രണ്ടു മാസമായി കൊട്ടിയടക്കപ്പെട്ട സ്റ്റേഡിയങ്ങളുടെ വാതിലുകൾ പതുക്കെ തുറക്കുകയാണ്. മുടങ്ങിക്കിടക്കുന്ന മത്സരങ്ങൾ എങ്ങനെ പുനരാരംഭിക്കാം എന്ന ചിന്തയിലാണ് കായികലോകം. മാറുന്ന ലോകത്ത് കായിക പരിശീലകരിലുണ്ടാവേണ്ട മാറ്റങ്ങളെ കുറിച്ച് ചർച്ച ചെയ്യാൻ യു.എ.ഇയിലെ ഫുട്ബാൾ പരിശീലകർ കഴിഞ്ഞ ദിവസം ഒാൺലൈനിലൂടെ ഒത്തുചേർന്നു. ദുബൈ ജെംസ് കെ.ജി.എസ് സ്കൂൾ സംഘടിപ്പിച്ച വെബിനാറിൽ ഫുട്ബാളിെൻറ ഭാവിയും പരിശീലന രംഗത്തെ നൂതന ആശയങ്ങളും പങ്കുവെച്ചു.
പ്രമുഖ ക്ലബ്ബായ താനെ സിറ്റി എഫ്.സിയുടെ സ്ഥാപകനും ഇന്ത്യൻ ഫുട്ബാൾ ഫെഡറേഷൻ (എ.െഎ.എഫ്.എഫ്) ഇൻസ്ട്രക്ടറുമായ പ്രശാന്ത് െജ. സിങ്, കേരള സന്തോഷ് ട്രോഫി ടീം പരിശീലകനും ഗോകുലം എഫ്.സിയുടെ ടെക്നിക്കൽ ഡയറക്ടറുമായ ബിനോ ജോർജ് എന്നിവരായിരുന്നു മുഖ്യാതിഥികൾ. അകലങ്ങളിലിരുന്ന് പരിശീലനം നടത്തേണ്ടിവന്നാൽ സ്വീകരിക്കാവുന്ന ആശയങ്ങളെ പറ്റിയും പരിശീലനം എങ്ങനെ പുനരാരംഭിക്കാം എന്നതിനെ പറ്റിയും ഇവർ വിവരിച്ചു. പരിശീലന രീതിയിലെ മാറ്റങ്ങൾ കായിക താരങ്ങളുടെ ഫിറ്റ്നസിനെ ബാധിക്കാത്ത രീതിയിലാവണമെന്നും ഇവർ ഒാർമിപ്പിച്ചു.
അണ്ടർ 16 കേരള ടീം മുൻ പരിശീലകനും കെ.ജി.എസിലെ കായികാധ്യാപകനുമായ അരുൺ പ്രതാപ് കോ ഒാഡിേനറ്ററായിരുന്നു. ആദ്യമായാണ് സ്കൂളുകളിൽ കായിക മേഖലയുമായി ബന്ധപ്പെട്ട് വെബിനാർ നടക്കുന്നതെന്നും പ്രിൻസിപ്പൽ ഉൾപ്പെടെയുള്ളവരുടെ കായിക താൽപര്യമാണ് ഇതിലേക്ക് നയിച്ചതെന്നും അദ്ദേഹം പറഞ്ഞു. യു.എ.ഇയിലെ വിവിധ എമിറേറ്റുകളിൽ നിന്നുള്ള 42 പരിശീലകരും കായികാധ്യാപകരും വെബിനാറിൽ പെങ്കടുത്തു.