പ്രമുഖ റിയാലിറ്റി ഷോയായ ബിഗ് ബോസിന്റെ ഹിന്ദി പതിപ്പില്‍ പതിവില്ലാത്ത സംഭവവികാസങ്ങളാണ് അരങ്ങേറുന്നത്. ബിഗ് ബോസിന്റെ നിരവധി സീസണുകളില്‍ അവതാരകനായെത്തിയ ബോളിവുഡ് നടന് സല്മാന് ഖാന് രൂക്ഷമായ ഭാഷയില്‍ മത്സരാര്‍ത്ഥികളോട് കയര്‍ക്കുന്ന രംഗങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ബിഗ് ബോസ് 14 മത്സരാര്‍ത്ഥിയായ രാഖി സാവന്തിനോടാണ് സല്മാന് പൊട്ടിത്തെറിച്ചത്.
ഷോയില്‍ മികച്ച പ്രകടനം കാഴ്ചവച്ചു മുന്നേറുന്ന മത്സരാര്‍ത്ഥികളില്‍ ഒരാളാണ് രാഖി. സീസണിലെ മികച്ച എന്റര്‍ടെയിനര്‍ എന്ന പട്ടമാണ് രാഖിക്ക് പ്രേക്ഷകരടക്കം നല്‍കിയിരിക്കുന്നത്. എന്നാല്‍ കഴിഞ്ഞ കുറച്ച് ദിവസങ്ങളായുള്ള രാഖിയുടെ പ്രവര്‍ത്തികള്‍ സഹമത്സരാര്‍ത്ഥികളെയും പ്രേക്ഷകരെയും ഒരുപോലെ നിരാശപ്പെടുത്തുന്നതായിരുന്നു. മറ്റുള്ളവരെക്കുറിച്ചുള്ള രാഖിയുടെ ചില അഭിപ്രായപ്രകടനങ്ങളും മോശമായ പ്രദപ്രയോഗവുമാണ് സല്‍മാനെ ചൊടിപ്പിച്ചത് എന്നാണ് വിഡിയോയില്‍ നിന്ന് വ്യക്തമാകുന്നത്.
രാഖിയെ മാറ്റി നിര്‍ത്തി സംസാരിക്കുന്ന സല്മാന് അതീവ ക്ഷുഭിതനായാണ് കാണപ്പെടുന്നത്. രാഖിയെ തുടക്കം മുതല്‍ പിന്തുണച്ച വ്യക്തിയാണ് താന്‍ എന്ന് പറഞ്ഞ താരം പിന്നീട് അവരുടെ തെറ്റുകള്‍ ചൂണ്ടിക്കാട്ടി കുറ്റപ്പെടുത്തുകയാണ്. രാഖി ന്യായീകരിക്കാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും ഇപ്പോള്‍ ചെയ്യുന്നത് പോലുള്ള എന്റര്‍ടെയിന്‍മെന്റ് ഷോയ്ക്ക് ആവശ്യമില്ലെന്ന് സല്മാന് പറഞ്ഞു. ‘നിങ്ങള്‍ മറ്റുള്ളവരെ കുറ്റപ്പെടുത്തുന്നു, അവരുടെ സ്വഭാവത്തെ ചോദ്യം ചെയ്യുന്നു. ഇതാണ് നിങ്ങളുടെ എന്റര്‍ടെയിന്‍മെന്റ് എങ്കില്‍ ഞങ്ങള്‍ക്കത് വേണ്ട. സ്വന്തം നിയന്ത്രണങ്ങള്‍ക്കുള്ളില്‍ നില്ക്കാന് കഴിയില്ലെങ്കില്‍ ഇപ്പോള്‍ ഷോ വിട്ട് പുറത്തുപോകാം’, സല്മാന് പറഞ്ഞു.
Content Highlight: Salman Khan asked Bigg Boss 14 contestant Rakhi Sawant to leave the show.