ബാലചന്ദ്ര മേനോന് മലയാളത്തിനു പരിചയപ്പെടുത്തിയ താരമാണ് ശോഭന. 1984ൽ പുറത്തിറങ്ങിയ ഏപ്രിൽ 18 എന്ന ചിത്രത്തില്‍ ബാലചന്ദ്രമേനോന്റെ നായികയായി എത്തിയ ശോഭന ഒരുപിടി നല്ല വേഷങ്ങളിലൂടെ തെന്നിന്ത്യൻ സിനിമാലോകത്ത് പകരം വെക്കാനില്ലാത്ത താരമായി മാറി.മോഹൻലാൽ, മമ്മൂട്ടി, ജയറാം, സുരേഷ് ഗോപി എന്നിങ്ങനെ സൂപര്‍ താരങ്ങളുടെ നായികയായി തിളങ്ങിയ ശോഭനയ്ക്ക് ഇന്നു അമ്പതാം പിറന്നാള്‍.
അംബിക, മേനക, കാര്‍ത്തിക, രേവതി, രോഹിണി, നദിയ മൊയ്തു, സുഹാസിനി തുടങ്ങിയവര്‍ തിളങ്ങിയ കാലത്താണ് തന്റെ അഭിനയ ശൈലിയിലൂടെ ശോഭന മലയാളി ഹൃദയത്തില്‍ സ്ഥാനം നേടിയത്. സങ്കീര്‍ണമായ മാനസിക വ്യാപാരങ്ങളിലൂടെ കടന്നു പോകുന്ന ഗംഗ, പദ്മരാജന്റെ ഇന്നലെയിലെ കഥാപാത്രവും എന്നും മലയാളി മനസിനോട് ചേർന്നു നിന്നു. ഏപ്രില്‍ 18ല്‍ അഭിനയിക്കുമ്പോള്‍ 14 വയസായിരുന്നു. ചോക്കലേറ്റ് കൊടുത്താണ് ഷൂട്ടിംഗ് സമയത്ത് ശോഭനയെ കൈകാര്യം ചെയ്തതെന്നു ബാലചന്ദ്രമേനോന് മുന്‍പ് ഒരു അഭിമുഖത്തില്‍ പങ്കുവച്ചു.
അമ്പത് വയസ്സായിട്ടും താരം വിവാഹം കഴിക്കാത്തതിന് പിന്നില്‍ മലയാളത്തിലെ പ്രമുഖ നടനുമായുള്ള പ്രണയനഷ്ടമാണെന്ന് പലപ്പോഴും ഗോസിപ്പ് കോളങ്ങളില്‍ നിറഞ്ഞിരുന്നു. നടനുമായുള്ള വിവാഹം തന്നെയായിരുന്നു ശോഭനയുടെയും ആഗ്രഹം എന്നാല്‍, നടന് വേറെ വിവാഹിതനായതോടെ ശോഭന കലയുടെ ജീവിതത്തില്‍ ഒറ്റപ്പെട്ടു ജീവിക്കാന്‍ തീരുമാനിക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. 2010ല്‍ ശോഭന ഒരു പെണ്‍കുഞ്ഞിനെ ദത്തെടുത്തു. അനന്ത നാരായണിയെന്നു പേരിട്ട കുഞ്ഞിനെ ക്യാമറ കണ്ണുകളില്‍ നിന്നെല്ലാം ശോഭന അകറ്റി നിര്‍ത്തിയിരിക്കുകയാണ്
നൃത്തത്തില്‍ സജീവമായിരുന്നു എങ്കിലും സിനിമയില്‍ താരം ഇടവേള എടുത്തിരുന്നു. അങ്ങനെ നീണ്ട ഇടവേളയ്ക്ക് ശേഷം തിരയിലൂടെ മലയാളത്തിലേക്ക് തിരിച്ചെത്തിയ ശോഭന ദുൽഖർ സൽമാനെ നായകനാക്കി അനൂപ് സത്യൻ സംവിധാനം ചെയ്ത വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിളും മികച്ച വേഷം കൈകാര്യം ചെയ്തു. കളിക്കളം, അടയാളം, മിന്നാരം പോലുള്ള ചിത്രങ്ങള്‍ ഉദാഹരണം. വളരെ ചെറുപ്പത്തിലേ അമ്മ വേഷവും ചെതിട്ടുണ്ട് ശോഭന. പപ്പയുടെ സ്വന്തം അപ്പൂസ്, മാമ്പഴക്കാലം തുടങ്ങിയ ചിത്രങ്ങളില്‍ അമ്മയായി അഭിനയിച്ച് പ്രേക്ഷകഹൃദയത്തിലിടം നേടി. പലപ്പോഴും റഹ്മാന്റെ ചേടത്തിയായി, മമ്മൂട്ടിയുടെ ഭാര്യയായി ശോഭന അഭിനയിച്ചിട്ടുണ്ട്. ചിലമ്പില്‍ റഹ്മാന് ശോഭന കാമുകീകാമുകന്മാരായി വന്നപ്പോള്‍ ചിത്രം വിജയമായി. ലെനിന് രാജേന്ദ്രന്റെ മീനമാസത്തിലെ സൂര്യന് എന്ന ചിത്രത്തില്‍ നാടന്‍ പെണ്ണായി അതീവസുന്ദരിയായി ശോഭന പ്രത്യക്ഷപ്പെട്ടു. ഏകദേശം 230 ൽ അധികം ചലച്ചിത്രങ്ങളുടെ ഭാഗമായ ശോഭന തമിഴ് , തെലുങ്ക്, ഹിന്ദി, കന്നഡ , ഇംഗ്ലീഷ് ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്. മികച്ച നടിക്കുള്ള ദേശീയ പുരസ്ക്കാരത്തിന് രണ്ടുതവണ അർഹയായ താരം കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരവും നേടിയിട്ടുണ്ട്. അടൂർ ഗോപാലകൃഷ്ണൻ, ജി.അരവിന്ദൻ, കെ.ബാലചന്ദർ, എ.എം. ഫാസിൽ, മണി രത്നം, ഭരതൻ, ഉപലപതി നാരായണ റാവു, പ്രിയദർശൻ എന്നീ പ്രമുഖരായ സംവിധായകരുരോടൊപ്പം പ്രവർത്തിച്ചിട്ടുണ്ട്.