ഒരുകാലത്ത് പ്രായഭേദമന്യേ എല്ലാവരുടെയും ഇഷ്ട വാഹനമായിരുന്ന അംബാസഡർ കാറുകൾ തിരിച്ചു വരുന്നു. ഇന്ത്യയിലും വിദേശത്തുമായി പഴയകാല വാഹനങ്ങളെ ആധുനിക രീതിയിൽ തിരികെ കൊണ്ട് വരാറുള്ള ഡിസി2 എന്ന് അറിയപ്പെടുന്ന ഡിസി ഡിസൈൻസാണ് അംബാസഡർ ഇലക്ട്രിക് രൂപകൽപ്പന ചെയ്യുന്നത്. നിർമ്മാണം ഉടൻ ആരംഭിക്കുമെന്നാണ് റിപ്പോർട്ട്.
പുത്തൻ അംബാസഡറിന്റെ ചില ചിത്രങ്ങൾ ഡിസി2 അടുത്തിടെ പുറത്തു വിട്ടിരുന്നു. വിന്റേജും ഒപ്പം മോഡേൺ രൂപകൽപ്പനയും കോർത്തിണക്കിയുള്ള ഡിസൈനാണ് ‘ഇ-അംബി’ക്ക് നൽകിയിരിക്കുന്നത്. ഹിന്ദുസ്ഥാൻ അംബാസഡറിൽ നിന്നും പ്രചോദനമുൾക്കൊണ്ടാണ് പുതിയ വാഹനത്തിന്റെ നിർമ്മാണത്തിന് കമ്പനി തയാറെടുക്കുന്നത്.
ആദ്യകാല അംബാസഡർ കാറുകളെ അനുസ്മരിപ്പിക്കുന്ന വിധമാണ് ഇലക്ട്രിക് പതിപ്പിന്റെ മുൻഭാഗം രൂപകൽപ്പന ചെയ്തിരിക്കുന്നത്. വശങ്ങളിലേക്ക് ഇറങ്ങിയുള്ള എൽഇഡി പ്രൊജക്റ്റർ ഹെഡ് ലാമ്പുകളാണെങ്കിലും ഫ്രണ്ട് ഫെൻഡേർസും ബോണറ്റും വിന്റേജ് ലുക്ക് നിലനിർത്തുന്നുണ്ട്. ഗ്രില്ലുകൾക്കും അലോയ് വീലുകൾക്കും ക്രോം ഫിനിഷ് നൽകിയത് എടുത്തു പറയേണ്ടതാണ്.
0-100 കിലോ മീറ്റർ വേഗം കൈവരിക്കാൻ വെറും 4 സെക്കൻഡുകൾ മാത്രം മതിയെന്നതും മറ്റൊരു പ്രത്യേകതയാണ്.