കടല്‍ കാണാന്‍ ഇഷ്ടപ്പെടാത്തവര്‍ ആരാണുള്ളത്. കടല്‍ക്കാറ്റേറ്റ് നടക്കാനും അലതല്ലിവരുന്ന തിരമാലകളില്‍ കളിച്ചു രസിക്കാനും സൂര്യാസ്തമയം കാണാനും ഇഷ്ടപ്പെടാത്തവര്‍ കുറവാണ്. കാടും മേടും കായലും പോലെ വിനോദ സഞ്ചാരികളെ ഏറെ ആകര്‍ഷിക്കുന്ന ഒന്നാണ് ബീച്ചുകള്‍. അത്തരത്തില്‍ സഞ്ചാരികളെ വരവേല്‍ക്കാന്‍ നില്ക്കുന്ന കുറച്ച് ബീച്ചുകള്‍ നമ്മുടെ തലസ്ഥാനനഗരിയില്‍ ഉണ്ട്. അവ ഏതൊക്കെയാണെന്ന് അറിയാം.
കോവളം ബീച്ച്
കേരളത്തിലെ തിരുവനന്തപുരം ജില്ലയിലെ ബീച്ച് എന്നു പറഞ്ഞാല്‍ ആദ്യം ആളുകളുടെ മനസ്സിലേക്ക് വരുന്നത് കോവളം ബീച്ചാണ്. കിഴക്കിന്റെ പറുദീസ എന്നറിയപ്പെടുന്ന ഈ ബീച്ച് ഏറ്റവും കൂടുതല്‍ സഞ്ചാരികള്‍ എത്തിപ്പെടുന്ന ഒരു ബീച്ചാണ്. പ്രകൃതിയോട് ഏറ്റവും അടുത്തു നില്ക്കുന്ന വളരെ സുന്ദരമായ ഇവിടം സന്ദര്‍ശിക്കാനായി നിരവധി സഞ്ചാരികളാണ് ദിവസവും ഇവിടെ എത്തുന്നത്.
ശംഖുമുഖം ബീച്ച്
തിരുവനന്തപുരം വിമാനത്താവളത്തിനോട് ഏറ്റവും അടുത്തു കിടക്കുന്നതിനാല്‍ വിദേശികള്‍ കൂടുതലായും എത്തിച്ചേരുന്ന ഒന്നാണ് ശംഖുമുഖം ബീച്ച്. കാനായി കുഞ്ഞിരാമന്റെ മത്സ്യ കന്യക എന്ന ശില്പം ഇവിടെയാണ് സ്ഥിതി ചെയ്യുന്നത്. കൂടാതെ നക്ഷത്രരൂപത്തിലുള്ള ഭക്ഷണശാല, കുട്ടികള്‍ക്കുള്ള ട്രാഫിക് പാര്‍ക്ക്, ജലത്തില്‍ സ്കേറ്റിംഗ് പഠിപ്പിക്കുന്ന ഇടം തുടങ്ങി നിരവധി കാഴ്ചകള്‍ ഇവിടം സമ്മാനിക്കുന്നു. ഇവിടുത്തെ മറ്റു കടല്‍ത്തീരങ്ങളെ അപേക്ഷിച്ച് വളരെ വൃത്തിയുളള ബീച്ചാണിത്.
ഹവ്വാ ബീച്ച്
രാജ്യത്തെ തന്നെ ആദ്യത്തെ ടോപ് ലെസ് ബീച്ചാണിത്. വിദേശികളാണ് ഇവിടെ കൂടുതലായി എത്തിച്ചേരാറുള്ളത്. കോവളം ബീച്ചിനോട് ചേര്‍ന്നു കിടക്കുന്ന ഹവ്വാ ബീച്ച് കോവളത്തുള്ള ബീച്ചുകളില്‍ രണ്ടാം സ്ഥാനത്തു നില്ക്കുന്ന ബീച്ചാണ്. യൂറോപ്യന്‍ വനിതകള്‍ ടോപ് ലെസായി ഇവിടെ കുളിച്ചിരുന്നു വെന്നും അങ്ങനെയാണ് ഇത് ഹവ്വാ ബീച്ച് ആയി മാറിയതെന്നുമാണ് പറയപ്പെടുന്നത്. തിരകളുടെ ശക്തി കൂടുതലാണ് ഇവിടെ അതിനാല്‍ കടലിലിറങ്ങുമ്പോഴും മറ്റും ശ്രദ്ധിക്കേണ്ടത് ആവശ്യമാണ്.
