ഇലക്ട്രിക് ഓട്ടോയിൽ സോളാർ പാനൽ ഘടിപ്പിച്ച് ആധുനിക കിച്ചൺ സംവിധാനങ്ങളോടെ പ്രവർത്തിക്കുന്ന തട്ടുകടകൾ കണ്ടിട്ടുണ്ടോ? കളമശേരി നഗരസഭയിലേക്ക് വരൂ, കേരളത്തിലെ ആദ്യത്തെ ‘ഫുഡ് ഓൺ വീൽസ്’ കാണാം. തട്ടുകടകളിലും ശുചിത്വം ഉറപ്പാക്കുകയെന്ന ലക്ഷ്യത്തോടെ കുടുംബശ്രീയുടെ നേതൃത്വത്തിൽ ദേശീയ നഗര ഉപജീവന ദൗത്യത്തിന്റെ ഭാഗമായാണ് ഫുഡ് ഓണ്‍ വീല്‍സ് നിരത്തിലിറങ്ങിയിരിക്കുന്നത്. ഇടപ്പള്ളി ടോൾ മുതൽ പത്തടിപ്പാലംവരെ വിവിധ ജങ്ഷനുകളിൽ ഒമ്പത് യൂണിറ്റുകളാണുള്ളത്.
‘അമ്മരുചി’ പേരിൽ നിരത്തുകളിൽ ഫുഡ് ഓൺവീൽസ് തുടങ്ങി ദിവസങ്ങൾ മാത്രമേ ആയുള്ളൂവെങ്കിലും വൻ സ്വീകാര്യതയാണ്. എഫ്എസ്എസ്എഐ ലൈസൻസോടെയാണ് സംരംഭം.
പദ്ധതിക്ക് മുന്നോടിയായി 15 കുടുംബശ്രീ പ്രവര്‍ത്തകര്‍ക്ക് ഡ്രൈവിങ്, പാചകം, കസ്റ്റമർ മാനേജ്മെന്റ്, ഫുഡ് സർവീസ് എന്നിവയിൽ പ്രത്യേക പരിശീലനം നൽകി. ഓരോ യൂണിറ്റും 9.5 ലക്ഷം രൂപ വായ്പയെടുത്താണ് കട തുടങ്ങിയത്. ഇതിനായി പ്രത്യേകം തയ്യാറാക്കിയ ഇലക്ട്രിക് ഓട്ടോ വാങ്ങി. ഇതിൽ സോളാർ പാനലും അത്യാധുനിക സംവിധാനങ്ങളോടുകൂടിയ സ്റ്റെയിൻലെസ് സ്റ്റീൽ കിച്ചണും ഘടിപ്പിച്ചു. ഈ കിച്ചണിലാണ് രുചികരമായ ആഹാരം പാകം ചെയ്യുന്നതും സൂക്ഷിക്കുന്നതും. ഒരു യൂണിറ്റ് മദർ കിച്ചണായി പ്രവർത്തിക്കും. ഇതിൽനിന്നാണ് ഭക്ഷണമുണ്ടാക്കാനുള്ള മാവ് ഉൾപ്പെടെയുള്ളവ മറ്റ് യൂണിറ്റുകളിലേക്കെത്തിക്കുന്നത്. ബിരിയാണി, ഫ്രൈഡ് റൈസ്, പൊതിച്ചോറ് എന്നിവ പാചകം ചെയ്യുന്നതും മദർ കിച്ചണിലാണ്. ഇത് മറ്റ് യൂണിറ്റുകളിലെത്തിച്ച് വിൽപ്പന നടത്തും. യൂണിറ്റിൽ ഒരു കുടുംബശ്രീ പ്രവർത്തകയും കുടുംബവും ചേർന്നാണ് കച്ചവടം. ബാക്കിയുള്ളവര്‍ മദര്‍ കിച്ചണിലാണ്. ശുചിത്വത്തോടെ ജനങ്ങൾക്ക് സ്വാദിഷ്ടമായ ഭക്ഷണം തയ്യാറാക്കുന്നതിലും അതിലൂടെ വരുമാനം കണ്ടെത്തുന്നതിലും സന്തോഷമുണ്ടെന്ന് കുടുംബശ്രീ പ്രവർത്തകർ പറഞ്ഞു.
വഴിയോരത്ത് ഭക്ഷണം വിൽക്കുന്നതിനുപുറമേ ചടങ്ങുകൾക്ക് ഭക്ഷണം തയ്യാറാക്കി കൊടുക്കാനും ഇവർ ഒരുക്കമാണ്.