കർശന നിയന്ത്രണ മേഖലകളിൽ നിലവിലെ രീതിയും മറ്റിടങ്ങളിൽ കൂടുതൽ ഇളവുകളുമാണ് ലോക്ഡൗണിന്റെ നാലാം ഘട്ടത്തിനുശേഷം ഉദ്ദേശിക്കുന്നതെന്നു കേന്ദ്ര സർക്കാർ വൃത്തങ്ങൾ വെളിപ്പെടുത്തി. പ്രശ്നരഹിത മേഖലകളിൽ ഷോപ്പിങ് മാളുകൾ തുറക്കുന്നതുൾപ്പെടെ കൂടുതൽ ഇളവുകൾ വന്നേക്കും.
പ്രശ്നമേഖലകളിൽ പരിശോധന വർധിപ്പിക്കുക, ആശുപത്രി സംവിധാനം ഉറപ്പാക്കുക തുടങ്ങിയവയിലാണു ശ്രദ്ധ ഊന്നുന്നത്.ഇതിനിടെ, ലോക്ഡൗൺ പ്രഖ്യാപിച്ചതിനപ്പുറം കഴിഞ്ഞ 2 മാസത്തിൽ കോവിഡ് വ്യാപന നിയന്ത്രണത്തിൽ കേന്ദ്ര സർക്കാരിന്റെ ഇടപെടൽ വേണ്ടത്ര ഫലപ്രദമായിട്ടില്ലെന്ന് വിലയിരുത്തലുണ്ട്. കേന്ദ്രവും സംസ്ഥാനങ്ങളും തമ്മിൽ ഏകോപനമില്ലാത്തത് ലോക്ഡൗൺ വ്യവസ്ഥകളെക്കുറിച്ചുപോലും ആശക്കുഴപ്പത്തിന് ഇടയാക്കി.ലോക്ഡൗൺ പ്രഖ്യാപിച്ചാൽ ഓരോ സംസ്ഥാനത്തെയും സ്ഥിതി എന്താവുമെന്ന് സൂക്ഷ്മമായി വിലയിരുത്താത്തതാണ് അതിഥിത്തൊഴിലാളികളുടെ നീക്കത്തിലുൾപ്പെടെ പ്രതിസന്ധിക്കു കാരണമായതെന്നു വിലയിരുത്തലുണ്ട്.
ലോക്ഡൗണിന്റെ ഘട്ടങ്ങൾക്കിടയിൽത്തന്നെ മാർഗരേഖ പല തവണ മാറ്റി. ട്രെയിൻ, വിമാന സർവീസുകൾ ഭാഗികമായി തുടങ്ങുന്നതു നാലാം ഘട്ടത്തിനിടെയാണ്. ട്രെയിനിലും വിമാനത്തിലും എത്തുന്നവർക്ക് ക്വാറന്റീൻ വേണോ, എത്ര ദിവസം തുടങ്ങിയ കാര്യങ്ങളിൽ ഇപ്പോഴും സംസ്ഥാനങ്ങളുടെ നിലപാടിൽ പൊരുത്തമില്ല. വന്ദേ ഭാരത് യജ്ഞത്തിന്റെ രണ്ടാം ഘട്ടത്തിനിടെ കഴിഞ്ഞ ദിവസം ആഭ്യന്തര, ആരോഗ്യ മന്ത്രാലയങ്ങൾ വീണ്ടും മാർഗരേഖയിറക്കി.കോവിഡ് നിയന്ത്രണ നടപടികളെ രാഷ്ട്രീയമായി ഉപയോഗിക്കുന്നുവെന്ന് കേന്ദ്രത്തിനെതിരെ ആരോപണവുമുയർന്നു. ബംഗാളിലേക്കു കേന്ദ്രസംഘത്തെ അയച്ചത് സംസ്ഥാനവും കേന്ദ്രവും തമ്മിൽ വാക്പോരിനു വഴിവച്ചു.പണമില്ലായ്മ പൊതുവിൽ കേന്ദ്ര നടപടികളെ ബാധിച്ചിട്ടുണ്ട്. ചരക്ക്, സേവന നികുതി നഷ്ടപരിഹാര ഇനത്തിൽ 4 മാസത്തെ കുടിശിക നൽകാനുണ്ട്.