കാലാവസ്ഥാ വ്യതിയാനത്തെ അതിജീവിച്ച് കാന്തല്ലൂർ മല നിരകളിൽ സ്ട്രോബറി വിളവെടുപ്പ് തുടങ്ങി. ചൂടപ്പം പോലെയാണ് വിളവെടുപ്പിന്റെ ആദ്യ ദിനത്തിൽ തന്നെ സ്ട്രോബറി വിറ്റുപോയത്. ഒരുകിലോ പഴത്തിന് 500 രൂപയായിരുന്നു വില.
കാന്തല്ലൂർ വെട്ടുക്കാട്ടിൽ വാഴയിൽ വീട്ടിൽ ഷെൽജു സുബ്രഹ്മണ്യന്റെ കൃഷിയിടത്തിലാണ് സ്ട്രോബറി വിളവെടുപ്പ് ആരംഭിച്ചത്. കഴിഞ്ഞ മൂന്ന് മാസം തുടർച്ചയായി പെയ്ത മഴയും മഞ്ഞും മൂലം വിളവെടുപ്പ് ഒരുമാസം താമസിച്ചു.
നവംബറിലാണ് ഷിംലയിൽ നിന്ന് എത്തിച്ച നബിയ ഇനത്തിൽപ്പെട്ട സ്ട്രോബറി തൈകൾ നട്ടത്. ഷെൽജുവും മറ്റു ചില കർഷകരും 10,000 തൈകളാണ് എത്തിച്ചത്. ഇപ്പോൾ ഹോർട്ടികോർപ്പ് മുഖാന്തരം കാമറോസ് തൈകൾ 13.50 രൂപയ്ക്ക് ലഭിക്കുന്നുണ്ട്.
ഒരു തൈയിൽ നിന്ന് അരക്കിലോ മുതൽ ഒരു കിലോ പഴങ്ങൾ വരെ ലഭിക്കും. എന്നാൽ, കാലാവസ്ഥാ വ്യതിയാനം വിളവിനെ കാര്യമായി ബാധിക്കുമെന്ന ആശങ്കയും ഉയരുന്നുണ്ട്.
Content Highlight: Strawberry harvest has started in Kanthalloor