കൊവിഡ് 19 വാക്സിൻ്റെ ആദ്യ ഡോസ് സ്വീകരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഡൽഹി എയിംസ് ആശുപത്രിയിൽ നിന്നാണ് മോദി വാക്സിൻ സ്വീകരിച്ചത്. വാക്സിൻ സ്വീകരിച്ച വിവരം പ്രധാനമന്ത്രി തന്നെയാണ് ട്വിറ്ററിലൂടെ അറിയിച്ചത്. കൊവിഡ് വാക്സിൻ വികസിപ്പിക്കാൻ പ്രയത്നിച്ച ശാസ്ത്രജ്ഞരെ അഭിനന്ദിക്കുന്നതായും അദ്ദേഹം പറഞ്ഞു. രാജ്യത്ത് 60 വയസ്സിനു മുകളിൽ പ്രായമുള്ളവര്‍ക്കും 45 വയസ്സിനു മുകളിൽ പ്രായമുള്ള പ്രത്യേക രോഗാവസ്ഥകളുള്ളവര്‍ക്കും വാക്സിൻ വിതരണം തുടങ്ങുന്നതിനിടയിലാണ് പ്രധാനമന്ത്രിയുടെ വാക്സിൻ സ്വീകരണം.
“ഇന്ന് കൊവിഡ് 19 വാക്സിൻ്റെ ആദ്യ ഡോസ് എയിംസിൽ നിന്ന് സ്വീകരിച്ചു. കൊവിഡ് 19നെതിരെ ഇത്ര വേഗത്തിൽ പോരാട്ടം ശക്തിപ്പെടുത്താൻ നമ്മുടെ ഡോക്ടര്‍മാര്‍ക്ക് കഴിഞ്ഞു എന്നത് ഏറെ പ്രശംസനീയമാണ്. ” പ്രധാനമന്ത്രി ട്വിറ്ററിൽ കുറിച്ചു. വാക്സിൻ കുത്തിവെയ്പ്പെടുക്കുന്നതിൻ്റെ ചിത്രവും അദ്ദേഹം ട്വീറ്റ് ചെയ്തു.
വാക്സിൻ സ്വീകരിക്കാൻ യോഗ്യതയുള്ള എല്ലാവരും വാക്സിൻ സ്വീകരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഇന്ത്യ കൊവിഡ് മുക്തമാക്കാൻ ഒരുമിച്ച് പ്രയത്നിക്കണമെന്നും അദ്ദേഹം പറഞ്ഞു.
Content Highlight: PM Narendra Modi receives first dose of Covid vaccine