യാത്രസൗകര്യങ്ങള്‍ വര്‍ധിച്ചതും ലോകം മുഴുവനും ഒരു സ്മാര്‍ട്ട് ഫോണിലേക്ക് എത്താനും തുടങ്ങിയതോടെ വിനോദസഞ്ചാരത്തിനും ആളുകള്‍ കൂടുതല്‍ ശ്രദ്ധ നല്കി തുടങ്ങി. ഇന്നുവരെ അറിഞ്ഞിട്ടും കേട്ടിട്ടുമില്ലാത്ത സ്ഥലത്തേക്ക് എത്തിപ്പറ്റാന്‍ ആളുകള്‍ തിടുക്കം കൂട്ടുമ്പോള്‍ പലപ്പോഴും പല അബദ്ധങ്ങളും ചിലപ്പോള്‍ അപകടങ്ങളും സംഭവിക്കാറുണ്ട്. ഇപ്പോള്‍ നേപ്പാളിലെ ദമാനിലെ റിസോര്‍ട്ട് മുറിയില്‍ മരിച്ചത് എട്ട് മലയാളികളാണ്. തണുപ്പകറ്റാന്‍ മുറിയില്‍ ഉപയോഗിച്ചിരുന്ന ഗ്യാസ് ഹീറ്ററില്‍ നിന്ന് കാര്‍ബണ്‍മോണോക്സൈഡ് ചോര്‍ന്നതാണ് മരണകാരണം.
അതുപോലെ തന്നെ കഴിഞ്ഞ ദിവസം വേമ്പനാട് കായലില്‍ ഹൗസ് ബോട്ട് തീപിടിച്ച് കത്തിനശിച്ചിരുന്നു. അതില്‍ ഉണ്ടായിരുന്ന 16 യാത്രക്കാരും ജീവനക്കാരും കായലിലേക്ക് ചാടിയാണ് രക്ഷപ്പെട്ടത്. ഈ അപകടങ്ങള്‍ക്ക് കാരണം ആ സഞ്ചാരികളുടെ അശ്രദ്ധയല്ലെങ്കിലും പലപ്പോഴും വിനോദസഞ്ചാര കേന്ദ്രങ്ങളിലെ അപകടങ്ങള്‍ യാത്രികര്‍ ക്ഷണിച്ചു വരുത്താറാണ് പതിവ്. ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ ഏറെക്കുറെ അപകടങ്ങള്‍ നമ്മള്‍ക്ക് ഒഴിവാക്കാന്‍ സാധിക്കും.