വിഴിഞ്ഞം ബീച്ച്
കോവളത്തിനു അടുത്തു സ്ഥിതി ചെയ്യുന്ന ഈ ബീച്ച് ഒരു അന്താരാഷ്ട്ര വിനോദ സഞ്ചാര കേന്ദ്രം കൂടിയാണ്. കോവളത്തു നിന്നും മൂന്നു കിലോമീറ്റര്‍ മാത്രമാണ് ഇവിടേക്കുളള ദൂരം. വിഴിഞ്ഞം ഹാര്‍ബര്‍, ആഴിമല ശിവക്ഷേത്രം, ഗുഹാ ക്ഷേത്രം തുടങ്ങിയവയാണ് ഇവിടുത്തെ പ്രത്യേകതകള്‍.
പൂവാര്‍ ബീച്ച്
വിഴിഞ്ഞത്തിനടുത്തു സ്ഥിതി ചെയ്യുന്ന പൂവാര്പ്രകൃതി ഭംഗിയുടെ കാര്യത്തില്‍ തിരുവനന്തപുരത്തെ മറ്റെല്ലാ ബീച്ചിനെക്കാളും മുന്നിലാണ്. ഒരുകാലത്ത് വലിയ വ്യാപാര കേന്ദ്രമായിരുന്നു പൂവാര്‍ എന്നാണ് പറയപ്പെടുന്നത്. തിരുവനന്തപുരത്തിന്റെ തിരക്കുകളില്‍ നിന്നെല്ലാം മാറി കിടക്കുന്ന ഒരു ദ്വീപാണ് പൂവാര്‍.
ചൊവ്വര ബീച്ച്
തിരുവനന്തപുരത്തെ വൃത്തിയുള്ള ബീച്ചുകളില്‍ മറ്റൊന്നാണ് ചൊവ്വര ബീച്ച്. കോവളത്തു നിന്നും 10 കിലോമീറ്റര്‍ അകലെയാണ് ചൊവ്വര ബീച്ച്. തെങ്ങുകള്‍ക്കിടയില്‍ സ്ഥിതി ചെയ്യുന്ന ഈ ബീച്ച് കാഴ്ചയില്‍ വളരെ ആകര്‍ഷകമാണ്.മീന്‍ പിടിക്കാനായി ആളുകള്‍ കടലിലേക്കിറങ്ങുന്ന കാഴ്ചയാണ് ഇവിടുത്തെ ഏറ്റവും പ്രധാന ആകര്‍ഷണം.
ആഴിമല ബീച്ച്
ആഴിമല ക്ഷേത്രത്തിനോട് ചേര്‍ന്നു സ്ഥിതി ചെയ്യുന്ന ബീച്ചാണ് ആഴിമല ബീച്ച്. ശിവന് സമര്‍പ്പിച്ചിരിക്കുന്ന ആഴിമല ക്ഷേത്രമാണ് ഇവിടുത്തെ പ്രധാന ആകര്‍ഷണം. കൂടാതെ ആയുര്‍വ്വേദ റിസോര്‍ട്ടുകളും, ഹോം സ്റ്റേകളും ഇവിടെ ലഭ്യമാണ്.
വര്‍ക്കല ബീച്ച്
വെള്ളമണലില്‍ ശാന്തമായി കിടക്കുന്ന ഇവിടം ആത്മീയത ഏറെ അനുഭവപ്പെടുന്നിടമാണ്. ശിവഗിരി മഠവും പാപനാശം ബീച്ചും ജനാര്‍ദ്ദന സ്വാമി ക്ഷേത്രവുമാണ് ഇവിടുത്തെ മറ്റ് കാഴ്ചകള്‍. ആയുര്‍വ്വേദ മസജ് സെന്ററുകളും മികച്ച ഹോട്ടലുകളും ഇവിടെ ലഭ്യമാണ്. സൂര്യാസ്തമയ കാഴ്ചകള്‍ക്കും പേരുകേട്ടതാണ് വര്‍ക്കല ബീച്ച്.
Content Highlight: Beaches in Trivandrum that attract tourists