സങ്കീർണമായ നേത്രശസ്ത്രക്രിയയ്ക്കു വിധേയനായതായി സൂപ്പർ താരം അമിതാഭ് ബച്ചൻ സ്ഥിരീകരിച്ചു. രോഗമുക്തിക്ക് സമയമെടുക്കുമെന്നും ഇപ്പോൾ ശരിക്കു വായിക്കാനോ എഴുതാനോ കാണാനോ പറ്റാത്ത അവസ്ഥയിലാന്നെും അദ്ദേഹം ആരാധകരെ അറിയിച്ചു.
‘ആരോഗ്യപ്രശ്നങ്ങളുണ്ട്, ശസ്ത്രക്രിയയ്ക്ക് വിധേയനാവുകയാണ്, എഴുതാനാവുന്നില്ല…’ എന്ന് ശനിയാഴ്ച അദ്ദേഹം ബ്ലോഗിൽ കുറിച്ചിരുന്നു. എന്താണ് അസുഖമെന്ന് അറിയാതെ ആശങ്കയിലാണ്ട ആരാധകർക്ക് നേരിയ ആശ്വാസം പകർന്നുകൊണ്ടാണ് കണ്ണിനായിരുന്നു ശസ്ത്രക്രിയ എന്ന് അദ്ദേഹം തിങ്കളാഴ്ച വെളിപ്പെടുത്തിയത്. ഒരു കണ്ണിൽ ശസ്ത്രക്രിയ കഴിഞ്ഞെന്നും മറ്റേ കണ്ണിലും ചെയ്യണമെന്നും അദ്ദേഹം അറിയിച്ചു.
ഈ പ്രായത്തിലെ നേത്ര ശസ്ത്രക്രിയ സങ്കീർണമാണ്. അങ്ങേയറ്റം സൂക്ഷ്മത വേണ്ടതുമാണ്. അതുകൊണ്ടുതന്നെ പൂർണ രോഗമുക്തിക്ക് സമയമെടുക്കും. ശരിക്ക് കാണാനോ എഴുതാനോ വായിക്കാനോ പറ്റാത്ത അവസ്ഥയാണ്. എഴുതുന്നതിൽ അക്ഷരത്തെറ്റുണ്ടാവും. വേറൊന്നും ചെയ്യാനാവാത്തതുകൊണ്ട് പാട്ടുകേട്ടും ചിന്തയിൽ മുഴുകിയും സമയം കളയുകയാണ്. ഒട്ടും എളുപ്പമല്ല അത് -അദ്ദേഹം എഴുതി.
ഒരിക്കൽ മദ്യപിച്ച് ക്രീസിലിറങ്ങിയ വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റ് താരം ഗാരി സോബേഴ്സിന്റെ അവസ്ഥയോടാണ് അദ്ദേഹം തന്റെ കാഴ്ചയെ ഉപമിച്ചത്. ബാറ്റ് ചെയ്യാൻ നിൽക്കുമ്പോൾ ഒരു ബോളിനു പകരം മൂന്നെണ്ണം കണ്ടെന്നാണ് അദ്ദേഹം പറഞ്ഞത്. നടുവിലെ ബോളിനെ ലക്ഷ്യം വെച്ച് അദ്ദേഹം ടീമിനെ വിജയത്തിലേക്ക് നയിച്ചു. ‘ടൈപ്പ് ചെയ്യാനിരിക്കുമ്പോൾ ഒരോ അക്ഷരവും മൂന്നായി കാണുകയാണ് ഞാൻ. നടുവിലെ അക്ഷരത്തിലാണ് വിരലമർത്തുന്നത്.’ രോഗവിവരമറിഞ്ഞ് ആശംസകൾ നേർന്ന മുഴുവനാളുകൾക്കും അദ്ദേഹം നന്ദി പറഞ്ഞു.
നടൻ അജയ് ദേവഗൺ സംവിധാനം ചെയ്യുന്ന മേയ് ഡേ എന്ന സിനിമയിൽ ഹൈദരാബാദിൽ അഭിനയിച്ചുകൊണ്ടിരിക്കേയാണ് അദ്ദേഹം ചികിത്സയ്ക്കായി മുംബൈയിലെത്തിയത്. വികാസ് ബാലിന്റെ സിനിമയാണ് അടുത്തത്. അതിന്റെ ചിത്രീകരണം തുടങ്ങും മുമ്പ് ആരോഗ്യം വീണ്ടെടുക്കാനാവുമെന്ന് ബച്ചൻ പ്രതീക്ഷ പ്രകടിപ്പിച്ചു.
Content Highlight: Bollywood actor Amitabh Bachchan has confirmed that he has undergone complex eye surgery.