സൂര്യ പ്രധാന വേഷത്തിൽ എത്തിയ സൂരറൈ പോട്ര് ഓസ്കാർ പുരസ്കാരത്തിന്റെ പ്രാഥമിക ഘട്ടം കടന്നു. ഓസ്കര് മത്സരത്തിനായി തെരഞ്ഞെടുത്തിരിക്കുന്ന 366 ചിത്രങ്ങളുടെ പട്ടികയിൽ ഇടം നേടിയിരിക്കുകയാണ് ചിത്രം. 93ാമത് അക്കാദമി അവാർഡുകൾക്കായി യോഗ്യത നേടിയ ഫീച്ചർ ചിത്രങ്ങൾ അക്കാദമി ഓഫ് മോഷൻ പിക്ചർ ആർട്സ് ആൻഡ് സയൻസാണ് പുറത്തുവിട്ടത്.
മികച്ച നടന്, മികച്ച നടി, മികച്ച സംവിധായിക തുടങ്ങിയ നിരവധി വിഭാഗങ്ങളിലേക്കാണ് ചിത്രം പരിഗണിക്കുന്നത്. സൂര്യയുടെ നിര്‍മാണക്കമ്പനിയായ 2ഡി എന്റര്ടെയ്ന്മെന്റാണ് സന്തോഷവാര്‍ത്ത പങ്കുവെച്ചത്. മാര്‍ച്ച് 5 മുതല്‍ 10 വരെ നടക്കുന്ന വോട്ടിംഗിനു ശേഷം 15ന് ഈ വര്‍ഷത്തെ നോമിനേഷനുകള്‍ പ്രഖ്യാപിക്കും.
കൊവിഡ് പശ്ചാത്തലം പരിഗണിച്ച് സിനിമകള്‍ക്ക് മത്സരിക്കാനുള്ള മാനദണ്ഡങ്ങളില്‍ അക്കാദമി ചില അയവുകള്‍ വരുത്തിയിരുന്നു. ഇതാണ് സൂരറൈ പോട്രിനു മുന്നില്‍ സാധ്യത തുറന്നത്. തിയറ്ററുകള്‍ ഏറെക്കുറെ അടഞ്ഞുകിടന്ന വര്‍ഷമാണ് കടന്നുപോയത് എന്നതിനാല്‍ ഡയറക്ട് ഒടിടി റിലീസുകള്‍ക്കും ഇത്തവണ മത്സരത്തില്‍ പങ്കെടുക്കാനുള്ള അവസരമുണ്ടായിരുന്നു. എന്നാല്‍ ഈ മാസം 28 മുതല്‍ യുഎസിലെ ആറ് പ്രധാന നഗരങ്ങളിലെ ഏതെങ്കിലും തിയറ്ററുകളിലോ ഡ്രൈവ് ഇന്‍ തിയറ്ററുകളിലോ അത്തരം ചിത്രങ്ങളും ഒരാഴ്ച പ്രദര്‍ശിപ്പിക്കണമെന്ന് നിയമാവലിയിലുണ്ട്.
സുധ കൊങ്കര സംവിധാനം ചെയ്ത ചിത്രത്തിൽ Aparna Balamuraliയാണ് നായികയായി എത്തിയത്. ആഭ്യന്തര വിമാന സര്‍വ്വീസ് ആയ എയര്‍ ഡെക്കാണിന്റെ സ്ഥാപകന്‍ ജി ആര് ഗോപിനാഥിന്റെ ജീവിതത്തെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയത്. ആമസോൺ പ്രൈമിൽ റിലീസ് ചെയ്ത ചിത്രം മികച്ച അഭിപ്രായം നേടിയിരുന്നു.
Content Highlight: Surya’s ‘Soorarai Pottru’ enters first stage at Oscars