടറായി ചുമതലയേറ്റിരുന്നു. 2017ൽ എച്ച്സിഎൽ ടെക്നോളജീസിന്റെയും എച്ച്സിഎൽ ഇൻഫോസിസ്റ്റംസിന്റെയും ഹോൾഡിംഗ് കമ്പനിയായ എച്ച്സിഎൽ കോർപ്പറേഷന്റെ ബോർഡിലും നിയമിതയായി. ഇന്ത്യയിലെ ഏറ്റവും ധനികയായ വനിത എന്ന ഖ്യാതി നേടിയ റോഷ്നി നാടാർ, 2019ൽ പുറത്തുവിട്ട ഫോബ്സിന്റെ ലോകത്തെ ഏറ്റവും ശക്തരായ 100 വനിതകളുടെ പട്ടികയിൽ 54-ാം സ്ഥാനം നേടിയിരുന്നു.
സൂസൻ വോജ്സിക്കി Susan Wojcicki
ഗൂഗിളിന്റെ പതിനാറാമത്തെ ജോലിക്കാരിയും പ്രാരംഭ മാർക്കറ്റിംഗ് മാനേജറുമായ സൂസൻ വോജ്സിക്കി ഇപ്പോൾ യൂട്യൂബിൻ്റെ സിഇഒ ആണ്. വോജ്സിക്കിയാണ് ഗൂഗിൾ ഇമേജസ്, ആഡ്സെൻസ് എന്നിവ വികസിപ്പിക്കുന്നതിൽ ചുക്കാൻ പിടിച്ചത്. സിലിക്കൺ വാലി സ്വദേശിയും അഞ്ചു മക്കളുടെ അമ്മയുമായ സൂസൻ വോജ്സിക്കി 2014 ലാണ് യൂട്യൂബിൻ്റെ സാരഥ്യം ഏറ്റെടുത്തത്. ടെക് മേഖലയിൽ 20 വർഷമായി ജോലി ചെയ്യുന്ന സൂസൻ വോജ്സിക്കിയുടെ ആസ്തി 580 മില്യൺ യുഎസ് ഡോളർ ആണ്, അതായതിന് 4,200 കോടിയിലധികം.
Kimberly Bryant കിംബെർലി ബ്രയാന്റ്
2011ൽ ബ്ലാക്ക് ഗേൾസ് കോഡ് സ്ഥാപിച്ച ഒരു ആഫ്രിക്കൻ അമേരിക്കൻ വനിതയാണ് കിംബർലി ബ്രയന്റ്. ഏഴ് വയസ്സിനും 17 വയസ്സിനും ഇടയിൽ പ്രായമുള്ള ആഫ്രിക്കൻ-അമേരിക്കൻ പെൺകുട്ടികൾക്ക് സാങ്കേതികവിദ്യയും പ്രോഗ്രാമിംഗ് പരിജ്ഞാനവും നൽകാൻ ലക്ഷ്യമിട്ട് പ്രവർത്തിക്കുന്ന ഒരു നോൺ-പ്രോഫിറ്റ് സംഘടനയാണ് ബ്ലാക്ക് ഗേൾസ് കോഡ്. ടെക് വ്യവസായത്തിലെ സ്ത്രീകൾക്ക് അവസരങ്ങൾ വർദ്ധിപ്പിക്കുന്നതിനുള്ള ബ്രയാന്റെ സേവനത്തിന്, ടെക് ലോകത്തെ ഏറ്റവും സ്വാധീനമുള്ള 25 ആഫ്രിക്കൻ-അമേരിക്കക്കാരുടെ പട്ടികയിൽ ബിസിനസ് ഇൻസൈഡർ ബ്രയന്റിനെ തിരഞ്ഞെടുത്തിരുന്നു.
ഡെബ്ജാനി ഘോഷ് Debjani Ghosh
നാഷണൽ അസോസിയേഷൻ ഓഫ് സോഫ്റ്റ്വെയർ & സർവീസസ് കമ്പനീസ് (നാസ്കോം) പ്രസിഡന്റാണ് ഡെബ്ജാനി ഘോഷ്. ഇൻഫർമേഷൻ ടെക്നോളജി, ബിസിനസ് പ്രോസസ് ഔട്ട്സോഴ്സിംഗ് വ്യവസായം എന്നിവ കേന്ദ്രീകരിച്ചുള്ള ഇന്ത്യയിലെ ഒരു സർക്കാരിതര ട്രേഡ് അസോസിയേഷനാണ് നാസ്കോം. നാസ്കോമിന്റെ അമരത്തെത്തിയ ആദ്യ വനിതയാണ് ഡെബ്ജാനി ഘോഷ്. അതാത് മേഖലകളിലെ വനിതാ പയനിയർമാരെ ബഹുമാനിക്കുന്ന ‘ഫസ്റ്റ് ലേഡീസ്’ പരിപാടിയിൽ 2018 ജനുവരിയിൽ രാഷ്ട്രപതി ഡെബ്ജാനി ഘോഷിനെ അനുമോദിച്ചിട്ടുണ്ട്. 2020ലെ ടെക് ലീഡറായി വോഗ് മാസികയും ഘോഷിനെ പ്രഖ്യാപിച്ചു.
Content Highlight: The 6 most powerful women in the tech world