രാജകുടുംബത്തിൽ നിന്നനുഭവിക്കേണ്ടി വന്ന അവഗണനയെയും വിവേചനത്തെയും കുറിച്ച് തുറന്നുപറഞ്ഞ് ഹാരിയും മേഗൻ മാർക്കലും. ആദ്യ കുഞ്ഞ് ജീവിതത്തിലേക്ക് കടന്നുവരുന്നതിന് മുമ്പ് രാജകുടുംബത്തിലുണ്ടായ ചർച്ചകളും ആശങ്കകളും മേഗൻ വെളിപ്പെടുത്തി. ആർച്ചിയുടെ നിറം എത്രമാത്രം ഇരുണ്ടതാകുമെന്ന ചിന്ത അവരെ അലട്ടിയിരുന്നെന്നും ജനനത്തിന് മുമ്പ് തന്നെ കുഞ്ഞിന് സുരക്ഷാസംവിധാനങ്ങളോ രാജകീയ പദവിയോ നിഷേധിക്കപ്പെടുമെന്ന് അറിയിച്ചിരുന്നെന്നും മേഗൻ പറഞ്ഞു.
അമേരിക്കൻ ടെലിവിഷൻ അവതാരക ഓപ്ര വിൻഫ്രിയ്ക്ക് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് മേഗനും ഹാരിയും രാജകുടുംബത്തിലെ ജീവിതത്തെക്കുറിച്ച് സംസാരിച്ചത്. അവിടുത്തെ അനുഭവങ്ങൾ ആത്മഹത്യയെ കുറിച്ചുള്ള ചിന്തയിലേക്കെത്തിച്ചെന്ന് മേഗൻ വെളിപ്പെടുത്തി. മാനസികാരോഗ്യം കൈവിട്ടപ്പോഴും വൈദ്യസഹായം നേടാനുള്ള അനുവാദം നിഷേധിക്കപ്പെട്ടെന്നും അവർ പറഞ്ഞു.
കേറ്റ് മിഡിൽടണ്ണിനെ കരയിച്ചതായുള്ള ആരോപണങ്ങൾ നിഷേധിച്ച മേഗൻ കേറ്റ് തന്നെയാണ് കരയിച്ചതെന്ന് പറഞ്ഞു. വിവാഹത്തിന് ദിവസങ്ങൾക്ക് മുമ്പായിരുന്നു ആ സംഭവം. ഫളവർ ഗേൾസിന്റെ വസ്ത്രത്തെക്കുറിച്ചുള്ള ഒരു കാര്യം എന്നെ നോവിച്ചു അത് എന്നെ കരയിപ്പിക്കുന്നതായിരുന്നു, മേഗൻ പറഞ്ഞു. ഇതിന് കേറ്റ് പിന്നീട് മാപ്പ് ചോദിച്ചതായും മേഗൻ വെളിപ്പെടുത്തി.
രാജകീയ വിവാഹത്തിന് മൂന്ന് ദിവസം മുൻപ് ആരുമറിയാതെ തങ്ങൾ വിവാഹം ചെയ്തിരുന്നെന്നും മേഗനും ഹാരിയും അറിയിച്ചു. അച്ഛൻ പ്രിൻസ് ചാൾസ് ഇപ്പോൾ തന്റെ ഫോൺകോളുകൾ എടുക്കാറില്ലെന്നും കഴിഞ്ഞ വർഷം ആദ്യ പാദം മുതൽ സാമ്പത്തികമായി ഇല്ലാതാക്കിയിരുന്നെന്നും അമ്മ ഡയാന രാജകുമാരിയുടെ പണമാണ് താൻ ആശ്രയിച്ചതെന്നും ഹാരി പറഞ്ഞു.
2020 ആദ്യം ഹാരിയും മേഗനും രാജകീയ പദവികൾ ഉപേക്ഷിച്ച് മകൻ ആർച്ചിക്കൊപ്പം വടക്കെ അമേരിക്കയിലേക്ക് ചേക്കേറിയിരുന്നു. വീണ്ടും ഗർഭിണിയാണെന്ന കാര്യവും പിറക്കാനിരിക്കുന്നത് മകളാണന്ന കാര്യവും അഭിമുഖത്തിൽ ഹാരിയും മേഗനും വെളിപ്പെടുത്തി.
Content Highlight: Harry and Megan Markle talk openly about the neglect and discrimination they suffered from the royal family