കൊവിഡ്-19 യുടെ പശ്ചാത്തലത്തില്‍ വലിയ മാറ്റങ്ങളാണ് എല്ലാ മേഖലയിലും ഉണ്ടായിരിക്കുന്നത്. വാഹന വിപണിയിലും മാറ്റങ്ങള്‍ക്ക് ചുവടുവെയ്ക്കുകയാണ്. മഹീന്ദ്രയും മാറ്റത്തിനൊരുങ്ങുകയാണ്. ഇതിന്റെ ആദ്യപടിയെന്നോണമാണ്, ഇപ്പോള്‍ കമ്പനിയുടെ സര്‍വ്വീസ് സംവിധാനം പൂര്‍ണ്ണമായും ഡിജിറ്റല്‍വല്‍ക്കരിച്ചിരിക്കുന്നത്. അതായത് സര്‍വ്വീസ് സെന്ററില്‍ വാഹനം സര്‍വ്വീസ് ചെയ്യുന്നതിന്റെ ദൃശ്യങ്ങള്‍ വീട്ടിലോ ഓഫിസിലോ ഇരുന്ന ഉപഭോക്താക്കള്‍ക്ക് കാണാന്‍ സാധിക്കും.
മൊബൈല്‍ ആപ്ലിക്കേഷന്‍ മുഖേനയാണ് വാഹന ഉടമകള്‍ക്ക് ഇത് സാധ്യമാവുക. ത്രിമാന ചിത്രങ്ങള്‍ ഉപയോഗിച്ചാവും സര്‍വീസ് അഡൈ്വസര്‍മാര്‍ വാഹനത്തിന്റെ പ്രശ്നങ്ങള്‍ ഉടമകള്‍ക്കു വിശദീകരിച്ചു നല്‍കുക. അറ്റകുറ്റപ്പണികളും വാഹനത്തില്‍ വരുത്തുന്ന മാറ്റങ്ങളും തത്സമയം കാണുന്നതിനും അഭിപ്രായം രേഖപ്പെടുത്തുന്നതിനും പുറമെ പണമിടപാടുകള്‍ ഓണ്‍ലൈനിലൂടെ നടത്താനും ഈ ആപ്പില്‍ തന്നെ അവസരമൊരുക്കുകയും ചെയ്തിട്ടുണ്ട്.
വാഹന സര്വ്വീസിങ്ങിനുള്ള ബുക്കിങ്ങിന് സമയം തിരഞ്ഞെടുക്കാനുമൊക്കെ ഈ ആപ്പില്‍ തന്നെ അവസരമുണ്ട്. കൂടാതെ സര്‍വ്വീസ് ചെയ്യേണ്ട വാഹനം വീട്ടില്‍ വന്ന് എടുക്കുന്നതിനും തിരികെ ഏല്‍പ്പിക്കുന്നതിനുള്ള കാര്യങ്ങളും ഈ ആപ്പിലൂടെ ചെയ്യാന്‍ സാധിക്കും.