രാജ്യത്തെ വിനോദ സഞ്ചാര രംഗത്ത് ഏറ്റവും മികച്ച സംസ്ഥാനം കേരളമാണെന്ന് പഠന റിപ്പോര്‍ട്ട്. പരിസ്ഥിതി, ശുചിത്വം തുടങ്ങിയ മേഖലകളിലടക്കം കേരളത്തിന്റെ പ്രകടനം മികച്ചതാണെന്ന് 12 വികസന സൂചികകള്‍ അടിസ്ഥാനമാക്കി ‘ ഇന്ത്യാ ടുഡെ’ ക്കുവേണ്ടി തയ്യാറാക്കിയ സ്റ്റേറ്റ് ഓഫ് ദി സ്റ്റേറ്റ്സിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.
മുന്‍ വര്‍ഷം ഇതേ പഠനത്തില്‍ കേരളത്തിന് മൂന്നാം സ്ഥാനമായിരുന്നു. നിപ്പയും പ്രളയവും സംസ്ഥാനത്തെ ദുരിതത്തിലാക്കിയ 2018 ല്‍ വിദേശത്ത് നിന്ന് 10.9 ലക്ഷം വിനോദ സഞ്ചാരികള്‍ കേരളത്തില്‍ എത്തി. ആഭ്യന്തര വിനോദ സഞ്ചാരികളടക്കം 1.67 കോടി പേരാണ് കേരളത്തിലെ വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ സന്ദര്‍ശിച്ചത്.
വിനോദ സഞ്ചാരികളളുടെ വരവില്‍ 2017 നെ അപേക്ഷിച്ച് ഒന്‍പത് ലക്ഷം പേരുടെ വര്‍ധനവാണ് ഉണ്ടായത്. 1.58 കോടി പേരാണ് 2017 ല്‍ കേരളത്തിലെത്തിയത്. വിനോദ സഞ്ചാര മേഖലയില്‍ നിന്നുള്ള വരുമാനത്തിലും കഴിഞ്ഞ സാമ്പത്തിക വര്‍ഷം കാര്യമായ വര്‍ധനവുണ്ടായിരുന്നു. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 2874 കോടി രൂപ വര്‍ധിച്ചു. ആകെ 36528 കോടിയായിരുന്നു വിനോദ സഞ്ചാരത്തില്‍ നിന്നും 2018-19 ല്‍ കേരളത്തിന് ലഭിച്ചത്.