നാസയുടെ ചൊവ്വാ ദൗത്യമായ പെഴ്സിവീയറൻസ് റോവറിന് പിന്നിലെ നിര്‍ണായക സാന്നിധ്യമായി ഇന്ത്യന്‍ വംശജ. ഇന്തോ അമേരിക്കന്‍ ശാസ്ത്രജ്ഞയായ സ്വാതി മോഹനാണ് പെഴ്സിവീയറൻസ് റോവറിന്റെ ദിശ, നാവിഗേഷന്‍, കണ്ട്രോള് ഓപ്പറേഷന് വിഭാഗത്തിനെ നയിച്ചത്. നാസയുടെ മാര്‍സ് 2020 മിഷനിലെ നിര്ണായപദവിയാണ് ഈ ഇന്തോ അമേരിക്കന്‍ ശാസ്ത്രജ്ഞ ഭംഗിയായി പൂര്‍ത്തിയാക്കിയത്.
പെഴ്സിവീയറൻസ് റോവറിന്റെ കണ്ണും കാതുമായി കണക്കാക്കുന്നത് ഗൈഡന്‍സ്, നാവിഗേഷന്‍, കണ്ട്രോള്സ് ഓപ്പറേഷന്‍സാണ്. ചൊവ്വാഴ്ച രണ്ടരയോടെയാണ് ചൊവ്വയിലെ ജെസറോ ഗർത്തത്തിൽ പെഴ്സിവീയറൻസ് റോവര്‍ ഇറങ്ങിയത്. ചൊവ്വയിൽ ജീവ സാന്നിധ്യമുണ്ടായിരുന്നോ എന്നതടക്കം പരിശോധിക്കുകയാണ് റോവറിന്റെ ദൌത്യം. ആൾറ്റിട്യൂഡ് കൺട്രോൾ സിസ്റ്റം ടെറെയ്ൻ റിലേറ്റീവ് നാവിഗേഷൻ’എന്ന നൂതന സാങ്കേതികവിദ്യയാണ് പെഴ്സിവീയറൻസിനെ ചൊവ്വയിൽ
കൃത്യ സ്ഥലത്ത് ഇറക്കാൻ നിർണായകമായത്. ഇത് വികസിപ്പിച്ചെടുത്ത സംഘത്തിന് നേതൃത്വം നല്‍കിയത് സ്വാതി മോഹനാണ്.
ഒരുവയസ് പ്രായമുള്ളപ്പോഴാണ് സ്വാതി മോഹന്‍ അമേരിക്കയിലെത്തുന്നത്. നോര്‍ത്തേണ്‍ വിര്‍ജീനിയയിലും വാഷിങ്ടണ്‍ ഡിസിയിലുമായാണ് സ്വാതി വളര്‍ന്നത്. കോര്‍ണെല്‍ സര്‍വ്വകലാശാലയില്‍ നിന്ന് മെക്കാനിക്കല്‍ ആന്‍ഡ് എയറോസ്പേയ്സ് എന്‍ജീനിയറിംഗ് ബിരുദം നേടിയ സ്വാതി മസാച്യുസെറ്റ്സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയില്‍ നിന്ന് എയറോനോട്ടിക്സില്‍ പിഎച്ച്ഡി നേടി. നാസയുടെ മുന്‍ ദൌത്യങ്ങളിലും സ്വാതി ഭാഗമായിട്ടുണ്ട്. ഒന്‍പത് വയസ് പ്രായമുള്ളപ്പോള്‍ കണ്ട ടെലിവിഷന്‍ പരിപാടിയായ സ്റ്റാര്‍ ട്രെക്കാണ് ബഹിരാകാശത്തേക്കുറിച്ചുള്ള താല്പര്യം തന്നില്‍ ഉണര്ത്തിയതെന്നാണ് സ്വാതി പറയുന്നത്.
Content Highlight: Swathi Mohan manages navigation and control operations division of the Perseverance Rover.