സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ (എസ്.എസ്.സി) നടത്തുന്ന കോൺസ്റ്റബിൾ (ജനറൽ ഡ്യൂട്ടി) പരീക്ഷയുടെ ഷെഡ്യൂൾ മാർച്ച് 25ന് പുറത്തു വിടും. സെൻട്രൽ ആംഡ് പോലീസ് ഫോഴ്സ്, നാഷണൽ ഇൻവെസ്റ്റിഗേഷൻ ഏജൻസി, സെക്രട്ടേറിയൽ സെക്യൂരിറ്റി ഫോഴ്സ്, ആസാം റൈഫിൾസിൽ റൈഫിൾമെൻ എന്നീ സേനകളിലേക്കുള്ള നിയമനത്തിനായാണ് പരീക്ഷ നടത്തുന്നത്.
പത്താം ക്ലാസ് പാസായ ഉദ്യോഗാർത്ഥികൾക്ക് പരീക്ഷയെഴുതാനാകും. മെയ് 10ന് രജിസ്ട്രേഷൻ അവസാനിക്കും. എസ്.എസ്.സിയുടെ പരീക്ഷാ കലണ്ടർ പ്രകാരം കംപ്യൂട്ടർ അധിഷ്ഠിത പരീക്ഷ ഓഗസ്റ്റ് 2 മുതൽ ഓഗസ്റ്റ് 25 വരെയായിരിക്കും.
കംപ്യൂട്ടർ അധിഷ്ഠിത എഴുത്ത് പരീക്ഷ, ഫിസിക്കൽ സ്റ്റാൻഡേർഡ് ടെസ്റ്റ്, ഫിസിക്കൽ എഫിഷ്യൻസി ടെസ്റ്റ്, മെഡിക്കൽ എക്സാമിനേഷൻ എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും അന്തിമ തെരഞ്ഞെടുപ്പ് നടത്തുക. 100 മാർക്കിന്റെ പരീക്ഷയായിരിക്കും കംപ്യൂട്ടർ അധിഷ്ഠിത പരീക്ഷ. ജനറൽ ഇന്റലിജൻസ്, റീസണിംഗ്, ജനറൽ നോളജ്, ജനറൽ അവെയർനസ്, എലിമെന്ററി മാത്തമാറ്റിക്സ്, ഇംഗ്ലീഷ് ഭാഷ അല്ലെങ്കിൽ ഹിന്ദി എന്നിവ ചേർന്നതാണ് പരീക്ഷയുടെ സിലബസ്. വിശദമായ വിവരങ്ങൾക്ക് എസ്.എസ്.സിയുടെ ഔദ്യോഗിക വെബ്സൈറ്റായ https://ssc.nic.in സന്ദർശിക്കുക. പരീക്ഷ എഴുതാൻ താൽപ്പര്യപ്പെടുന്നവർ തയ്യാറെടുപ്പുകൾ ആരംഭിക്കുക.
Content Highlight: SSC Constable General Duty: Exam Schedule 2021