തമിഴ്നാട് മുൻ മുഖ്യമന്ത്രി ജയലളിതയുടെ ജീവിതം പറയുന്ന തലൈവിയുടെ റിലീസ് പ്രഖ്യാപിച്ചു. ജയലളിതയുടെ പിറന്നാൾ ദിനമായ ഏപ്രിൽ 23 നാണ് ചിത്രം തിയറ്ററുകളിലൂടെ ആരാധകരിലേക്ക് എത്തുന്നത്. എ.എല്‍ വിജയ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ കങ്കണ റണാവത്താണ് ജയലളിതയായി എത്തുന്നത്.
കങ്കണ തന്നെയാണ് റിലീസ് തിയതി പുറത്തുവിട്ടത്. ജയ അമ്മയ്ക്കായി, അവരുടെ ജന്മവാർഷികത്തിൽ ഇതിഹാസത്തിന്റെ കഥ എത്തുകയാണ്. തലൈവി 2021 ഏപ്രിൽ 23 മുതൽ തിയറ്ററിൽ- എന്നാണ് കങ്കണ കുറിച്ചത്. അരവിന്ദ് സ്വാമിയാണ് ചിത്രത്തിൽ എംജിആറായി വേഷമിടുന്നത്. മലയാളി താരം ഷംന കാസിമാണ് ജയലളിതയുടെ ഉറ്റതോഴി ശശികലയുടെ വേഷത്തിലെത്തുന്നത്.
ബാഹുബലിക്കും മണികര്‍ണികയ്ക്കും വേണ്ടി തിരക്കഥയെഴുതിയ കെ ആര് വിജയേന്ദ്ര പ്രസാദ് ആണ് തലൈവിക്കും തിരക്കഥ ഒരുക്കുന്നത്. വൈബ്രി, കർമ്മ മീഡിയ എന്നിവയുടെ ബാനറിൽ വിഷ്ണു വർധൻ ഇന്ദൂരി, ശൈലേഷ് ആർ സിങ് എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്. നീരവ് ഷാ ഛായാഗ്രഹണവും ജിവി പ്രകാശ് സംഗീതവും നിർവ്വഹിക്കും. മദൻ കർകിയാണ് ഗാനങ്ങൾ ഒരുക്കുന്നത്.
Content Highlight: Kangana Ranaut will play Jayalalithaa in the film directed by AL Vijay.