ഈ മഹാമാരി എന്ന് അവസാനിക്കും? കോവിഡ് -19 ലോകത്തെയാകെ കീഴടക്കിയത് മുതൽ എല്ലാവരും ഒന്നടങ്കം ചോദിക്കുന്ന ഒന്നാണിത്. കൊറോണ വൈറസിനെതിരെ പ്രവർത്തിക്കുന്ന വാക്സിൻ നൽകാൻ തുടങ്ങിയതോടെ ഈ ചോദ്യത്തിനുള്ള ഉത്തരവും ചിലർ കണ്ടെത്തിയിരിക്കുകയാണ്.
കാര്യങ്ങൾ സാധാരണ നിലയിലേക്ക് എത്താൻ ലോകജനസംഘ്യയുടെ 70 മുതൽ 85 ശതമാനം ആളുകളിലേക്ക് പ്രതിരോധ മരുന്ന് എത്തണമെന്നാണ് അമേരിക്കൻ ശാസ്ത്രസംഘത്തിന്റെ വിലയിരുത്തൽ. ലോകം മുഴുവനുമുള്ള വാക്സിനേഷൻ രീതി കണക്കിലെടുത്ത് ബ്ലൂംബെർഗ് നിർമ്മിച്ച ഡാറ്റാബേസിലെ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഈ കണക്കുകൂട്ടൽ.
ലോകത്തിലെ ഏറ്റവും ഉയർന്ന വാക്സിനേഷൻ നിരക്കുള്ള രാജ്യം ഇസ്രായേലാണ്. ഇവിടെ വെറും രണ്ട് മാസത്തിനുള്ളിൽ 75 ശതമാനം ആളുകളിലേക്ക് പ്രതിരോധ മരുന്ന് എത്തി. 2022 പുതുവത്സരത്തിൽ അമേരിക്കയും ഈ നിലയിലേക്കെത്തും. രണ്ട് ഡോസ് വാക്സിൻ ഉപയോഗിച്ച് കോവിഡിനെതിരെ കവചം തീർക്കാൻ ശ്രമിക്കുന്ന ചില രാജ്യങ്ങൾ മറ്റുള്ളവയേക്കാൾ വളരെ വേഗത്തിൽ പുരോഗതി കൈവരിക്കുന്നതായാണ് ബ്ലൂംബെർഗിന്റെ വാക്സിൻ ട്രാക്കർ സൂചിപ്പിക്കുന്നത്. ലോകത്തിന്റെ മറ്റു ഭാഗങ്ങളെ അപേക്ഷിച്ച് സമ്പന്നമായ പാശ്ചാത്യ രാജ്യങ്ങളിൽ പ്രതിരോധ കുത്തിവയ്പ്പുകൾ വളരെ വേഗത്തിൽ നടക്കുന്നണ്ട്. നിലവിലെ സ്ഥിതിഗതികൾ പരിഗണിക്കുമ്പോൾ ലോകം മുഴുവൻ വാക്സിൻ എത്താൻ ഏഴ് വർഷമെടുക്കുമെന്നാണ് കണക്കുകൂട്ടൽ.
നിലവിലെ വാക്സിനേഷൻ രീതി അടിസ്ഥാനമാക്കിയാണ് ഈ കണ്ടെത്തലുകൾ നടത്തിയിട്ടുള്ളതെന്നും വാക്സിൻ വിതരണം കൂടുതൽ വേഗത ആർജ്ജിക്കുമ്പോൾ ലോകം പൂർവ്വസ്ഥിതിയിലേക്ക് മടങ്ങാനെടുക്കുന്ന കാലയളവും കുറയുമെന്നാണ് വിലയിരുത്തൽ. കൂടുതൽ വാക്സിനുകൾ ലഭ്യമാകുമ്പോൾ പ്രതിരോധ കുത്തിവയ്പ്പിന്റെ വേഗതയും കൂടും. ഇന്ത്യയിലും മെക്സിക്കോയിലുമുള്ള ലോകത്തിലെ ഏറ്റവും വലിയ വാക്സിൻ നിർമാണ കേന്ദ്രങ്ങളിൽ മരുന്ന് നിർമ്മാണം തുടങ്ങിയിട്ടേ ഒള്ളു. ബ്ലൂംബെർഗ് റിപ്പോർട്ടനുസരിച്ച് വിവിധ രാജ്യങ്ങൾ ഇതിനോടകം 8.5 ബില്യൺ ഡോസ് വാക്സിൻ ലഭിക്കുന്നതിനായി നൂറോളം കരാറുകളിൽ ഏർപ്പെട്ടിട്ടുണ്ട്. മൂന്നിലൊന്ന് രാജ്യങ്ങളിൽ മാത്രമാണ് ഇപ്പോൾ പ്രതിരോധ കുത്തിവയ്പ്പ് ആരംഭിച്ചിട്ടുള്ളത്.
വാക്സിൻ സ്വീകരിച്ച് ഏതാനും ആഴ്ചകൾക്കുള്ളിൽ വൈറസിനെതിരെ പ്രതിരോധം തീർക്കാൻ ആളുകൾക്ക് കഴിയും. എന്നാൽ ഒരു പ്രദേശത്തെ കുറച്ച് ആളുകൾക്ക് മാത്രം മരുന്ന് ലഭിച്ചതുകൊണ്ട് പ്രയോജനമുണ്ടാകില്ല. വാക്സിനെടുക്കാത്ത മറ്റ് ആളുകൾ വൈറസ് വാഹകരായി തുടരും. കൂടുതൽ ആളുകൾ വാക്സിനെടുക്കുമ്പോൾ വൈറസിനെതിരെ ഒരു കൂട്ടായ പ്രതിരോധം കെട്ടിപ്പടുക്കാൻ കഴിയും.
Content Highlight: Scientist Calculated that it would take seven years to oust Covid