മൊബൈൽ ഫോണുകളുടെ വരവോടെ ശാന്തമായി വീടുകളിൽ നിന്നും പടിയിറങ്ങിയ ഒന്നാണ് ലാൻഡ് ഫോണുകൾ. ചിലരുടെ വീടുകളിൽ ഇപ്പോഴും ലാൻഡ് ഫോണുകൾ ഉണ്ടെങ്കിലും എത്രത്തോളം ഉപയോഗം അവയ്ക്കുണ്ട് എന്നത് മനസ്സിലാക്കാവുന്നതേയുള്ളൂ. ഉപയോഗം ഇല്ല എന്നും കരുതി പഴയ ലാൻഡ് ഫോണിന്റെ ഒപ്പമുള്ള പിരിയൻ വള്ളി (സ്പൈറലിംഗ് കോഡ്) ഇപ്പോൾ ഒരു ആഭരണമാണ്. ഓൺലൈനിൽ വിൽക്കുന്ന വില കേൾക്കണോ? ഏതാണ്ട് ഒന്നര ലക്ഷം.
View this post on Instagram
ഇറ്റാലിയൻ ആഡംബര ബ്രാൻഡായ ബോട്ടേഗ വെനേറ്റ (Bottega Veneta) ആണ് പണ്ടുള്ള ലാൻഡ് ഫോണുകളിൽ നാം കണ്ടിട്ടുള്ള പിരിയൻ വള്ളിയോട് ഏറെ സാദൃശ്യം തോന്നുന്ന നെക്ലേസും കമ്മലും അവതരിപ്പിച്ചിരിക്കുന്നത്. പ്രശസ്തമായ ഇൻസ്റ്റാഗ്രാം പേജായ ഡയറ്റ് പ്രാഡ ആണ് രസകരമായ ഈ കാര്യം സൈബർ ലോകത്തിന്റെ ശ്രദ്ധയിൽ പെടുത്തിയത്. 2000 ഡോളർ (Rs 1,45,189) വില വരുന്ന ബോട്ടേഗ വെനേറ്റ നെക്ലേസും വെറും അഞ്ച് ഡോളർ (Rs 362) വില വരുന്ന യഥാർത്ഥ ഫോൺ കേബിളിന്റെ ചിത്രവും ചേർത്തുവച്ചുള്ള ഡയറ്റ് പ്രാഡയുടെ ഇൻസ്റ്റാഗ്രാം പോസ്റ്റ് വൈറൽ ആണ്.
കാര്യം കാണാൻ ഫോണിന്റെ പിരിയൻ വള്ളി പോലെ തോന്നുമെങ്കിലും എനാമെൽഡ് സ്റ്റെർലിങ് സിൽവർ കൊണ്ടാണ് ബോട്ടേഗ വെനേറ്റ തങ്ങളുടെ പുതിയ ആഭരണം തയ്യാറാക്കിയിരിക്കുന്നത്. അവരുടെ വെബ്സൈറ്റിൽ ഫോൺ കോഡ് പോലെയുള്ള നെക്ലേസും കമ്മലും ധരിച്ച് നിൽക്കുന്ന മോഡലുകളുടെ ഫോട്ടോകളുമുണ്ട്. പച്ച, നീല, വെള്ള നിറങ്ങളിൽ ബോട്ടേഗ വെനേറ്റ നെക്ളേസ് ലഭ്യമാണ്.
Content Highlight: The Italian luxury brand Bottega Veneta has introduced a necklace and earrings looks similar to landlines chords