അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന്റെ കൊച്ചി എഡിഷന് ഇന്ന് ആരംഭിക്കും. 80 ചിത്രങ്ങളാണ് ആറ് തിയറ്ററുകളിലായി പ്രദർശിപ്പിക്കുക. സാംസ്കാരിക മന്ത്രി എ കെ ബാലൻ വൈകിട്ട് ആറ് മണിക്ക് മേള ഔദ്യോഗികമായി ഉദ്ഘാടനം ചെയ്യും.
രാവിലെ ഒൻപത് മണി മുതൽ പ്രദർശനം ആരംഭിക്കും. വൈകിട്ട് നടക്കുന്ന ഉദ്ഘാടന ചടങ്ങിൽ മേളയുടെ 25 വർഷങ്ങളുടെ പ്രതീകമായി കെ.ജി. ജോർജിന്റെ നേതൃത്വത്തിൽ മലയാള സിനിമയിലെ 24 യുവപ്രതിഭകൾ തിരിതെളിക്കും. 21 വർഷങ്ങൾക്കു ശേഷമാണ് അന്താരാഷ്ട്ര ചലച്ചിത്രമേള കൊച്ചിയിൽ എത്തുന്നത്. ഡെലിഗേറ്റ് പാസുകളുടെ വിതരണം ഏതാണ്ട് പൂർത്തിയായി.
തിരുവനന്തപുരത്തെ മേളയിലെ 80 ചിത്രങ്ങൾ തന്നെയാകും കൊച്ചിയിലും പ്രദർശിപ്പിക്കുക. മത്സര വിഭാഗത്തിൽ ആകെ 14 ചിത്രങ്ങളാണുള്ളത്. നാല് ഇന്ത്യൻ സിനിമകളിൽ രണ്ടെണ്ണം മലയാളത്തിൽ നിന്നാണ്. കൊവിഡ് മാനദണ്ഡങ്ങൾ കർശനമായി പാലിച്ചു കൊണ്ടാകും മേളയുടെ നടത്തിപ്പ്. തിയറ്ററിനുള്ളിലും മാസ്ക് നിർബന്ധമാണ്. ബിനാലെയും കാർണിവലും നഷ്ടമായ കൊച്ചി ഇനി അഞ്ച് നാൾ വെള്ളിത്തിരയിലൂടെ ലോകം കാണും.
Content Highlight: IFFK Kochi version will be launched today