പ്രകൃതിയുടെ പച്ചപ്പും ഭംഗിയും കൊണ്ട് സമ്പന്നമായ നിരവധി സ്ഥലങ്ങള്‍ നമുക്ക് ചുറ്റിലുമുണ്ട്. എന്നാല്‍ അവയെല്ലാം തന്നെ ആളുകളുടെ ശ്രദ്ധയില്‍പ്പെടണം എന്നില്ല. ഒഴിവ് ദിവസങ്ങളില്‍ യാത്രയ്ക്കായി ദൂരെയുളള സ്ഥലങ്ങളാണ് പലപ്പോളും നാം തിരഞ്ഞെടുക്കുന്നത്. അതിന്റെ പ്രധാന കാരണം നമുക്കു ചുറ്റുമുളള അല്ലെങ്കില്‍ നമ്മുടെ അടുത്തു നില്ക്കുന്ന പല ഭംഗിയുള്ള പ്രദേശങ്ങളും ഇതുവരെ നമ്മുടെ ശ്രദ്ധയില്‍ പെട്ടിട്ടില്ല എന്നതാണ്. ഒഴിവ് ദിവസങ്ങള്‍ മുഴുവന്‍ ദൂരെയുള്ള വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്ക് പോകുന്നതില്‍ നിന്നും എത്രയോ സമയവും പണവും ലഭിച്ചു കൊണ്ട് നമ്മുടെ തൊട്ടടുത്തുള്ള പ്രകൃതി സുന്ദരമായ പ്രദേശത്തേക്ക് പോകാം. അങ്ങിനെയുളള ഒരു പ്രദേശമാണ് ഓന്തുംപാറ.
കാഴ്ചയില്‍ വലിയ വിനോദസഞ്ചാര മേഖല ഒന്നുമല്ലെങ്കിലും ഒരുവട്ടം പോയാല്‍ ആരെയും ആകര്‍ഷിക്കുന്ന തരത്തിലുള്ള ഒരു സ്ഥലമാണ് ഇവിടം. തൊടുപുഴയ്ക്കടുത്ത് ചെപ്പുകുളം എന്ന സ്ഥലത്താണ് ഓന്തുംപാറ. ചെപ്പുകുളം വരെ മാത്രമേ വാഹനത്തില്‍ പോകാന്‍ സാധിക്കുകയുള്ളൂ. പിന്നീട് കാടിനു ചുറ്റുമുള്ള ചെറിയ ഇടവഴികളിലൂടെ നീങ്ങിയാല്‍ ഓന്തുംപാറയില്‍ എത്താം. കിലോമിറ്ററോളം നീളത്തില്‍ കിടക്കുന്ന ഈ പാറയ്ക്കു മുകളിലൂടെ നടന്നു പോകാന്‍ സാധിക്കുകയുള്ളൂ. കാഴ്ചയില്‍ ഒരു ഓന്തിന്റെ രൂപത്തിലാണ് ഈ പാറ, അതുകൊണ്ടാണ് ഇതിന് ഓന്തുംപാറ എന്ന പേരുവന്നത്.
ഈ പാറയുടെ ഒരു ഭാഗത്ത് ആഴത്തിലുളള കാടും മറുഭാഗത്ത് ചെറിയ അരുവിയുമാണ്. ഇതിനു മുകളിലൂടെ നടക്കുമ്പോള്‍ നന്നായി ശ്രദ്ധിക്കണം. പാറയുടെ അവസാനത്തില്‍ വളരെ മനോഹരമായ ഒരു ചെറിയ വെള്ളച്ചാട്ടം ഉണ്ട്. അധികം ആരും ഇല്ലാത്ത പ്രദേശമായതിനാല്‍ തന്നെ പക്ഷികളുടെയും മറ്റും ചെറിയ ശബ്ദങ്ങളും നമ്മെ ഏറെ വിസ്മയിപ്പിക്കും. അതുകൂടാതെ തന്നെ ചെറിയ ആഴത്തിലുള്ള ഈ വെള്ളച്ചാട്ടത്തില്‍ കുട്ടികള്‍ക്കും ഇറങ്ങാനും കുളിക്കാനും സാധിക്കും. ഇത്തരത്തിലുളള സ്ഥലങ്ങള്‍ കണ്ടെത്തുകയും ആസ്വദിക്കുകയും വേണം.
Content Highlight: About Onthumpara is located at Cheppukulam near Thodupuzha