അഹമ്മദാബാദില്‍ നടന്ന ഇംഗ്ലണ്ടിനെതിരായ നാലാം ടെസ്റ്റില്‍ ഇന്ത്യയ്ക്ക് ഇന്നിംഗ്സ് വിജയം. ഇന്നിംഗ്സിനും 25 റണ്‍സിനുമാണ് ഇന്ത്യ വിജയിച്ചത്. ഇതോടെ ഇന്ത്യ നാലു ടെസ്റ്റുകളുടെ പരമ്പര 3-1 ന് സ്വന്തമാക്കി. ഇന്ത്യ ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിലും കടന്നു.
160 റണ്‍സിന്റെ ലീഡ് വഴങ്ങി രണ്ടാം ഇന്നിംഗ്സ് ബാറ്റിംഗ് ആരംഭിച്ച ഇംഗ്ലണ്ട് 135 റണ്‍സിന് എല്ലാവരും പുറത്തായി. 50 റണ്‍സെടുത്ത ഡാന്‍ ലോറന്‍സാണ് ഇംഗ്ലണ്ടിന്റെ ടോപ് സ്കോറര്‍. ക്യാപ്റ്റന്‍ ജോ റൂട്ട് 30 ഉം, പോപ്പ് 15 ഉം ഫോക്സ് 13 ഉം റണ്‍സെടുത്തു. ശേഷിച്ച ഒരു ബാറ്റ്സ്മാനും രണ്ടക്കം കാണാനായില്ല.
ഇന്ത്യക്കു വേണ്ടി അക്ഷര്‍ പട്ടേലും അശ്വിനും അഞ്ചു വിക്കറ്റ് വീതം വീഴ്ത്തി. ഇംഗ്ലണ്ട് ഒന്നാം ഇന്നിംഗ്സില്‍ 205 റണ്‍സാണ് എടുത്തിരുന്നത്. ഇന്ത്യ ഒന്നാമിന്നിംഗ്സില്‍ ഋഷഭ് പന്തിന്റെ സെഞ്ച്വറിയുടെ കരുത്തില്‍ 365 റണ്‍സെടുത്തു. വാഷിംഗ്ടണ്‍ സുന്ദറും അക്ഷര്‍ പട്ടേലും നടത്തിയ ചെറുത്തുനില്‍പ്പാണ് ഇന്ത്യയ്ക്ക് മിക്ച്ച സ്കോര്‍ സമ്മാനിച്ചത്. അക്ഷര്‍ 43 റണ്‍സെടുത്തു. വാഷിംഗ്ടണ്‍ സുന്ദര്‍ 96 റണ്‍സെടുത്ത് പുറത്താകാതെ നിന്നു.
വിജയത്തോടെ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ ഇന്ത്യ കടന്നു. ഫൈനലില്‍ ഇന്ത്യ ന്യൂസിലാന്‍ഡിനെ നേരിടും. ഓസ്ട്രേലിയയും ഇംഗ്ലണ്ടും ഫൈനല്‍ കാണാതെ പുറത്തായി.
Content Highlight: India win innings and series in Ahmedabad Test; Indian team in the final of the World Test Championship